കോഴിക്കോട്: ഒരു ഹെക്ടറിലെ പച്ചക്കറിക്കൃഷിക്കാവശ്യമായ ജീവാണുവളം കൈക്കുമ്പിളിലൊതുക്കാമെന്നായാലോ? അല്ലെങ്കില്‍ സാധാരണ തപാലില്‍ അയച്ചുകൊടുക്കാമെന്നായാലോ?
അത്തരമൊരു വിപ്ലവകരമായ സാങ്കേതികവിദ്യയാണ് പുതുവര്‍ഷത്തില്‍ കോഴിക്കോട്ടെ ദേശീയ സുഗന്ധവിളഗവേഷണകേന്ദ്രം (ഐ.സി.എ.ആര്.) കര്‍ഷകര്‍ക്കു നല്‍കുന്നത്.
പച്ചക്കറിക്കൃഷിക്കും ഇഞ്ചി, മഞ്ഞള്‍, കുരുമുളക് കൃഷികള്ക്കുമാവശ്യമായ ജീവാണുമിശ്രിതത്തിന്റെയും കുമിള്‍നാശിനിയുടെയും കള്‍ച്ചര്‍ കാപ്സ്യൂള്രൂപത്തിലാക്കിയിരിക്കുകയാണ്. കാര്‍ഷികമേഖലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു കണ്ടുപിടിത്തം.
ലോകത്ത് മറ്റെവിടെയും ജീവാണുവളം കാപ്സ്യൂള്‍രൂപത്തിലാക്കി കൃഷിക്കുപയോഗിക്കുന്നില്ലെന്ന് പരീക്ഷണത്തിന് ചുക്കാന്‍പിടിച്ച കേന്ദ്രം ഡയറക്ടര്‍ ഡോ. എം.ആനന്ദരാജ് പറയുന്നു. പേറ്റന്റ് നടപടി പൂര്‍ത്തിയായാല്‍ ഇത് സംരംഭകര്‍ക്കു കൈമാറും.
ജൈവകൃഷിക്കാവശ്യമായ സൂക്ഷ്മാണുക്കളടങ്ങിയ പി.ജി.പി.ആര്. മിശ്രിതവും സ്യൂഡോമോണാസ് പോലുള്ള കുമിള്‍നാശിനികളും സാധാരണ ഒരു ഹെക്ടറിലേക്ക് 20 കിലോഗ്രാമാണ് ഉപയോഗിക്കുക. പരമാവധി ആറുമാസമേ ഇവ സൂക്ഷിച്ചുവെക്കാന്പറ്റൂ. പൊടി, ദ്രാവകരൂപങ്ങളിലാണ് ഇപ്പോള്‍ ഇവ വിപണിയിലുള്ളത്. ഇതിന്റെ സ്ഥാനത്ത് ബയോ കാപ്സ്യൂളാണെങ്കില് ഇരുപതെണ്ണം മതിയാകും. ഒരുകിലോഗ്രാം പൊടിക്കുപകരം ഒരു കാപ്സ്യൂള്‍. ഒരു ഗ്രാം തൂക്കമേയുള്ളൂ ഒരു കാപ്സ്യൂളിന്.
കൃഷിക്കുപകാരികളായ സൂക്ഷ്മജീവികളുടെ കള്‍ച്ചര്‍ കാപ്സ്യൂള്രൂപത്തില് കൂടുതല്‍കാലം സൂക്ഷിച്ചുവെക്കാന്‍ പറ്റുന്ന സാങ്കേതികവിദ്യയാണിത്. ആവശ്യമുള്ളപ്പോള്‍ ഇവ വെള്ളത്തില്‍ കലക്കി തയ്യാറാക്കി മണ്ണില്‍ പ്രയോഗിക്കാം.
ഒരുലിറ്റര്‍ തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ എട്ടുമണിക്കൂറെങ്കിലും ഒരു ബയോ കാപ്സ്യൂള്‍ ഇട്ടുവെക്കണം. രാത്രിയിലായാല്‍ ഏറെ നന്ന്. ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം. നിശ്ചിതസമയമെത്തുമ്പോള് ജീവാണുക്കള്‍ പതിന്മടങ്ങ് സജീവമാകും. അടുത്തദിവസം രാവിലെ 50 ലിറ്റര്‍ വെള്ളത്തില്‍ ഇത് കലക്കി ഉപയോഗിക്കാം. ദ്രാവകരൂപത്തിലും പൗഡര്‍ രൂപത്തിലുമുള്ള ജീവാണുവളങ്ങളെക്കാള് ഏറെ ഗുണകരമാണ് കാപ്സ്യൂള്‍.
ജെലാറ്റിന്‍ ഷെല്ലിലുള്ള കാപ്സ്യൂള്‍ അന്തരീക്ഷ ഊഷ്മാവില്‍ ഒരുകൊല്ലംവരെ കേടുകൂടാതെ സൂക്ഷിച്ചുവെക്കാം. എന്നാല്‍, വെള്ളത്തില്‍ കലക്കിക്കഴിഞ്ഞാല്‍ മണിക്കൂറുകള്‍ക്കകം ഉപയോഗിക്കണം.
പി.ജി.പി.ആര്. മിശ്രിതത്തിനും കുമിള്നാശിനിക്കുമൊക്കെ കിലോഗ്രാമിന് ശരാശരി 75 രൂപ മുതലാണ് വില. അതിന്റെ പകുതിയിലുംതാഴെ വില മാത്രമേ ബയോ കാപ്സ്യൂളിന് നല്‍കേണ്ടതുള്ളൂ. വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദനം തുടങ്ങുമ്പോള്‍ വില ഇനിയും താഴും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..