ടുത്ത കാലത്തായി നമ്മുടെ നാട്ടില്‍ വന്ന പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട് അഥവാ മധുരക്കള്ളി. പിത്തായപ്പഴമെന്ന വിളിപ്പേരുമുണ്ട്. നേരിയ മധുരം, സവിശേഷമായ രൂപം, കണ്ണഞ്ചിപ്പിക്കുന്ന നിറം എന്നിങ്ങനെയുള്ള പ്രത്യേകത ഇതിനെ വിപണിയില്‍ പ്രിയങ്കരമാക്കി.

കൃഷിരീതി

വിത്തുകള്‍ വഴിയും തണ്ടുകള്‍ മുറിച്ചുനട്ടും കൃഷിചെയ്യാം. നന്നായി പാകമായ പഴങ്ങളില്‍നിന്നു വിത്തിനോടൊപ്പമുള്ള മാംസളഭാഗം മാറ്റിയശേഷം ഉണക്കിയെടുത്ത് ഉപയോഗിക്കാം. നട്ട് രണ്ടാഴ്ചയ്ക്കകം മുളയ്ക്കും. കായ്ക്കാന്‍ ആറു വര്‍ഷത്തോളം എടുക്കുമെന്നതിനാല്‍ ഈ രീതിയില്‍ തൈകള്‍ തയ്യാറാക്കുന്നത് വിരളമാണ്. തണ്ടുകള്‍ നടീല്‍ വസ്തുക്കളാകുമ്പോള്‍ ഒരുവര്‍ഷത്തിനുള്ളില്‍ കായ്ക്കും. മൂപ്പെത്തിയ തണ്ടുകള്‍ മുട്ടുഭാഗം ഉള്‍പ്പെടെ ചെടിയില്‍നിന്നു 15-20 സെ.മീറ്റര്‍ നീളത്തില്‍ മുറിച്ചെടുത്താല്‍ നടീല്‍വസ്തുവായി. ഇത് നടുന്നതിനുമുമ്പ് രണ്ടുദിവസം വെറുതേ കൂട്ടിയിടണം.

വിത്തായാലും തണ്ടായാലും പൂഴിയും ചാണകപ്പൊടിയും കലര്‍ത്തി തയ്യാറാക്കിയ മിശ്രിതത്തില്‍ നടാം. ഇവയ്ക്ക് നേരിയ ഈര്‍പ്പമേ നല്‍കാവൂ. കിളിര്‍ത്തു തുടങ്ങിയാല്‍ സ്ഥിരമായ സ്ഥലത്തേക്ക് മാറ്റിനടാം. വെള്ളം കെട്ടിനില്‍ക്കാത്തതും നന്നായി സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലത്താണ് വളര്‍ത്തേണ്ടത്. രണ്ടുമീറ്റര്‍ അകലം നല്‍കി വേണം നടാന്‍. രണ്ടടി വീതം നീളം, വീതി, താഴ്ചയുള്ള കുഴിയെടുത്ത് നീര്‍വാര്‍ച്ച ഉറപ്പുവരുത്താന്‍ ഉരുളന്‍ കല്ലുകള്‍, മണല്‍, മേല്‍മണ്ണ് എന്നിവ ഇട്ടശേഷം നടാം. ആവശ്യമായ രീതിയില്‍ താങ്ങുനല്‍കി ചെടികളെ നിവര്‍ത്തി നിര്‍ത്തണം. മുകളിലേക്ക് വളരുന്ന രണ്ട്, മൂന്ന് തണ്ടുകള്‍ മൂന്ന്-നാലടി ഉയരത്തില്‍ വളര്‍ത്തണം. തണ്ടിന്റെ നീളം ആറുമീറ്ററോളം ആകുമ്പോള്‍ പ്രൂണിങ് നടത്തണം.

വേണ്ടത്ര ഉയരത്തില്‍ തണ്ടുകള്‍ വളര്‍ന്നുകഴിഞ്ഞാല്‍ വശങ്ങളിലേക്ക് പടര്‍ന്ന് താഴേക്ക് തൂങ്ങിക്കിടക്കുന്ന വിധത്തില്‍ വളര്‍ത്തണം. ഇപ്രകാരം തൂങ്ങിക്കിടക്കുന്ന ശിഖരങ്ങളിലാണ് കൂടുതലായും പൂക്കളും കായ്കളും ഉണ്ടാവുക. മറ്റു പരിചരണങ്ങളൊന്നും ആവശ്യമാകാറില്ല. മഴക്കാലത്ത് ചെടി നട്ടിരിക്കുന്ന സ്ഥലത്ത് ഈര്‍പ്പം അധികമാകാതെ ശ്രദ്ധിക്കണം. വേനലില്‍ ജലസേചനം വല്ലപ്പോഴും മതി. രാത്രിയിലാണ് പൂക്കള്‍ വിടരുക. പകലാവുന്നതോടെ അവ വാടിത്തുടങ്ങും. വവ്വാല്‍, നിശാശലഭങ്ങള്‍ വഴിയാണ് പരാഗണം നടക്കുക. പൂവിട്ട് 30-50 ദിവസങ്ങള്‍ക്കകം ഫലം പാകമാകും. പൂക്കളില്‍ കൃത്രിമപരാഗണം നടത്തിയാല്‍ അവ എല്ലാം കായ്കളായി തീരുമെന്ന് ഉറപ്പിക്കാം. വര്‍ഷത്തില്‍ അഞ്ച്-ആറു തവണ വിളവെടുക്കാം. ഒരു പഴത്തിന് 150 മുതല്‍ 600 ഗ്രാം വരെ തൂക്കമുണ്ടാകും.

ഇനങ്ങള്‍ മൂന്ന്

മൂന്നു തരത്തിലുള്ള ഇനങ്ങളുണ്ട്. സാധാരണയായി കാണുന്ന ഹൈഡ്രോ സീറസ് അണ്ഡാറ്റസ് ചുവപ്പ് നിറമുള്ള പഴമാണ്. ചുവന്ന തൊലിയുള്ള ഇതിന്റെ ഉള്‍ഭാഗം വെളുത്തിരിക്കും. ഹൈഡ്രോ സീറസ് കോസ്റ്റാറി സെനെസിസ് എന്ന ഇനത്തിന്റെ തൊലിക്കും ഉള്‍ഭാഗത്തിനും ചുവപ്പു നിറമാണ്. ഹൈഡ്രോസീറസ് മെഗലാന്തസിന്റെ തൊലിയും ഉള്‍ഭാഗവും മഞ്ഞനിറത്തിലാണ്. മൂന്നിനങ്ങളും ഗുണത്തില്‍ ഒരുപോലെയാണ്.

പോഷക ഗുണം

കലോറി വളരെ കുറവും ഫൈബര്‍ ധാരാളമുള്ളതിനാലും പ്രമേഹരോഗികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കുമിത് കഴിക്കാം. ഒലിക് അമ്ലം, ലിനോലീക് അമ്ലം, ലിനോ ലീനിക് അമ്ലം എന്നീ കൊഴുപ്പുകളാണ് മുഖ്യമായും അടങ്ങിയിട്ടുള്ളത്. ഭക്ഷ്യയോഗ്യമായ 100 ഗ്രാമില്‍ 60 കലോറി മാത്രമാണുള്ളത്. ഇതുകൂടാതെ 8.8 ഗ്രാം കാല്‍സ്യം, 3.61 ഗ്രാം ഫോസ്ഫറസ്, 0.65 മി.ഗ്രാം ഇരുമ്പ് എന്നീ ലവണങ്ങളുമുണ്ട്. ഇതില്‍ ധാരാളമായി അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. പഴത്തില്‍ ആന്റി ഓക്‌സിഡന്റുകള്‍ ഉള്ളതിനാല്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.

വിവരങ്ങള്‍ക്ക്: 9446088605.

Content Highlights: Everything You Need to Know About Dragon Fruit