കീടനാശിനിയുടെയും രാസവളത്തിന്റെയും അംശം ഇല്ലാത്ത പച്ചക്കറികളില്‍ മുമ്പനാണ് ചേന. നടാനും വളര്‍ത്താനും പ്രയാസം തീരെ കുറവ്. ഇപ്പോള്‍ ചേന നടാനുള്ള സമയമാണ്.
തയ്യാറാക്കാം നടീല്‍വസ്തുക്കള്‍
വിളഞ്ഞ്, ഇലയും തണ്ടും വാടി ഉണങ്ങിയ ചെടികളില്‍ നിന്നാണ് വിത്തുചേന തയ്യാറാക്കുന്നത്. ചേനയുടെ തണ്ട് നിന്ന ഭാഗത്തെ ശീര്‍ഷമായി കരുതി എല്ലാ വശങ്ങളിലേക്കും ഒരു ചാണ് നീളമുള്ള ത്രികോണാകൃതിയില്‍ മുറിച്ച കഷണമാണ് നടീല്‍ വസ്തു. ചെറിയ മുഴുച്ചേനയും ചേനവിത്തും ഉപയോഗിക്കാം.
ഒരു നല്ല ചേനയില്‍ നിന്ന് 750ഗ്രാം മുതല്‍ ഒരു കിലോ വരെയുള്ള കഷണങ്ങള്‍ ആക്കുന്നു.
പരമ്പരാഗതമായ രീതിയിലാണെങ്കില്‍ ഈ കഷണങ്ങള്‍ ചാണകക്കുഴമ്പില്‍ മുക്കി (വേണമെങ്കില്‍ കീടനാശിനികളിലും) ഒന്നു രണ്ടാഴ്ച ഉണക്കിയെടുത്താണ് സാധാരണയായി നടീല്‍ വസ്തു തയ്യാറാക്കല്‍.
ചാണകം-സ്യൂഡോമോണസ് മിശ്രിതത്തില്‍ മുക്കിയതിന് ശേഷം തണലത്തുണക്കി ചേന നടാം.
ചേന നടാം
വരികള്‍ തമ്മിലും നിരകള്‍ തമ്മിലും മുക്കാല്‍ മീറ്ററെങ്കിലും അകലം കൊടുത്തു വേണം ചേന നടാന്‍ കുഴികള്‍ തയ്യാറാക്കാന്‍. 60 സെന്റിമീറ്റര്‍ സമചതുരവും 50 സെന്റിമീറ്റര്‍ ആഴവുമുള്ള കുഴികളാണ് എടുക്കേണ്ടത്. കുഴിയൊന്നിന് രണ്ടു മൂന്നു കിലോ ജൈവവളം ചേര്‍ക്കാം.
ചേനക്കുഴികളില് കരിയിലയിട്ട് കത്തിച്ചതിനുശേഷം അതിലാണ് മുമ്പ് ജൈവവളം ചേര്ത്തിരുന്നത്്. അതിനുശേഷം മേല്‍മണ്ണിട്ട് കുഴിമൂടണം. ഇതിനുപുറമേ എല്ല് പൊടിയും ചേര്‍ക്കാവുന്നതാണ്.
ഇങ്ങനെ മൂടിയ കുഴികള്‍ക്കു നടുവിലായി മുമ്പേ തയ്യാറാക്കിയ നടീല്‍ വസ്തുക്കള്‍ നടാം.
നട്ടതിന് ശേഷം കുഴികള്‍ക്കു മീതെ കരിയിലയോ പച്ചിലയോ ചേര്‍ത്ത് പുതയിട്ടു കൊടുക്കണം ഒരു മാസം കൊണ്ട് ചേനയുടെ മുളപൊട്ടും. അപ്പോള്‍ ചേനക്കുഴിക്കരിലൂടെ അല്പം കല്ലുപ്പ് തൂവി നനച്ചുകൊടുക്കണം. വേര് പെട്ടെന്ന് വളര്‍ന്നുവരാനാണ് അങ്ങനെ ചെയ്യുന്നത്. വളര്‍ന്നുവരുന്ന തൂമ്പില്‍ ഒന്ന് മാത്രം നിലനിര്‍ത്തുക. ഒരു ചുവട്ടില്‍ നിന്ന് ഒന്നിലധികം കിളിര്പ്പ് വരുന്നുണ്ടെങ്കില്‍ നല്ല പുഷ്ടിയുള്ള ഒന്നുമാത്രം നിര്‍ത്തി ബാക്കിയുള്ളവ മുറിച്ചു കളയണം. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ചേന കൃഷിക്ക് അനുയോജ്യം. 25 മുതല്‍ 35 ഡിഗ്രി വരെ ചൂടുള്ള പ്രദേശങ്ങളാണ് ചേന കൃഷിക്ക് അനുയോജ്യം. വിത്ത് നട്ട് 6-7 മാസം കൊണ്ട് ചേന വിളവെടുക്കാനാകും.
ടെറസ്സില്‍ ചാക്കില്‍ നടുമ്പോള്‍ മണ്ണും എല്ലുപൊടിയും ചാണകവും കരിയിലയും നിറയ്ക്കണം. അടിവളം നന്നായി ചേര്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരു മാസത്തിന്റെ ഇടവേളയില്‍ ജൈവവളം ചേര്‍ത്തുകൊടുക്കണം.
വളപ്രയോഗം
കിളിര്‍ത്തു വരുമ്പോള്‍ പച്ച ചാണകം ഇടവിട്ട് രണ്ടോ മൂന്നോ തവണ നല്‍കുന്നത് നല്ലതാണ്. നട്ട് ഒന്നര മാസമാവുമ്പോള്‍ കള നിയന്ത്രണത്തിനും ഇടയിലക്കളിനും ശേഷം പാക്യജനകം, ഭാവകം, ക്ഷാരം എന്നിവ 50:50:75 എന്ന അനുപാതത്തില്‍ നല്‍കുന്നത് നല്ലതാണ്. എല്ലാ 60-ാം ദിവസവും വളം ചെയ്യുകയും മണ്ണ് തണ്ടിനോടു ചേര്‍ത്ത് കൂട്ടുകയും ചെയ്യണം.
വേനല്‍ക്കാലത്ത് ചെറിയ രീതിയില്‍ നനച്ചു കൊടുക്കുന്നത് നല്ലതാണ്. വെള്ളം വളരെ ആവശ്യമുള്ള കൃഷിയാണ് ചേന.
പ്രധാന ഇനങ്ങള്‍: അമോര്‍ഫോ ഫാലസ് കം ചാന, റോസ് അഹിവേറി എന്നിവയും ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങു ഗവേഷണകേന്ദ്രം പുറത്തിറക്കിയ ശ്രീപദ്മ, ഗജേന്ദ്ര, കുഴിമുണ്ടന്‍ (പീരുമേട് സ്വദേശി) എന്നീ ഇനങ്ങളാണ് പ്രചാരത്തിലുള്ളത. വയനാടന്‍ ആനച്ചേനയും കൃഷിചെയ്തുവരുന്നു. മാര്ക്കറ്റില്നിന്നുകിട്ടുന്ന മൂത്തവലിയ ചേനകളും വിത്തിനായി മാറ്റാവുന്നതാണ്.
Content highlights: Elephant foot yam, Agriculture, Organic farming