വിളവുകണ്ട് ആ കര്‍ഷകന്റെ മുഖത്ത് സന്തോഷത്തിന്റെ പൂത്തിരി. കുരുവില്ലാത്ത തണ്ണിമത്തന്‍ വിളവെടുത്തപ്പോള്‍ 4.720 കിലോഗ്രാം. പഴുക്കാറായ മറ്റൊന്നുകൂടിയുണ്ട്. അഞ്ചുകിലോഗ്രാമിലേറെ വരും. പരീക്ഷണാടിസ്ഥാനത്തിലാണ് ധര്‍മടം മേലൂരിലെ കളരിപ്പറമ്പില്‍ പി.കെ. സതീശന്‍ മേലൂര്‍ വയലില്‍ തണ്ണിമത്തന്‍ നട്ടത്. വിളവുകണ്ട് കൃഷി ഉദ്യോഗസ്ഥര്‍ക്കും തൃപ്തി. കൃഷിവിജ്ഞാന്‍ കേന്ദ്രയുടെ സഹായത്തോടെയാണ് കൃഷിയൊരുക്കിയത്. ഡിസംബര്‍ അവസാനമാണ് സങ്കരയിനമായ ശോണിമയുടെയും സാധാരണയിനമായ ഷുഗര്‍ബേബിയുടെയും തൈകള്‍ നട്ടത്. ഫെബ്രുവരി ആദ്യം പൂവിട്ടു.

കൃത്രിമ പരാഗണം

കൃത്രിമ പരാഗണം വഴിയാണ് കായയുണ്ടാക്കിയത്. കുരുവില്ലാത്ത സങ്കരയിനങ്ങളില്‍ ആണ്‍പൂക്കളും പെണ്‍പൂക്കളുമുണ്ടാകുമെങ്കിലും ആണ്‍പൂക്കളില്‍ പൂമ്പൊടിയില്ലാത്തതിനാല്‍ സ്വാഭാവിക പരാഗണം വഴി കായ പിടിക്കില്ല. അതിനാല്‍ സാധാരണയിനമായ ഷുഗര്‍ബേബിയിലെ ആണ്‍പൂക്കള്‍ ശേഖരിച്ച് സങ്കരയിനമായ ശോണിമയില്‍ പരാഗണം നടത്തുകയാണ് ചെയ്തത്.

കായീച്ചയുടെ ശല്യമായിരുന്നു പ്രധാന വെല്ലുവിളി. കായുണ്ടായി ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ അവ മിക്കതും നശിപ്പിച്ചു. 60 ദിവസമാണ് വിള പാകമാകാനുള്ള സമയം. നവംബറില്‍ തൈ നടേണ്ടതായിരുന്നു. ഡിസംബറിലാണ് നട്ടത്. ഇതും വിളവിനെ ബാധിച്ചു. ഫെബ്രുവരിയിലെ ചൂടായിരുന്നു മറ്റൊരു വില്ലന്‍. നവംബറില്‍ നട്ടിരുന്നെങ്കില്‍ ഫെബ്രുവരി ആദ്യം വിളവെടുക്കാമായിരുന്നു. 

കാര്‍ഷിക സര്‍വകലാശാലയാണ് ആദ്യമായി സങ്കരയിനം തണ്ണിമത്തനായ ശോണിമ തയ്യാറാക്കിയത്. പൂഴി പ്രദേശത്ത് വിളവ് എങ്ങനെയാകുമെന്ന് അറിയാന്‍ മേലൂരിലും മുഴപ്പിലങ്ങാട്ടും നടാനായി തൈ നല്‍കി. മുഴപ്പിലങ്ങാട്ടെ കൃഷി വിളവെടുക്കാറായിട്ടില്ല. ആഴവും നീര്‍വാര്‍ച്ചയുമുള്ള മണല്‍ കലര്‍ന്ന പശിമരാശിയുള്ള മണ്ണാണ് തണ്ണീര്‍മത്തന് അനുയോജ്യം. തുറസ്സായ സ്ഥലമായിരിക്കണം. കുരുവുള്ള തണ്ണീര്‍മത്തന്‍ കൃഷി ചെയ്യുന്നതിനേക്കള്‍ ശ്രദ്ധ ഇതിനുവേണം.

മേലൂരും തണ്ണിമത്തനും

40 വര്‍ഷംമുമ്പ് മേലൂരിലെ വയലില്‍ തണ്ണിമത്തന്‍ കൃഷി വ്യാപകമായിരുന്നു. അണ്ടലൂര്‍ക്കാവിലെ ഉത്സവനാളുകളില്‍ കാവിന്റെ പരിസരത്തെ ചന്തകളിലും പ്രദേശത്തെ വീടുകളിലും മധുരം നുകരാന്‍ തദ്ദേശീയ ഇനമായ തണ്ണിമത്തനായിരുന്നു മുന്നിലെത്തിയത്. നവംബറില്‍ വിത്ത് വിതയ്ക്കും.

മത്തിയായിരുന്നു പ്രധാന വളം. മൈസൂര്‍ തണ്ണീര്‍മത്തനേക്കാള്‍ നല്ല മധുരവും കൂടുതല്‍ ജലാംശവുമടങ്ങിയ ഇനമായിരുന്നു. കീടബാധ കാരണം ഇത് പരക്കെ നശിച്ചതോടെയാണ് മേലൂര്‍ വയലില്‍ നാട്ടുകാര്‍ തണ്ണീര്‍മത്തന്‍ കൃഷി ഉപേക്ഷിച്ചത്. അങ്ങനെ ആ പ്രത്യേക ഇനവും കൈമോശം വന്നു.

മുഴപ്പിലങ്ങാട് വയലില്‍ സമാനമായ മറ്റൊരു തണ്ണീര്‍മത്തന്‍ ഇപ്പോഴുമുണ്ട്. പി.കെ.സതീശന്‍ ഇത്തവണ അവയുടെ വിത്ത് കൊണ്ടുവന്ന് കുറച്ച് നട്ടിരുന്നു. വിളവിന്റെ കാര്യത്തില്‍ നിരാശയാണ് ഫലം. എല്ലാം കേടായിപ്പോയെന്ന് സതീശന്‍ പറഞ്ഞു. കൂടുതല്‍ ശ്രദ്ധയോടെയും കരുതലോടെയും അടുത്തവര്‍ഷവും കൃഷിചെയ്യാനൊരുങ്ങുകയാണ് സതീശന്‍.

Content Highlights: Farmer in Kannur cultivated and harvested seedless watermelon