കോട്ടയം: മുളകിട്ട കറിയും തേങ്ങയരച്ചതും വറുത്തതും പീരയും മപ്പാസുമൊക്കെയായി തീന്‍മേശയില്‍ നിരത്തുന്ന വിഭവങ്ങള്‍ സ്വാദോടെ കഴിക്കുമ്പോള്‍ ഈ മീന്‍ വരുന്നതെവിടെനിന്നാണെന്ന് ഓര്‍ക്കാറില്ല. അറിവ് പങ്കുവെക്കുന്നവരെ പുച്ഛിച്ച് പാത്രത്തില്‍ ബാക്കിയുള്ളതും ആസ്വദിക്കും. 

ചെക്ക്‌പോസ്റ്റുകളില്‍ മീന്‍ പിടികൂടുന്നുവെന്നും മാരകരോഗങ്ങള്‍ക്ക് കാരണമാകാവുന്ന ഫോര്‍മലിന്‍ ഉള്‍െപ്പടെയുള്ള രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ടെന്നുമുള്ള വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. പച്ചമീനിന് പകരം ഉണക്കമീനിലേക്കും ഇറച്ചിവിഭവങ്ങളിലേക്കും മാറിയവരുമുണ്ട്. എന്നാല്‍ ഒരു കഷണമെങ്കിലുമില്ലാതെ ചോറ് കഴിക്കാനാകില്ലെന്ന് പറയുന്നവരുടെ പാത്രങ്ങളിലേക്ക് മീന്‍ മടങ്ങിയെത്തി. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവയിലാണ് രാസപദാര്‍ഥം ചേര്‍ക്കുന്നതെന്ന ആശ്വാസത്തില്‍.

കച്ചവടം ഇടിഞ്ഞു, വിലയിടിഞ്ഞു

കോടിമത മത്സ്യമാര്‍ക്കറ്റില്‍ ഉച്ചയ്ക്ക് ഒരുമണിക്കും മീന്‍വില്‍പ്പന നടക്കുന്നു. എടുത്ത മീന്‍ വിറ്റുതീര്‍ക്കാതെ മടങ്ങാനാകാത്തതിനാല്‍ ആവശ്യക്കാരെത്തുന്നതും നോക്കിയിരിക്കുകയാണ് രാജു. പതിറ്റാണ്ടുകളായി കച്ചവടം തുടങ്ങിയിട്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സുനാമി ഉണ്ടായപ്പോഴാണ് കച്ചവടത്തില്‍ മടുപ്പുണ്ടായതെന്ന് രാജു പറഞ്ഞു. മീന്‍ കിട്ടാതായി. ഉള്ളത് വാങ്ങാന്‍ ആളില്ലാതെയും. 
രാസപദാര്‍ഥം ചേര്‍ത്ത മീനെത്തുന്നുവെന്ന വാര്‍ത്ത വന്നതോടെ കോട്ടയം ചന്തയില്‍ മീന്‍ വ്യാപാരം കുറഞ്ഞു. ആന്ധ്രയില്‍നിന്നുള്ള ലോഡുകള്‍ ജില്ലയില്‍ പോലും എത്തുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ഹൈവേക്ക് അരികിലെ കടകളിലേക്കാണ് ഈ മീന്‍ കൊടുക്കുന്നത്. 

ട്രോളിങ് നിരോധനമുള്ളപ്പോള്‍ കച്ചവടം വര്‍ധിക്കാറാണ് പതിവ്. ഇത്തവണ പകുതിയില്‍ താഴെയായി. വില പകുതിയായി ഇടിഞ്ഞു. ട്രോളിങ് നിരോധനം കഴിഞ്ഞതിനാല്‍ തമിഴ്‌നാട്ടില്‍നിന്നാണ് കൂടുതല്‍ ലോഡ് കോട്ടയത്തേക്ക് വരുന്നത്. ചില കമ്പനികള്‍ നടത്തുന്ന തട്ടിപ്പ് കച്ചവടത്തെയാകെ ബാധിക്കുന്നു. സാധാരണ തിരുവനന്തപുരം, ആലപ്പുഴ, നീണ്ടകര, ബേപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് മീന്‍ വരുന്നതെന്നും കോടിമത മാര്‍ക്കറ്റിലെ വ്യാപാരി ഷാജി പറഞ്ഞു. സമീപപ്രദേശങ്ങളില്‍ ചെറിയ മാര്‍ക്കറ്റുകള്‍ വന്നതോടെ കോട്ടയം മാര്‍ക്കറ്റില്‍ വില്‍പ്പന കുറഞ്ഞു.

ട്രെയിനില്‍ വരുന്നു
ഉച്ചയ്ക്ക് 2.45-ന് കോട്ടയത്തെത്തുന്ന ശബരി എക്‌സ്പ്രസില്‍ എത്തുന്ന മീന്‍പെട്ടികള്‍ എങ്ങോട്ട് പോകുന്നുവെന്ന് യാത്രക്കാര്‍ ചോദിക്കുന്നു. വായു കയറാത്തവിധം അടച്ചെത്തുന്ന പെട്ടികളിലാണ് ഇവയെത്തുന്നത്. ഒരു ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് ഹൈദരാബാദില്‍നിന്ന് മീന്‍ കൊണ്ടുവരുന്നത്. 

പരാതികള്‍ മാത്രം പരിശോധിക്കും

മീനില്‍ ഫോര്‍മലിന്റെ സാന്നിധ്യം പരിശോധിക്കാനുള്ള സ്ട്രിപ്പുകള്‍ ജില്ലയില്‍ എത്തിയിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കോട്ടയം ഓഫീസില്‍ നിന്ന് അറിയിച്ചു. ചെക്ക്‌പോസ്റ്റുകളില്‍ മാത്രമാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. ഉപഭോക്താക്കളില്‍നിന്ന് ലഭിക്കുന്ന പരാതികള്‍ക്കനുസരിച്ചുള്ള പരിശോധന മാത്രമേ ഇപ്പോഴുള്ളൂ. ശേഖരിക്കുന്ന സാമ്പിള്‍ തിരുവനന്തപുരത്തെ ലാബിലേക്ക് അയക്കും. 
വില, സ്ഥലം, ഇനം ബുധനാഴ്ചത്തെ വില ബ്രാക്കറ്റില്‍ കഴിഞ്ഞ ആഴ്ചത്തെ വില

കോട്ടയം
മത്തി 140 രൂപ (200)
അയല 140 രൂപ (250-280)
കിളി 200 രൂപ (300 രൂപ)
വറ്റ 200 രൂപ (350-400)
മോത 300-350 രൂപ (600)
കാളാഞ്ചി 250 രൂപ (350-400)
നെയ്മീന്‍ 550 രൂപ (1000)
ആവോലി 500 രൂപ (900)

ചങ്ങനാശേരി

മത്തി 210-230 രൂപ
മോത 240 രൂപ
കേര 280 രൂപ

കാഞ്ഞിരപ്പള്ളി
മത്തി 140 രൂപ
നത്തോലി 100 രൂപ
അയല 180 രൂപ
കിളിമീന്‍ 160 രൂപ
വിള 300 രൂപ
വിള ചെറുത് 180 രൂപ
ചൂര 160 രൂപ

പാല
മത്തി 180 രൂപ
കിളി 140 രൂപ
കേര 400 രൂപ
ചൂര 350 രൂപ
മോത 650 രൂപ