
പുല്ലൂരിലെ വയലിൽ പച്ചക്കറിക്കൃഷി പരിപാലിക്കുന്ന കുഞ്ഞമ്പുവും ഭാര്യ സാവിത്രിയും
കാസര്‍കോട്, പുല്ലൂര്‍ പെരളത്തെ ആമ്പിലാരി കുഞ്ഞമ്പുവിനും ഭാര്യ സാവിത്രിക്കും ജീവിതത്തിന്റെ താളമാണ് മണ്ണ്. സൂര്യനുമുമ്പേ ഉണരുന്ന ഇരുവരും വീട്ടിലെ പശുക്കള്‍ക്കൊപ്പമാണ് ദിവസം തുടങ്ങുന്നത്. പുലര്‍ച്ചെ നാലിന് കറവ തുടങ്ങും. പിന്നെ പാലുമായി പുല്ലൂരിലെ ക്ഷീരോത്പാദക സംഘത്തിലേക്ക്. അവിടന്ന് വീട്ടിലേക്കല്ല വയലിലേക്കാണ് ഇരുവരുടെയും യാത്ര.
30 വര്‍ഷമായി കൃഷിയെ അതിരറ്റ് സ്നേഹിക്കുന്ന കുഞ്ഞമ്പുവിന് പച്ചക്കറി കൃഷിയിറക്കാന്‍ പുല്ലൂരില്‍ പാട്ടത്തിനായി ലഭിച്ച ഒരേക്കറോളം വയലുണ്ട്. നാരായണ കര്ത്തായരും ഒയക്കടയിലെ എസ്.ബി.ടി.നാരായണനും പച്ചക്കറി കൃഷി ഇറക്കാന്‍ സൗജന്യമായി വയല്‍ വിട്ടുകൊടുക്കുകയാണ്.
പയര്‍, വെണ്ട, പാവക്ക, വഴുതിന, നരമ്പന്, കോളിഫ്ളവര്‍, മത്തന്‍, തണ്ണിമത്തന് തുടങ്ങി മണ്ണില്‍ വിളയുന്നതെല്ലാം അവിടെ നട്ടിട്ടുണ്ട്. പെരളത്തെ സ്വന്തം വയലില്‍ ഒന്നാംവിള നെല്‍കൃഷിയും നടത്തിയിട്ടുണ്ട്. വീട്ടാവശ്യം കഴിഞ്ഞ് 20 ക്വിന്റല്‍ നെല്ല് വില്പനയ്ക്ക് തയ്യാറാകുന്നുണ്ട്.
കൃഷിയിടം വിപണി
പച്ചക്കറിക്ക് വെള്ളം നനയ്ക്കുന്നതും പരിപാലിക്കുന്നതും രണ്ടുപേരും ഒരുമിച്ചാണ്. ഇപ്പോള്‍ വിളവെടുപ്പ് കാലമാണ്. വയലില്‍നിന്ന് പറിച്ചെടുക്കുന്ന പച്ചക്കറികള്‍ കടകളിലെത്തിക്കേണ്ടി വരാറില്ല. കൃഷിയിടം തന്നെയാണ് ഇവരുടെ വിപണി. പുല്ലൂര്‍ വിത്തുത്പാദനകേന്ദ്രത്തിലെയും ദിനേശ് ബീഡി കമ്പനിയിലെയും തൊഴിലാളികളും പരിസരവാസികളും പച്ചക്കറി വാങ്ങാന്‍ മുടങ്ങാതെ എത്തും.
പൂര്‍ണമായും ചാണകവളവും ജീവാമൃതവും ചേര്‍ത്താണ് കുഞ്ഞമ്പുവിന്റെ പച്ചക്കറിക്കൃഷി. മണ്ണും ചാണകവും ഗോമൂത്രവുമെല്ലാം നല്കിയ പ്രതിരോധത്തിനു മുന്നില്‍ രോഗങ്ങള്‍ ഉണ്ടാകില്ലെന്ന് തെളിയിക്കുകയാണ് 58 വയസ്സ് പിന്നിട്ട കുഞ്ഞമ്പുവും 46-കാരി സാവിത്രിയും.
Content Highlights: Diversity is key to success of this farmer couple in pullur, kasaragod
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..