വിദേശ ചെടികള്‍ക്ക് ഇപ്പോള്‍ ഇവിടെ നാട്ടില്‍ പഴക്കാലം. ലെമണ്‍ വൈന്‍, ബറാബ, മക്കോട്ട ദേവ, പീനട്ട് ബട്ടര്‍ തുടങ്ങിയ ചെടികള്‍ക്കാണ് പഴക്കാലമായത്. മലയോരത്തെ വീടുകളിലും പുരയിടങ്ങളിലും അപൂര്‍വ പഴങ്ങള്‍ പഴുത്തു തുടങ്ങിയിട്ടുണ്ട്. കുറഞ്ഞ കാലം കൊണ്ട് കൃഷിയിടങ്ങളില്‍ സ്ഥാനം നേടിയ ചെടികളാണിവ. ഓസ്ട്രേലിയയില്‍ നിന്നെത്തിയതാണ് ബറാബ. ലെമണ്‍ വൈന്‍ വൈസ്റ്റിന്‍ഡീസില്‍ നിന്നുമെത്തി. തെക്കേ അമേരിക്കന്‍ സ്വദേശിയാണ് പീനട്ട് ബട്ടര്‍. മക്കോട്ടദേവ ഇന്‍ഡൊനീഷ്യക്കാര്‍ക്ക് പ്രിയപ്പെട്ട പഴമാണ്.

lemon vine
ലെമണ്‍ വൈന്‍

ലെമണ്‍വൈനിന് തക്കാളിയുടെയും ചെറുനാരങ്ങയുടെയും രുചിയുള്ളതാണ്. പഴത്തിനു മുകളില്‍ ചെറിയ ഇലകള്‍ കാണപ്പെടുന്നു എന്ന പ്രത്യേകതയുമുണ്ട്. മധുരവും നേരിയ പുളിയും കലര്‍ന്നതാണ് പഴങ്ങളുടെ സ്വാദ്. അലങ്കാരച്ചെടി എന്ന നിലയിലാണ് ഇവ പരക്കെ നട്ടുവളര്‍ത്തുന്നത്. വിദേശിയാണെങ്കിലും കേരളത്തിലെ കാലാവസ്ഥ ലെമണ്‍ വൈന് അനുയോജ്യമാണ്. താഴേക്കൊതുങ്ങിയ വള്ളികളുടെ അഗ്രഭാഗത്തുണ്ടാകുന്ന ചെറുപൂക്കള്‍ക്ക് ഇളംമഞ്ഞ നിറവും നേര്‍ത്ത സുഗന്ധവുമുണ്ടാകും. പൂക്കള്‍ വിരിഞ്ഞുണ്ടാകുന്ന ചെറുകായ്കള്‍ക്ക് പച്ച, മൂപ്പെത്തിയവയ്ക്ക് മഞ്ഞ, പ ഴുത്തവ ചുവപ്പ് നിറങ്ങളിലുമാണ് കാണുക.

ലെമണ്‍ ഡ്രോപ്പ് മാങ്കോസ്റ്റിന്‍ എന്നറിയപ്പെടുന്ന ചെടിയാണ് ബറാബ. വീടുകളില്‍ വളര്‍ത്താന്‍ ഏറെ യോജിച്ച ബറാബ നല്ലൊരു അലങ്കാരച്ചെടി കൂടിയാണ്. വെളുത്ത പൂക്കള്‍ നവംബര്‍ മാസത്തോടെ വിരിയും. ഒരു ഞെട്ടില്‍ത്തന്നെ രൂപപ്പെടുന്ന മൂന്ന് കായകള്‍ക്കോരോന്നിനും നെല്ലിക്കയുടെ വലുപ്പം കാണും. പഴുത്തവയ്ക്ക് മഞ്ഞനിറമാണുള്ളത്. പുറംതൊലി നീക്കുമ്പോള്‍ കിട്ടുന്ന മാംസളമായ ഭാഗം നല്ല രുചിയുള്ളതാണ്.

baraba
ബറാബ-വെള്ളാട് മണ്ണൂരിലെ വീട്ടിൽ നിന്ന്

മക്കോട്ട ദേവ ദൈവത്തിന്റെ കിരീടം എന്ന പേരിലാണ് ഇന്‍ഡൊനീഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ അറിയപ്പെടുന്നത്. നേരിട്ട് പഴം ഭക്ഷിക്കാറില്ല. ഉണക്കിയെടുക്കുന്ന കായയുടെ കഷണങ്ങള്‍ വെള്ളത്തില്‍ലിട്ടു തിളപ്പിച്ച് കുടിക്കുകയാണ് ചെയ്യുക. പ്രമേഹരോഗത്തിനുള്ള പ്രതിവിധിയാണ് ഇതെന്ന് പറയുന്നുണ്ട്. വെണ്ണയുടെയും നിലക്കടലയുടെയും രുചിയുള്ളതാണ് പീനട്ട് ബട്ടര്‍. മൂക്കുംമുമ്പുള്ള കായ തോരന്‍ വയ്ക്കാറുണ്ട്. ഓറഞ്ച്-ചുവപ്പ് നിറമാണ് പഴത്തിന്. പക്ഷികള്‍ക്കും പ്രിയമാണ് പഴങ്ങള്‍. നഴ്‌സറികളില്‍ വിദേശ പഴച്ചെടികള്‍ ധാരാളമായി വിറ്റു പോകുന്നുമുണ്ട്.

Content Highlights: Foreign fruits in kerala