കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ കായ്ച്ച മുന്തിരി വള്ളികളെ പരിപാലിക്കുന്ന വനിതാ ഉദ്യോഗസ്ഥർ
കാഞ്ഞങ്ങാട്ടെ ജില്ലാ ജയില്‍ കോമ്പൗണ്ടില്‍ ഹരിത സമൃദ്ധി. പച്ചമുളക് മുതല്‍ മുന്തിരിവരെയുണ്ടിവിടെ. ചെമ്മട്ടംവയലിലെ 1.05 ഏക്കര്‍ സ്ഥലത്താണ് ജില്ലാ ജയില്‍ കോമ്പൗണ്ട്. റിമാന്‍ഡ് തടവുകാരുടെ പാര്‍പ്പിടകേന്ദ്രമെന്നാണ് ജില്ലാ ജയിലിന്റെ വിശേഷണം. ചുരുങ്ങിയ കാലം മാത്രമേ ഓരോ തടവുകാരനും ഇവിടെയുണ്ടാകൂ. ജാമ്യംനേടി പുറത്തേക്കോ അതല്ലെങ്കില്‍ മറ്റു ജയിലിലേക്കോ പോകുന്നതുവരെയുള്ള കാലയളവ്.
ദിവസം അത്രയേ ഉള്ളൂവെങ്കിലും മണ്ണിന്റെ മണമറിഞ്ഞും സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പൊരുളറിഞ്ഞും മാത്രമേ ഓരോ അന്തേവാസിയും ഇവിടെനിന്ന് പോകാന്‍ പാടൂള്ളൂവെന്ന നിര്‍ബന്ധബുദ്ധിയുണ്ട് ഈ ജയിലിലെ ഉദ്യോഗസ്ഥര്‍ക്ക്.
അത്തരമൊരു പരിശ്രമത്തിലേര്‍പ്പെടുന്നതിന്റെ ഫലമാണ് ഉള്ള സ്ഥലത്ത് ഇത്രയധികം പച്ചക്കറികളും മറ്റും ഉത്പാദിപ്പിക്കാനാകുന്നത്.ജാമ്യം കിട്ടിയാണ് പുറത്തേക്കിറങ്ങുന്നതെങ്കില്‍ അവരുടെ കൈയില്‍ ഒരു വൃക്ഷത്തൈ കൂടിയുണ്ടാകും. വീട്ടുവളപ്പിലോ പൊതുസ്ഥലത്തോ നടണമെന്ന് പറഞ്ഞ് ജയില്‍ അധികാരികള്‍ കൊടുക്കുന്നതാണിത്.
30-ലധികം മുന്തിരിക്കുലകള്‍
അഞ്ചുമീറ്റര്‍ നീളത്തിലും മൂന്നുമീറ്റര്‍ വീതിയിലുമായി എഴു തൂണുകളില്‍ പടര്‍ന്നുപന്തലിച്ച മുന്തിരിവള്ളികള്‍. ഇക്കുറി 30-ലധികം കുലകളാണ് വിളവെടുപ്പിന് പാകമായി നില്‍ക്കുന്നത്. കവാടത്തില്‍നിന്ന് അകത്തേക്കു വരുമ്പോള്‍ ഇടതുഭാഗത്ത് വനിതാ ജയില്‍ കെട്ടിടത്തിന് മുന്നിലായാണ് മുന്തിരിവള്ളികള്‍. ഇതിനടുത്തായാണ് ആമ്പല്‍ നിറഞ്ഞ ചെറുവെള്ളക്കെട്ട്. ഇതില്‍ നിറയെ മത്സ്യങ്ങളുമുണ്ട്. മുന്തിരിവള്ളികളുടെ വടക്കേ മൂലയില്‍ കാബേജ് കൃഷി.
മഴവെള്ളസംഭരണിയും സൗരോര്‍ജ യൂണിറ്റും
മഴക്കാലത്ത് നാലുമാസത്തോളം ജയിലിലെ ആവശ്യത്തിനുള്ള വെള്ളത്തിന് കിണറിനെ ആശ്രയിക്കേണ്ട. ഇവിടെ മഴവെള്ളം സംഭരിച്ച് റീച്ചാര്‍ജ് ചെയ്യുന്നു. ശേഖരിക്കുന്ന മഴവെള്ളം ടാങ്കിലേക്കും അതേ സമയം നൂറുമീറ്ററിലധികം അപ്പുറത്തുള്ള കിണറിലേക്കും എത്തുന്ന രീതിയിലാണ് സംഭരണി നിര്‍മിച്ചിരിക്കുന്നത്. സൗരോര്‍ജ യൂണിറ്റ് വഴിയുള്ള വൈദ്യുതിയാണ് ജയിലില്‍ ഉപയോഗിക്കുന്നത്. അന്തേവാസികള്‍ക്ക് പരിശീലനം നല്‍കി പേപ്പര്‍ പേന, എല്‍.ഇ.ഡി. ബള്‍ബ്, കുട എന്നിവ നിര്‍മിക്കുന്നുമുണ്ട്.
ഹരിതജയില്‍ പുരസ്‌കാരം
ഹരിതകേരള മിഷന്റെ ഹരിതജയില്‍ പുരസ്‌കാരം കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലിന്. ഇതാദ്യമായാണ് ജില്ലയില്‍ ഒരു ജയിലിന് ഇത്തരമൊരു പുരസ്‌കാരം കിട്ടുന്നത്. ഈ മാസം 25-ന് 2.30-ന് ജില്ലാ ജയിലില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പുരസ്‌കാരം സമ്മാനിക്കും.
സൂപ്രണ്ടിന് സല്യൂട്ട്
ഉദുമ സ്വദേശി കെ.വേണു ഇവിടെ സൂപ്രണ്ടായി എത്തിയ ശേഷമാണ് ഇത്രയധികം മാറ്റം ജില്ലാ ജയിലിനുണ്ടായത്. കഴിഞ്ഞദിവസം കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബ് ഇദ്ദേഹത്തെ വൊക്കേഷണല്‍ എക്‌സലന്‍സ് പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപക ജോലി വേണ്ടെന്നുവച്ചാണ് ജയില്‍ ഉദ്യോഗസ്ഥനായെത്തിയത്. എക്‌സൈസ് വകുപ്പിലും ജോലിചെയ്തു.
15-ലധികം റാങ്ക് പട്ടികയില്‍ ഒരേ സമയം ഇടംനേടിയ ഉദ്യോഗാര്‍ഥിയായിരുന്നു. അസി. സൂപ്രണ്ടുമാരായ എം.ശ്രീനിവാസന്‍, പി.ഗോപാലകൃഷ്ണന്‍ നായര്‍, അസി. പ്രിസണര്‍ ഓഫീസര്‍ വിനീത് പിള്ള, ഡെപ്യൂട്ടി പ്രിസണര്‍ ഓഫീസര്‍മാരായ എം.വി.സന്തോഷ്, പുഷ്പരാജ്, വനിത അസി. പ്രിസണര്‍ ഓഫീസര്‍മാരായ ടി.വി.സുമ, പി.രഞ്ജുഷ എന്നിവരും ജയിലിനെ ഹരിതാഭമാക്കാനും അന്തേവാസികള്‍ക്ക് നന്മയുടെ പാഠം പകര്‍ന്നുനല്‍കാനും ഒപ്പമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..