നെല്‍ക്കര്‍ഷകര്‍ക്ക് റോയല്‍റ്റി എന്ന നൂതനമായ സമീപനം അവലംബിച്ചിരിക്കുകയാണ് കേരള സര്‍ക്കാര്‍.  നെല്‍ക്കൃഷിയിലേര്‍പ്പെടുന്ന ഓരോ കര്‍ഷകനും സമൂഹത്തിനായി നല്‍കുന്ന പരിസ്ഥിതിസേവനത്തിനുള്ള നമ്മുടെ കൃതജ്ഞതയായി ഈ റോയല്‍റ്റി കണക്കാക്കാം. എന്നാല്‍, പൂര്‍ണതോതില്‍ പരിസ്ഥിതി സേവനങ്ങളുടെ മൂല്യമാകുന്നില്ല ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന തുക.

ഞെട്ടിപ്പിക്കുന്ന കണക്കുകള്‍

ഒന്‍പത് കോടിയിലധികം വരുന്ന ഇന്ത്യയിലെ കര്‍ഷകരുടെ ശരാശരി വരുമാനം കര്‍ഷകത്തൊഴിലാളികളുടെ വേതനത്തിലും കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 52 ശതമാനം ജനങ്ങളും കാര്‍ഷികരംഗത്തെ ആശ്രയിച്ച് ജീവിക്കുന്നുവെങ്കിലും 70-ാം എന്‍.എസ്.എസ്.ഒ. (ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസ്) കണക്കുകള്‍പ്രകാരം ശരാശരി കര്‍ഷക കുടുംബവരുമാനം പ്രതിമാസം കേവലം 6426 രൂപ മാത്രമാണ്.

രാജ്യത്തെ 17 സംസ്ഥാനങ്ങളിലെയും പ്രതിമാസ കര്‍ഷക കുടുംബവരുമാനം ശരാശരി 1666 രൂപ മാത്രമെന്ന് 2016 സാമ്പത്തികസര്‍വേ വെളിപ്പെടുത്തുന്നു. പ്രാഥമിക കുടുംബച്ചെലവുകള്‍പോലും നടത്താന്‍ പ്രയാസപ്പെടുന്ന ഈ സാഹചര്യത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതും. 1995 മുതല്‍ 2016 വരെയുള്ള കാലയളവില്‍ രാജ്യത്ത് 3.18 ലക്ഷം കര്‍ഷകര്‍ ആത്മഹത്യചെയ്തു. 

ഉത്പാദന വര്‍ധനയിലുള്ള സാങ്കേതിക വിദ്യകള്‍, സബ്സിഡികള്‍, വായ്പാസംവിധാനങ്ങള്‍, ഉത്പന്ന വിലനിയന്ത്രണ സംവിധാനങ്ങള്‍, വിള ഇന്‍ഷുറന്‍സ് പദ്ധതികള്‍ എന്നിവയെല്ലാംതന്നെ നിലവിലുണ്ടെങ്കിലും ബഹുഭൂരിപക്ഷം കര്‍ഷകരുടെയും സാമ്പത്തികനില ഭദ്രമല്ല. ഈ സാഹചര്യത്തിലാണ് 2016-ലെ കേന്ദ്ര പൊതുബജറ്റില്‍ കര്‍ഷകരുടെ വരുമാനം അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കുക എന്ന പദ്ധതി അവതരിപ്പിക്കപ്പെടുന്നത്. നിലവിലുള്ള വരുമാനംതന്നെ അപര്യാപ്തമായിരിക്കുമ്പോള്‍ അഞ്ചുവര്‍ഷത്തിനുശേഷം ഇരട്ടിച്ചാല്‍തന്നെ എന്തു പ്രയോജനം എന്നതാണ് ആശങ്ക.

ഉത്പാദനം മാത്രമല്ല കൃഷി

കാര്‍ഷികരംഗത്തുനിന്നുള്ള പ്രത്യക്ഷ ഉത്പാദനവുമായി മാത്രം ബന്ധപ്പെടുത്തിക്കൊണ്ടാണ് ഈ രംഗത്തെ വികസനപദ്ധതികളെല്ലാംതന്നെ ആവിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഉത്പാദന ബോണസ്, സബ്സിഡികള്‍, തറവില, താങ്ങുവില, വിള ഇന്‍ഷുറന്‍സ് എന്നിവയെല്ലാംതന്നെ ഇപ്രകാരമാണ്. എന്നാല്‍, കാര്‍ഷിക രംഗത്തിന്റെ പ്രസക്തി അതില്‍നിന്നുള്ള പ്രത്യക്ഷ ഉത്പന്നങ്ങള്‍ മാത്രമല്ല, സേവനങ്ങള്‍ കൂടിയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

കൃഷി കേവലം ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക മാത്രമല്ല, മറിച്ച് ഒട്ടനേകം പാരിസ്ഥിതിക സേവനങ്ങള്‍ ഉറപ്പാക്കുകകൂടി ചെയ്യുന്നുണ്ട്. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് മാത്രമല്ലല്ലോ നമ്മുടെ ആരോഗ്യത്തിന് നിദാനം. ഭക്ഷണത്തിന്റെ ഗുണത്തിനും ജീവിക്കുന്ന പരിസരത്തിനും അതില്‍ സുപ്രധാന സ്ഥാനമുണ്ട്.

അതുകൊണ്ടുതന്നെ കാര്‍ഷിക രംഗത്തിന്റെ പ്രാധാന്യം കേവല കാര്‍ഷിക ഉത്പാദനംമാത്രം പരിഗണിച്ച് നിശ്ചയിക്കുന്നത് ശാസ്ത്രീയമായ വീക്ഷണമല്ല. കാര്‍ഷിക രംഗത്തിന്റെ പാരിസ്ഥിതിക സേവനങ്ങള്‍കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അവ ഏതെല്ലാമെന്ന് തിരിച്ചറിഞ്ഞതുകൊണ്ടുമാത്രമായില്ല, മറിച്ച് അവയുടെ സാമ്പത്തികമൂല്യം എത്ര എന്നത് തിട്ടപ്പെടുത്തേണ്ടതുണ്ട്. അതിനനുസൃതമായ സംഖ്യ കര്‍ഷകന് സമൂഹം നല്‍കേണ്ടതാണ്, അത് അവര്‍ക്ക് അവകാശപ്പെട്ടതാണ്.

പാരിസ്ഥിതിക സാമ്പത്തികമൂല്യം

ലോകത്തെ ആവാസവ്യവസ്ഥകളുടെ പാരിസ്ഥിതിക സാമ്പത്തികമൂല്യം ആദ്യമായി തിട്ടപ്പെടുത്തിയത് 1997 ലായിരുന്നു. 'നേച്ചര്‍' മാസികയില്‍ പ്രസിദ്ധീകരിച്ച ഈ ഗവേഷണ പ്രബന്ധം, ഒട്ടനവധി ശാസ്ത്രീയപഠനങ്ങളെ അധികരിച്ചുള്ളതായിരുന്നു. അതിന്‍പ്രകാരം ലോകത്തെ ആവാസവ്യവസ്ഥകളുടെ പാരിസ്ഥിതികമൂല്യം 33 ട്രില്യണ്‍ ഡോളര്‍ ആണെന്നും ഇത് അന്നത്തെ ആഗോള ജി.ഡി.പി.യുടെ മൂന്നിരട്ടി എന്നും തിട്ടപ്പെടുത്തി.

അതായത് പരിസ്ഥിതിസേവനങ്ങളുടെ യഥാര്‍ഥമൂല്യം നമ്മുടെ സാമ്പത്തികരംഗത്ത് ശരിയായി വരവുവെയ്ക്കപ്പെടുന്നില്ല എന്നര്‍ഥം.  പാരിസ്ഥിതിക മൂല്യത്തിനാനുപാതികമായി കര്‍ഷകര്‍ക്ക് വില നല്‍കുന്നത് സബ്സിഡി എന്ന നിലയിലല്ല, മറിച്ച് അത് അവകാശപ്പെട്ട വിഹിതം എന്ന നിലയ്ക്കുതന്നെയാണ്. പി.ഇ.എസ്. എന്നത്  കാര്‍ഷികരംഗത്ത് നൂതനമായ ഒരു ചുവടുവെപ്പാകാമെങ്കിലും മറ്റുചില രാജ്യങ്ങള്‍ ഈ രംഗത്ത് നമുക്ക് മാര്‍ഗദര്‍ശകമാകുന്നുണ്ട്. ചൈനയില്‍ നടപ്പാക്കിയ ഗ്രെയ്ന്‍ ഫോര്‍ ഗ്രീന്‍ എന്ന പദ്ധതി ഇതിനുദാഹരണമാണ്. 

(കേരള കാര്‍ഷിക സര്‍വകലാശാലയില്‍ ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ആണ് ലേഖിക)