കേരളത്തിലെ പഴം-പച്ചക്കറി വിപണിയില്‍ വിദേശ ഇനങ്ങള്‍ ഒട്ടേറെയുണ്ട്... പലതും നമ്മള്‍ക്ക് പരിചിതമല്ലാത്തവ ...ആവശ്യക്കാര്‍ ഒട്ടേറെയാണവയ്ക്ക്...

ഭക്ഷണത്തിന്റെ കാര്യത്തില്‍ ഭയങ്കര ലിബറലാണ് മലയാളി. എന്തുകിട്ടിയാലും ഒന്ന് രുചിച്ചുനോക്കാം എന്നതാണ് പൊതു മനോഭാവം. അതിപ്പോള്‍ വെജിന്റെ കാര്യത്തിലാണെങ്കിലും ശരി, നോണ്‍ വെജിന്റെ കാര്യത്തിലാണെങ്കിലും ശരി. മുന്നില്‍ കിട്ടുന്നതെന്തും കഴിക്കും, ഇഷ്ടപ്പെട്ടാല്‍ കീഴടങ്ങും. അങ്ങനെ, എത്രയെത്ര ഭക്ഷണങ്ങളാണ് തീന്‍മേശയിലേക്ക് നമ്മെ കൊതിപ്പിച്ച് കടന്നുകയറിയത്. മുന്‍പൊന്നും പരിചിതമല്ലാത്ത വിചിത്ര പേരുകളുമായി അവയൊക്കെ നമ്മുടെ ഇഷ്ടവിഭവങ്ങായി മാറി.

കുഴിമന്തി, ആല്‍ഫാം, ഷവര്‍മ, കുബൂസ്... പത്തുവര്‍ഷം മുന്‍പ് എത്രപേര്‍ക്ക് അറിയാമായിരുന്നു ഇവയെക്കുറിച്ചെല്ലാം? നഗരവും കടന്ന് ഇവ നാട്ടിന്‍പുറത്തേക്കും എത്തിത്തുടങ്ങി. മേല്‍പ്പറഞ്ഞവയൊക്കെ നമ്മുടെ ഹോട്ടലുകളില്‍ കിട്ടുന്ന പരദേശികളായ നോണ്‍വെജ് വിഭവങ്ങളാണ്.

പക്ഷേ, കടലും മാനവും താണ്ടിയെത്തുന്ന പച്ചക്കറിയുടെയും പഴങ്ങളുടെയും കഥ ഇതല്ല. അവ ഹോട്ടലും കടന്ന് മലയാളിയുടെ അടുക്കളയിലേക്ക് തന്നെയാണ് കയറിക്കൂടിയത്. പരദേശികളായ ഈ പച്ചക്കറികളും പഴങ്ങളും കിട്ടിയില്ലെങ്കില്‍ ദൈനംദിന ഭക്ഷണക്രമംതന്നെ തെറ്റുമെന്ന് വേവലാതി പ്പെടുന്നവരുമുണ്ട് ഈ കേരളക്കരയില്‍.

* ആരോഗ്യമാണല്ലോ സമ്പത്ത്

സ്വന്തം ശരീരത്തെക്കുറിച്ച് വല്ലാതെ വേവലാതിയുണ്ട് ഒരോ മലയാളിക്കും. ഭക്ഷണകാര്യത്തിലുള്ള പരീക്ഷണ മനോഭാവം ഈ വേവലാതിയില്‍ നിന്നാണ്. കൊളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാര, പിന്നെ രക്തസമ്മര്‍ദം... വേവലാതിക്ക് വേണോ വേറെന്തെങ്കിലും കാരണങ്ങള്‍. ഇതിനൊക്കെ ഒറ്റമൂലി പോലെ ഒരു പരിഹാരം, അതാണ് മലയാളി എപ്പോഴും അന്വേഷിക്കുന്നത്.

ആ അന്വേഷണമാണ് പരദേശികളായ പച്ചറികളിലേക്കും പഴങ്ങളിലേക്കുമൊക്കെ അവരെ എത്തിക്കുന്നത്. വഴിതെളിക്കാന്‍ പതിറ്റാണ്ടുകളായുള്ള പ്രവാസത്തിന്റെ ചരിത്രവും നമ്മള്‍ക്കുണ്ടല്ലോ. എല്ലാ അന്വേഷണത്തിന്റെയും മൂലകാരണം ഏറ്റവും നല്ല സമ്പത്ത് 'ആരോഗ്യ'മാണെന്ന തിരിച്ചറിവുതന്നെ.

നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റിലേക്കൊന്ന് ചെന്നുനോക്കൂ, അവിടെ എത്ര ടൈപ്പ് പഴങ്ങളാണ് ഇരിക്കുന്നത്. പലതും മുന്‍പ് കണ്ടിട്ടുപോലുമില്ല. ഞാലിപ്പൂവനും പാളയന്‍കോടനും ഏത്തപ്പഴവും ഒക്കെ കുറെ കണ്ടിട്ടുണ്ട്. പിന്നെ, റോബസ്റ്റയും കണ്ടു. ആപ്പിളും ഓറഞ്ചും മുന്തിരിയും കുറെ കഴിച്ചു. ഇതിപ്പോള്‍ എത്രയെത്ര പഴങ്ങളാണ്. പലതിനും കൈയിലൊതുങ്ങാത്ത വിലയാണ്. വാങ്ങിയാല്‍ ത്തന്നെ എങ്ങനെ കഴിക്കും, എന്തായിരിക്കും രുചി. പക്ഷേ, ഒത്തിരിപ്പേര്‍ കുട്ടനിറയെ വാങ്ങുന്നുണ്ട്. അപ്പോള്‍പ്പിന്നെ അവയെക്കുറിച്ച് അറിഞ്ഞിട്ടുതന്നെ കാര്യം.

* തായ്ലാന്‍ഡില്‍ നിന്നുള്ളവയാണ് കേമന്‍

തായ്ലാന്‍ഡില്‍ നിന്നാണ് നമ്മുടെ മാര്‍ക്കറ്റിലേക്ക് എത്തുന്ന പഴങ്ങളില്‍ കൂടുതലും. ഡ്രാഗണ്‍ ഫ്രൂട്സ്, ബ്ലൂബെറി, സ്ട്രോബെറി, റംബൂട്ടാന്‍, മാംഗോസ്റ്റിന്‍, മധുരപ്പുളി... തായ്ലാന്‍ഡിലാണ് ഈ പഴങ്ങളുടെയൊക്കെ വേരുകള്‍. പലതും ഇപ്പോള്‍ ഊട്ടിയിലും മറ്റു ചിലയിടങ്ങളിലും വേരുറപ്പിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥ സ്വാദറിയാന്‍ തായ്ലാന്‍ഡില്‍ നിന്നുള്ളവതന്നെ കഴിക്കണം. എക്‌സോട്ടിക് പഴങ്ങളുടെ ഗണത്തിലാണ് തായ്ലാന്‍ഡ് ഫ്രൂട്സ് ഉള്‍പ്പെട്ടിരിക്കുന്നത്.

* കപ്പലില്‍ നാല്പത് ദിവസം, വിമാനത്തില്‍ മണിക്കൂറുകള്‍

അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമൊക്കെ ആപ്പിളും ഓറഞ്ചും മുന്തിരിയുമൊക്കെ ഇവിടേക്ക് എത്തുന്നത് എത്രദിവസം കൊണ്ടാണെന്ന് എന്തെങ്കിലും തിട്ടമുണ്ടോ? കൂടുതലും എത്തുന്നത് കപ്പലുകയറിയാണ്. അമേരിക്കയില്‍നിന്ന് കപ്പലുകയറി ആപ്പിളൊക്കെ ഇവിടെ എത്തുമ്പോഴേക്കും 40 ദിവസം വരെയെടുക്കും. നിലവില്‍ തായ്ലാന്‍ഡില്‍നിന്നേ പഴങ്ങളും പച്ചക്കറികളും വിമാനംകയറി എത്തുന്നുള്ളൂ. അതിന് മൂന്ന് മണിക്കൂറേ എടുക്കൂ. അമേരിക്കയില്‍നിന്ന് ഇങ്ങനെ വിമാനത്തില്‍ എത്തിക്കാന്‍ ശ്രമിച്ചാല്‍ വില കൈവിട്ടുപോകും.

* ഉയര്‍ന്ന വിലയ്ക്ക് കാരണം ഉയര്‍ന്ന തീരുവ

വിദേശ പഴങ്ങള്‍ക്ക് കിലോയ്ക്ക് ശരാശരി വില 200 രൂപയോളം വരും. ഗുണവും വിലയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ചിന്തിച്ച് തലപുണ്ണാക്കേണ്ട. ഉയര്‍ന്ന കസ്റ്റംസ് തീരുവയാണ് ഈ വിലക്കൂടുതലിന് കാരണം. പഴങ്ങള്‍ക്ക് 50 ശതമാനമാണ് ഡ്യൂട്ടി. പച്ചക്കറിക്കാണെങ്കില്‍ ഇത് 32 മുതല്‍ 40 ശതമാനം വരെയാകും. ഉയര്‍ന്ന വിലയെ കുറ്റംപറയാന്‍ വരട്ടെ. ഇതുംകൂടിയില്ലെങ്കില്‍ നമ്മുടെ മാര്‍ക്കറ്റില്‍ മുഴുവന്‍ വിദേശികളായേനെ.

* ഔഷധഗുണമുണ്ടോ...

പഴങ്ങളുടെയും പച്ചക്കറികളുടെയും കാര്യത്തില്‍ ഔഷധഗുണമെന്ന പ്രചാരണം ശക്തമാണ്. വിദേശ പഴങ്ങള്‍ അന്വേഷിച്ചെത്തുന്നവര്‍ പലരും ഇവയുടെ ഔഷധഗുണങ്ങളെക്കുറിച്ച് വാചാലരാകാറുണ്ടെന്ന് എറണാകുളം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഉമര്‍ മുസ്തഫ പറഞ്ഞു. പക്ഷേ, ഇതിന് ശാസ്ത്രീയമായ പിന്തുണയുണ്ടെന്ന് പറയാന്‍കഴിയില്ല.

* പഴങ്ങളും പച്ചക്കറികളും വാങ്ങാന്‍ കാതങ്ങള്‍ താണ്ടി

എറണാകുളത്തെ ഷോപ്പില്‍നിന്ന് വിദേശ പഴങ്ങളും പച്ചക്കറികളും വാങ്ങാന്‍ കാതങ്ങള്‍ താണ്ടി ആവശ്യക്കാരെത്തുന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ മടിയുണ്ടോ?. എന്നാല്‍, അങ്ങനെ എത്തുന്നവരുണ്ടെന്നതാണ് സത്യം. അവര്‍ക്കായി പ്രത്യേകം പായ്ക്ക് ചെയ്ത് പഴങ്ങളും പച്ചക്കറികളും ഇവിടന്ന് കൊടുത്തുവിടുകയാണ് ചെയ്യുന്നത്.

* ഡ്രാഗണ്‍ ഫ്രൂട്സ്

തായ്ലാന്‍ഡുകാരനാണ് താരം. വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട് ഡ്രാഗണ്‍ ഫ്രൂട്സില്‍. കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്നുമാണ് പറയുന്നത്. ആവശ്യക്കാര്‍ കൂടിയപ്പോള്‍ നമ്മുടെ നാട്ടിലും ചിലര്‍ കൃഷി ചെയ്യുന്നുണ്ട്. പക്ഷേ, യഥാര്‍ത്ഥ രുചി ആസ്വദിക്കാന്‍ തായ്ലാന്‍ഡില്‍ നിന്നുള്ള ഫ്രൂട്ടുതന്നെ കഴിക്കണം. പക്ഷേ, വില കിലോയ്ക്ക് 450 രൂപയോളം വരും. നാട്ടിലുണ്ടാകുന്ന ഡ്രാഗണ്‍ ഫ്രൂട്‌സ് കിലോയ്ക്ക് 180 രൂപയ്ക്കും കിട്ടും.

* ദുരിയന്‍ പഴം

തായ്ലാന്‍ഡിലാണ് ഇതിന്റെയും ഉദ്ഭവം. ശ്രീലങ്കയില്‍നിന്നും എത്തുന്നുണ്ട്. ചിലര്‍ നമ്മുടെ നാട്ടിലും പരീക്ഷണം നടത്തുന്നുണ്ട്. പുരുഷന്‍മാരില്‍ ബീജവര്‍ധനയ്ക്ക് സഹായകരമായ ഘടകങ്ങള്‍ ഉണ്ടത്രെ ഈ പഴത്തില്‍. തായ്ലാന്‍ഡില്‍ നിന്നുള്ള ദുരിയന് കിലോയ്ക്ക് 750 രൂപയോളം വിലയുണ്ട്. ശ്രീലങ്കന്‍ ദുരിയന് 400 രൂപയും വിലവരും. അതെന്തായാലും ആവശ്യക്കാര്‍ ഏറെയുണ്ട് ഈ വിദേശിക്ക്.

* മധുരപ്പുളി

നമ്മുടെ നാട്ടിലെ നല്ല വാളന്‍പുളി പോലെ തോന്നും കവറില്‍ മനോഹരമായി പായ്ക്ക് ചെയ്ത മധുരപ്പുളി കണ്ടാല്‍. തായ്ലാന്‍ഡുകാരനാണ് കക്ഷി. നാട്ടിലെ പുളിപോലെയല്ല, നല്ല മധുരമാണിതിന്. കുട്ടികളാണ് ഇതിന്റെ ഇഷ്ടക്കാര്‍.

* മുള്ളന്‍ ആത്ത

നമ്മുടെ നാട്ടിലുണ്ടായിരുന്ന ആത്തപ്പഴത്തിന്റെ കൂടിയ വകഭേദമാണ്. ശ്രീലങ്കക്കാരനാണ് കക്ഷി. ഇപ്പോള്‍ ആന്ധ്രയില്‍ നിന്നും വരുന്നുണ്ട്. ആന്റി കാന്‍സറസ് ഘടകങ്ങള്‍ ഈ പഴത്തിലുണ്ടെന്ന് പറയപ്പെടുന്നു. കിലോയ്ക്ക് 300 രൂപയിലധികമാണ് വില.

fruit

* ബേബി ഓറഞ്ച്, ബട്ടര്‍ ഫ്രൂട്ട്, പിയര്‍, കിവി...

മൊറോക്കയില്‍ നിന്നാണ് ബേബി ഓറഞ്ച് എത്തുന്നത്. പെറു, ന്യൂസീലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് കുഞ്ഞന്‍ ഓറഞ്ചുകള്‍ എത്തുന്നുണ്ട്. ബട്ടര്‍ ഫ്രൂട്ട് ഇപ്പോള്‍ വയനാട്ടിലും വിളയും. കൊടൈക്കനാലില്‍ നിന്നും വരുന്നുണ്ട്. പക്ഷേ, ശ്രീലങ്കയില്‍നിന്ന് എത്തുന്നതാണ് കേമന്‍.

'പിയര്‍' അല്ലെങ്കില്‍ സബര്‍ജെല്ലി ഇവിടെയും യഥേഷ്ടം വിളയുന്നുണ്ട്. സൗത്ത് ആഫ്രിക്കന്‍ സബര്‍ജെല്ലിയാണ് സ്വാദില്‍ മുമ്പന്‍.

'കിവി', ന്യൂസീലന്‍ഡിന്റെ സ്വന്തം പഴമാണ്. ഇറാന്‍, ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളില്‍ നിന്നൊക്കെ ഇപ്പോള്‍ കിവി പഴം എത്തുന്നുണ്ട്.

* ആപ്പിളും ഓറഞ്ചും മുന്തിരിയുമുണ്ട്... വിദേശത്തുനിന്ന്

ഏതാണ്ട് എല്ലാ രാജ്യങ്ങളിലും വിളയുന്നതാണ് ആപ്പിള്‍. എങ്കിലും ന്യൂസീലന്‍ഡ് ആപ്പിളാണത്രേ, ആപ്പിള്‍. അതും 'ന്യൂസീലന്‍ഡ് ഗാല'. റോയല്‍ ഗാല, അമേരിക്കന്‍ റെഡ്, ഇറ്റാലിന്‍ ഗാല തുടങ്ങിയവയും ഇപ്പോള്‍ നഗരത്തിലെ കടകളില്‍ കിട്ടും. ഗോള്‍ഡന്‍ െഡലീഷ്യസ് എന്ന വകഭേദവും ഉണ്ട് .

'ഗ്രാനി' അഥവ 'ഗ്രീന്‍ ആപ്പിള്‍' രക്തത്തില്‍ പഞ്ചസാര കൂടുതലുള്ളവര്‍ക്കും കഴിക്കാം. മധുരമല്ല, പുളിയാണ് ഈ ആപ്പിളിന്. ഓറഞ്ച് ഈജിപ്തില്‍ നിന്നാണ് എത്തുന്നത്. സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍നിന്നും വരുന്നുണ്ട്.

* ബ്രോക്കോളി

ഇറ്റലിയില്‍ നിന്നാണ് ബ്രോക്കോളിയുടെ വരവ്. അമേരിക്കയിലെയും യൂറോപ്പിലെയും തീന്‍മേശയും പിന്നിട്ടാണ് ബ്രോക്കോളി ഇവിടേക്കും എത്തുന്നത്. ക്വാളിഫ്‌ലവര്‍ ഇനത്തില്‍പ്പെട്ടതാണ് ബ്രോക്കോളി. പോളണ്ടില്‍ നിന്നാണ് കേരളത്തിലേക്കുള്ള വിദേശി ബ്രോക്കോളി എത്തുന്നത്. ഇപ്പോള്‍ ഊട്ടിയിലും വിളയുന്നു യഥേഷ്ടം.

* ലെറ്റിയൂസ്

ബര്‍ഗര്‍ പരിചയിച്ചുതുടങ്ങിയതോടെയാണ് ലെറ്റിയൂസ് നമുക്ക് പരിചിതമായ പച്ചക്കറി വിഭവമായത്. ഇംഗ്ലീഷ് ഡിഷസിന്റെ ഭാഗമാണ് കക്ഷി. പ്രധാനമായും സാലഡിലെ ഘടകമാണ്.

* സെലറി

ചൈനയില്‍ നിന്നാണ് സെലറിയുടെ വരവ്. ബിരിയാണിയുടെ മുകളിലൊക്കെ അലങ്കാരമായി സെലറിയുണ്ടിപ്പോള്‍. ഗുണങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട് സെലറിയെക്കുറിച്ച്.

തായ്ലാന്‍ഡ് ജിഞ്ചര്‍, മനത്തക്കാളി, ലെമണ്‍ ഗ്രാസ്, വിവിധതരം ഹെര്‍ബ്സ്... കണ്ടുപരിചയവുമില്ലാത്ത ഒട്ടേറെ പച്ചക്കറികളാണ് മാര്‍ക്കറ്റില്‍ നമ്മളെ കാത്തിരിക്കുന്നത്. കടലുംകടന്ന് അവയുടെ വരവും കാത്തിരിക്കുന്ന മലയാളികളും കുറവല്ല.

Content highlights: dragon fruit,baby orange, butter fruit, Durian fruit