എടപ്പറ്റയിൽ 20 ഏക്കറിൽ തയ്യാറാക്കിയ പഴങ്ങളുടെ ഫാം
കോട്ടയ്ക്കൽ: കർഷകന് അധ്വാനിക്കാനുള്ള മനസ്സും സഹായത്തിന് കൃഷിവകുപ്പുമുണ്ടെങ്കിൽ വരുമാനമില്ലാത്ത തെങ്ങിൻ തോപ്പുകൾ പഴങ്ങളുടെ പറുദീസയാക്കിമാറ്റാൻ കഴിയുമെന്നതിന്റെ ഉദാഹരണമാണ് എടപ്പറ്റ പഞ്ചായത്തിലെ 20 ഏക്കറോളംവരുന്ന പഴത്തോട്ടം.
ഒന്നരവർഷത്തോളമായി തുടങ്ങിയ ഈ തോട്ടത്തിൽ വിളയാൻ തയ്യാറെടുക്കുന്നത് വിവിധയിനം പഴങ്ങളാണ്. ഇതിൽ നൂറിലേറെ വിദേശ പഴങ്ങളുമുണ്ട്. ചെമ്പടാക്ക് ചക്ക, ദുരിയൻ, മാങ്കോസ്റ്റിൻ, ഈന്തപ്പഴം, ഡ്രാഗൺ ഫ്രൂട്ട്, അബിയു, റൊളീനിയ, ജബോട്ടിക്ക, തായ്‌ലൻഡ് ചാമ്പ, ഇലന്തപ്പഴം, ലബനീസ് ഓറഞ്ച്, ഒലീവ്, എന്നിവ അവയിൽ ചിലതുമാത്രം. രണ്ടുവർഷം ആവുമ്പോഴേക്കും ഒരു ചെടിയിൽനിന്ന് പത്തുകിലോ പഴങ്ങൾ വിളവെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫാമിൽനിന്ന് മൊത്തം അഞ്ച് ടൺ പഴങ്ങളുടെ വിളവെടുപ്പാണ് പ്രതീക്ഷിക്കുന്നത്.
മുമ്പ് കാര്യമായ വരുമാനമൊന്നും ലഭിക്കാതെ കിടന്നിരുന്ന തെങ്ങിൻതോപ്പായിരുന്നു ഈ ഇരുപതേക്കർ സ്ഥലം. മഞ്ചേരിയിലെ പഴ കച്ചവടക്കാരനായ കെ.സി. ബാപ്പുട്ടി എന്ന മുഹമ്മദ് അഷറഫാണ് ഇറക്കുമതി ചെയ്ത് വിൽക്കുന്ന പഴങ്ങൾ ഇവിടെത്തന്നെ വിളയിച്ചാലെന്താണെന്ന് ചിന്തിച്ചത്.
അതിനായി ഒരു ഫാംതന്നെ തുടങ്ങിയാലോ എന്ന് അദ്ദേഹം ആലോചിച്ചു. തന്റെ ചിന്ത അദ്ദേഹം എടപ്പറ്റ കൃഷിഭവനിലെ കൃഷി ഓഫീസറായ ടി.ടി. തോമസുമായി പങ്കുവെച്ചു. കാര്യങ്ങൾ പഠിച്ചപ്പോൾ തോമസിനും പദ്ധതി ഇഷ്ടമായി. തോമസ്, കൃഷിവകുപ്പിന്റെ മുഴുവൻ പിന്തുണയും അറിയിച്ചതോടെ ഈ തെങ്ങിൻതോപ്പ് മുഹമ്മദ് അഷറഫ് വാങ്ങുകയായിരുന്നു.
തുടർന്ന് ഫാമിനായി സ്ഥലം നവീകരിക്കാൻ തുടങ്ങി. ഫാം തുടങ്ങാൻ ആദ്യം ചെയ്തത് കൃത്യമായ ഫാം പ്ലാൻ ഉണ്ടാക്കുക എന്നതായിരുന്നു. ഒരോ വിളകളും കൃഷി ചെയ്യേണ്ട സ്ഥലം, ഇനങ്ങൾ എന്നിവ പ്ലാനിങ്ങിലൂടെ തീരുമാനിച്ചു. മണ്ണ് പരിശോധന വഴി ഏതെല്ലാം വിളകൾ കൃഷി ചെയ്യാമെന്ന് കണ്ടെത്തി. വിളവില്ലാത്ത പഴയ തെങ്ങുകൾ മുറിച്ചുമാറ്റിയാണ് വിളകൾക്ക് സ്ഥലം കണ്ടെത്തിയത്.
എല്ലാ ഫലവൃക്ഷങ്ങൾക്കും ഫെർട്ടിഗേഷൻ സംവിധാനം ഉപയോഗിച്ച് വളവും ജലവും ഒരുക്കി. കളകളുടെ വളർച്ച ഒഴിവാക്കുന്നതിനും ജലസംരക്ഷണത്തിനുമായി വർഷങ്ങളോളം കേടുവരാത്ത പ്രത്യേകതരം മൾച്ചിങ് ഷീറ്റ് ഉപയോഗിച്ച് പുതയിട്ടു. 2018 വർഷത്തിൽ പെയ്ത മഴ മുഴുവൻ മണ്ണിലേക്കിറങ്ങിയെന്ന് ഉറപ്പുവരുത്തി. ഇതായിരുന്നു ഫാമിനായി നടത്തിയ മുന്നൊരുക്കങ്ങൾ
ഷിജു, ഷാജഹാൻ, രാജൻ എന്നിവരാണ് മുഹമ്മദ് അഷറഫിന് സഹായവുമായി കൂടെയുള്ളത്. ഫാമിന്റെ രൂപരേഖ തയ്യാറാക്കിയത് ഷാജഹാനാണ്. ഫാമിലേക്കുള്ള റോഡും ഫാം എങ്ങനെയിരിക്കണമെന്ന പ്ലാനിങുമെല്ലാമാണ് ഫാം സുപ്പർവൈസറായ ഷാജഹാന്റെ ചുമതല. തൈകളുടെ വളർച്ചയും മറ്റും നോക്കുന്നത് ഷിജുവാണ്.
ആനക്കയം കാർഷിക ഗവേഷണ കേന്ദ്രത്തിൽ പത്തുവർഷത്തെ പ്രവർത്തി പരിചയമുള്ളയാളാണ് ഷിജു. മാവിന്റെ ഇടവിളയായി വിവിധ തരത്തിലുള്ള ഡ്രാഗൺ ഫ്രൂട്ട്, പേര തുടങ്ങിയ പഴങ്ങൾ കൃഷി ചെയ്യുന്നത് ഇന്ത്യയിൽ ആദ്യമാണെന്നും ഷിജു പറഞ്ഞു.
ഇന്ത്യയിലെ മികച്ച കാർഷിക സർവകലാശാലകളിൽനിന്നുമുള്ള തൈകളും ഇറക്കുമതിചെയ്ത തൈകളുമാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഫാമിലെ ജോലിക്കാരെ നിശ്ചയിക്കലും മറ്റു ലേബർ കാര്യങ്ങളുമാണ് രാജൻ നോക്കുന്നത്.
Content Highlights: Foreign fruits cultivation in Edappatta


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..