താറാവുകൃഷി; സ്ഥലപരിമിതിയുള്ളവര്‍ക്കും വീട്ടുമുറ്റത്ത് വളര്‍ത്താം- ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി


By ഡോ. എം. ഗംഗാധരന്‍ നായര്‍

3 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | Photo-Mathrubhumi

മുട്ടയ്ക്കും മാംസത്തിനുംവേണ്ടി താറാവുകളെ വീട്ടുമുറ്റത്ത് വളര്‍ത്തി ആദായം നേടാം. രാജ്യത്തെ വളര്‍ത്തുപക്ഷികളില്‍ രണ്ടാമനാണ് താറാവ്. സ്ഥലപരിമിതി ഉള്ളവര്‍ക്കും വീട്ടുവളപ്പില്‍ താത്കാലിക കുളങ്ങളുണ്ടാക്കി വളര്‍ത്താം. ആറടി നീളവും നാലടി വീതിയും രണ്ടടി ആഴവുമുള്ള കുഴിയുണ്ടാക്കണം. കുഴിയില്‍നിന്നുമാറ്റിയ മണ്ണുപയോഗിച്ച് വരമ്പുണ്ടാക്കണം. കുഴിയില്‍ പ്ലാസ്റ്റിക് ചാക്കുവിരിച്ചതിനുശേഷം മുകളില്‍ ടാര്‍പ്പായ വിരിക്കണം. ടാര്‍പ്പായയ്ക്കുമുകളില്‍ ഇഷ്ടികവെച്ച് ഷീറ്റ് ടാങ്കിലേക്ക് വീഴാതെ തടയണം. തുടര്‍ന്ന് വെള്ളംനിറച്ച്, നാലാഴ്ച പ്രായമായ താറാവുകുഞ്ഞുങ്ങളെ വിടാം. കുളത്തിനു ചുറ്റുമായി 10 അടി നീളത്തിലും അഞ്ചടി വീതിയിലും വേലിവേണം. ടാങ്കില്‍ 300 ലിറ്റര്‍ വെള്ളം നിറയ്ക്കാം. ഇതില്‍ 25 താറാവുകുഞ്ഞുങ്ങളെവരെ വളര്‍ത്താം.

അടുക്കളയില്‍ ബാക്കിവരുന്ന അവശിഷ്ടങ്ങള്‍, വാഴത്തട, പപ്പായ എന്നിവ ചെറുകഷണങ്ങളാക്കി കൊടുക്കാം. കുതിര്‍ത്ത് പകുതിവേവിച്ച ഗോതമ്പും അരിയും തുല്യമായി കലര്‍ത്തി ദിവസവും 50 ഗ്രാം ഒരു താറാവിനെന്ന കണക്കില്‍ നല്‍കാം. അസോള, ഗോതമ്പുമാവ് കുറുക്കിയത്, ഉണക്കമീന്‍ എന്നിവ കൂട്ടിക്കലര്‍ത്തിയും കൊടുക്കാം. പകല്‍സമയങ്ങളില്‍ അഴിച്ചുവിടുന്നതാണ് നല്ലത്. രാത്രിസമയത്ത് ഉറങ്ങാന്‍ ചെലവുകുറഞ്ഞ വൃത്തിയുള്ള കൂടുകള്‍ വേണം. അറക്കപ്പൊടി അല്ലെങ്കില്‍ ഉമി തറയില്‍ ഇട്ടുകൊടുക്കുന്നതിലൂടെ താറാവിന്റെ കാഷ്ഠവും മറ്റും വൃത്തിയാക്കാന്‍ എളുപ്പമാകും. 120 ദിവസമാകുന്നതോടെ അവ മുട്ടയിട്ടുതുടങ്ങും.


ഇനങ്ങള്‍

  • മാംസത്തിനായി പെക്കിന്‍, എയ്ല്‍സ്ബറി, കാക്കി കാംബെല്‍, സാക്‌സണി, സില്‍വര്‍ ആപ്പിള്‍യാര്‍ഡ്, സ്വീഡിഷ് ബ്ലൂ, ബഫ് ഓര്‍പിങ്ടണ്‍, സ്വീഡിഷ് മഞ്ഞ, വിഗോവ, മസ്‌കോവി തുടങ്ങിയ ഇനങ്ങള്‍. പ്രായപൂര്‍ത്തിയായാല്‍ 3.5-4.5 കിലോഗ്രാം തൂക്കംവരും.
  • മുട്ടയ്ക്കായി പെക്കിന്‍, കാക്കി കാംപ്‌ബെല്‍, ഇന്ത്യന്‍ റണ്ണര്‍, ബഫ് ഓര്‍പിങ്ടണ്‍, മാഗ്പി, റൂവന്‍, ഹുക്ക് ബില്‍, ഷ്‌ളെറാന്‍ഡ്, അങ്കോണ തുടങ്ങിയവയുണ്ട്. വര്‍ഷത്തില്‍ 250-300 മുട്ടകള്‍വരെ ലഭിക്കും.
  • മുട്ടയ്ക്കും മാംസത്തിനും വേണ്ടിയുള്ള കാക്കി കാംബെല്‍, ഇന്ത്യന്‍ റണ്ണര്‍, റൂയല്‍ കഗ്വ എന്നിവയും.
  • കുട്ടനാട്ടില്‍ സുപരിചിതമായ ചാരയും ചെമ്പല്ലിയും കുട്ടനാടന്‍ താറാവുകള്‍ എന്നറിയപ്പെടുന്നു. കേരളത്തിലെ നാടന്‍ താറാവുകളാണ് ഇവ. തൂവലുകളുടെ നിറത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പേരുകള്‍ നിലനില്‍ക്കുന്നത്. ഇടയ്ക്കിടെ തവിട്ടുനിറമുള്ള കറുത്ത തൂവലോടുകൂടിയവയാണ് ചാരത്താറാവുകള്‍. മങ്ങിയ തവിട്ടു നിറമുള്ള, കറുപ്പിന്റെ അംശം ഒട്ടുമില്ലാത്ത താറാവാണ് ചെമ്പല്ലി. അത്യുത്പാദനശേഷിയുള്ള ഇവയുടെ ജന്മദേശം കേരളമാണ്.
തീറ്റ

കൃത്രിമത്തീറ്റ നല്‍കാതെ അഴിച്ചുവിട്ടു മേയ്ക്കുമ്പോള്‍ തീറ്റ കുറഞ്ഞ സമയങ്ങളില്‍ കൈത്തീറ്റ നല്‍കും. ഗോതമ്പ്, അരി, പതിര്, മണിച്ചോളം, ചെറുമീന്‍, കപ്പലണ്ടിപ്പിണ്ണാക്ക്, അരിത്തവിട്, പനച്ചോറ് എന്നിവയാണവ. കൈത്തീറ്റ തിരഞ്ഞെടുക്കുന്നത് അതിന്റെ ലഭ്യതയും വിലയും നോക്കിയാണ്. ഇതില്‍ രണ്ടോ മൂന്നോ എണ്ണം മിശ്രിതമാക്കിയും നല്‍കാം. ഒട്ടും വെള്ളത്തിലിറക്കാതെ പൂര്‍ണമായും സ്റ്റാര്‍ട്ടര്‍ തീറ്റയും ഗ്രോവര്‍ തീറ്റയും നല്‍കി താറാവുകളെ വളര്‍ത്തുന്നവരുണ്ട്.

പൊടിരൂപത്തിലുള്ള തീറ്റയും ഗുളികരൂപത്തിലുള്ള തീറ്റയും മാര്‍ക്കറ്റില്‍ ലഭ്യമാണ്. കുഞ്ഞുങ്ങള്‍ വിരിഞ്ഞ് 36 മണിക്കൂര്‍ കഴിഞ്ഞാല്‍ തീറ്റ നല്‍കാം. മൂന്നാഴ്ച പ്രായമായാല്‍ ദിവസവും നാലഞ്ച് തവണ നല്‍കണം. ഒരിക്കല്‍ നല്‍കുന്ന തീറ്റ 10 മിനിറ്റ് തിന്നാനുള്ളതാവണം. മൂന്നാഴ്ചയ്ക്കുശേഷം ദിവസത്തില്‍ മൂന്നു പ്രാവശ്യം തീറ്റ നല്‍കണം.

മൂന്നുതരത്തിലുള്ള തീറ്റകള്‍ ലഭ്യമാണ്. സ്റ്റാര്‍ട്ടര്‍, ഗ്രോവര്‍, ലെയര്‍ എന്നിവയാണവ. ആദ്യത്തെ നാലാഴ്ചവരെ കൊടുക്കുന്ന തീറ്റയാണ് സ്റ്റാര്‍ട്ടര്‍. നാലുമുതല്‍ 16 ആഴ്ചവരെ കൊടുക്കുന്ന തീറ്റയാണ് ഗ്രോവര്‍. 16 ആഴ്ചയ്ക്കുശേഷം ലെയര്‍ തീറ്റയുമാണ് കൊടുക്കേണ്ടത്. താറാവു തീറ്റയില്‍ കടലപ്പിണ്ണാക്ക് ചേര്‍ക്കുന്നത് അപകടമാണ്. ഇതില്‍ വളരുന്ന പൂപ്പല്‍ താറാവുകളില്‍ വിഷബാധയുണ്ടാക്കും. കടലപ്പിണ്ണാക്കിനു പകരമായി എള്ളിന്‍പിണ്ണാക്കോ തേങ്ങാപ്പിണ്ണാക്കോ ഉപയോഗിക്കാം.

ശ്രദ്ധിക്കാന്‍

  • താറാവുകള്‍ പുലര്‍ച്ചെ നാലുമണിമുതലാണ് മുട്ടയിടുക. ആറുമണിയോടെ മുട്ടകളിട്ട് തീരും. മുട്ടയുത്പാദനത്തിനും മുട്ടത്തോടിന്റെ ഘടനയ്ക്കും കാല്‍സ്യം സ്രോതസ്സായ കക്കത്തുണ്ടുകളോ കാല്‍സ്യം അടങ്ങിയ ധാതുലവണമിശ്രിതമോ നല്‍കണം. പച്ചപ്പുല്ലും ആവശ്യമാണ്.
  • ഏഴുമാസത്തില്‍ കൂടുതല്‍ പ്രായമുള്ള താറാവിന്റെ സാമാന്യം വലുപ്പമുള്ള മുട്ടകളാണ് അടവെക്കേണ്ടത്. കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലോ വീഞ്ഞപ്പെട്ടിയിലോ അടവെക്കാം. ഉണങ്ങിയ പുല്ലോ വൈക്കോലോ ഉമിയോ അറക്കപ്പൊടിയോ പെട്ടിക്കടിയില്‍ നിരത്തിവേണം അടവെക്കാന്‍. തീറ്റയും വെള്ളവും പാത്രങ്ങളില്‍ വെക്കണം. പെട്ടി മൂടിവെക്കണം. 28 ദിവസം ആകുമ്പോഴേക്കും മുട്ടവിരിയും.
  • പ്രതിവര്‍ഷം കോഴികളില്‍നിന്ന് ലഭിക്കുന്നതിനെക്കാള്‍ 40 മുതല്‍ 50 വരെയധികം മുട്ടകള്‍ താറാവില്‍നിന്നു ലഭിക്കും. മുട്ടയ്ക്ക് 70-84 ഗ്രാം തൂക്കംവരും. കോഴിമുട്ടയേക്കാള്‍ 15-20 ഗ്രാം കൂടുതലാണിത്.
വിവരങ്ങള്‍ക്ക്: 9947452708

Content Highlights: duck farming can be done easily by people with restricted area too following the correct tips

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented