കൊച്ചി: റബ്ബര്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തിന്റെ കഴിഞ്ഞ ഓഗസ്റ്റ് വരെയുള്ള ഗുണഭോക്താക്കളുടെ ലിസ്റ്റായി. 2017 ജൂണ്‍, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ലിസ്റ്റാണ് തയ്യാറായത്. എന്നാല്‍ ഇതിന്റെ പണം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് വന്നു തുടങ്ങിയിട്ടില്ല.

കഴിഞ്ഞവര്‍ഷം ഏപ്രില്‍-മെയ് മാസത്തിനു ശേഷം ഇതുവരെ കര്‍ഷകര്‍ക്ക് പണം കിട്ടിയിട്ടില്ല. ഓരോ വര്‍ഷവും ജൂലായ് മുതല്‍ ജൂണ്‍ വരെയാണ് ധനസഹായ പദ്ധതി. കഴിഞ്ഞ ബജറ്റില്‍ 500 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാല്‍ നടപ്പുവര്‍ഷത്തെ ബില്ലുകള്‍ അപ്ലോഡ് ചെയ്യുന്ന സൈറ്റ് പ്രവര്‍ത്തനക്ഷമമായത് സെപ്റ്റംബറോടെയാണ്. അതിനുമുമ്പുള്ള മാസങ്ങളിലെ പണം കൊടുത്തുതീര്‍ന്നിരുന്നില്ല. കഴിഞ്ഞ മെയ് മാസത്തിനു ശേഷമുള്ള സാമ്പത്തിക സഹായമാണ് നിലച്ചിരിക്കുന്നത്. അതേസമയം, ഡിസംബര്‍ വരെയുള്ള ബില്ലുകള്‍ അപ്ലോഡ് ചെയ്യാന്‍ ഇപ്പോള്‍ സാധിക്കും. ഇതിന്റെ പണം കിട്ടാന്‍ ഇനിയും മാസങ്ങള്‍ കഴിയും.

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് പണം വൈകാന്‍ കാരണമെന്ന് പറയുന്നു. ലിസ്റ്റായിക്കഴിഞ്ഞതിനാല്‍ പണം വിതരണം എത്രയും വേഗം ആരംഭിക്കുമെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയിച്ചു.

അടുത്ത ബജറ്റില്‍ പദ്ധതി തുടരാന്‍ 1,000 കോടി രൂപ അനുവദിക്കണമെന്ന് ഇന്ത്യന്‍ ഫാര്‍മേഴ്സ് മൂവ്മെന്റ് (ഇന്‍ഫാം) ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതിയില്‍ കഴിഞ്ഞതവണ വകയിരുത്തിയ അതേ തുക ഇക്കൊല്ലവും തുടരാനാണ് സാധ്യത. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ പദ്ധതി അവസാനിപ്പിക്കാനുള്ള സാധ്യതയില്ല.

ധനസഹായ പദ്ധതി

ദിവസേന റബ്ബര്‍ബോര്‍ഡ് പ്രഖ്യാപിക്കുന്ന ഒരു കിലോ റബ്ബറിന്റെ വിലയും 150 രൂപയും തമ്മിലുള്ള വ്യത്യാസം എത്രയാണോ അതാണ് സര്‍ക്കാര്‍ കര്‍ഷകന് നല്‍കുന്നത്. ഉദാഹരണത്തിന് കിലോയ്ക്ക് 130 രൂപയാണെങ്കില്‍ 20 രൂപ കര്‍ഷകന് സര്‍ക്കാര്‍ നല്‍കും. റബ്ബറുത്പാദക സംഘങ്ങളില്‍ (ആര്‍.പി.എസ്.) നല്‍കുന്ന ബില്ലുകള്‍ അവരാണ് റബ്ബര്‍ബോര്‍ഡിലേക്ക് നല്‍കുന്നത്. സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്നതോടെ ഗുണഭോക്താക്കളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. തുടര്‍ന്ന് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പണം കൈമാറുന്നതാണ് പദ്ധതി. വിപണിയില്‍ റബ്ബറിന്റെ വില കൂടുംതോറും സര്‍ക്കാരിന്റെ ബാധ്യത കുറയും.

Content highlights: Rubber farmers, Indian farmers movement, Agriculture