ഹരിയും കുടുംബവും മഹാലക്ഷ്മി ഗോശാലയിൽ
പുരയിടത്തിലെ രണ്ടരയേക്കറോളം സ്ഥലം വനത്തിന് സമാനമായ അന്തരീക്ഷം ഒരുക്കി പശുക്കളെ പരിപാലിക്കുന്ന ക്ഷീരകര്‍ഷകനാണ് പള്ളിക്കത്തോട് ആനിക്കാട് മഹാലക്ഷ്മി ഗോശാല ഉടമ വി.ഹരി. മാത്രമല്ല പാലില്‍ നിന്നുള്ള നിരവധി മൂല്യവര്‍ധിത ഉത്പന്നങ്ങളും ഇവിടെ ഉത്പാദിപ്പിക്കുന്നു. ഹരിയുടെ മികവിന് അംഗീകാരമയി ഇത്തവണ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ മികച്ച സംരക്ഷക കര്‍ഷകനുള്ള പുരസ്‌കാരം എത്തിയിരിക്കുകയാണ്. ജൈവകര്‍ഷക മേഖലയിലെ പുരോഗതിക്ക് നല്‍കിയ സംഭാവന മാനിച്ചാണ് പുരസ്‌കാരം.
ഇലക്‌ട്രോണിക്‌സ് ബിരുദാനന്തര ബിരുദം നേടിയ ഹരി ലോക്ഡൗണ്‍ സമയത്ത് ഒരു നാടന്‍ പശുവിനെ വളര്‍ത്താന്‍ തുടങ്ങി. ഇപ്പോള്‍ 14 ഇനങ്ങളിലായി 27 നാടന്‍ പശുകളും ഏഴ് കാളകളും കൂടാതെ കുതിര, നാടന്‍ കോഴികള്‍, താറാവുകള്‍, ഗൂസ്, നായ്ക്കള്‍ എന്നിവയെയും വളര്‍ത്തുന്നു. പശുക്കളും കാളകളും മൂക്കുകയര്‍ ഇല്ലാതെ യഥേഷ്ടം വിഹരിക്കുന്നു.
ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമുള്ള ഇനമായ കാംഗ്രജ്, ആന്ധ്ര കൃഷ്ണ, ഹൈറേഞ്ച് ഡ്വാര്‍ഫ്, കാസര്‍കോട് കുള്ളന്‍, താര്‍പാര്‍ക്കര്‍, ഗീര്‍ റെഡ്, കങ്കയം, വെച്ചൂര്‍ചെറുവള്ളി എന്നീ ഇനങ്ങള്‍ കൂട്ടില്‍ ഉണ്ട്. കൂടാതെ അറവുശാലയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച പശുവിനെയും വിലകൊടുത്തുവാങ്ങി സംരക്ഷിക്കുന്നു.
പ്രകൃതിയോടും ജീവജാലങ്ങളോടുള്ള സ്‌നേഹവും സഹാനുഭൂതിയുമാണ് ഹരിയെ പശുപരിപാലനത്തിന് പ്രേരിപ്പിച്ചത്. പാല്, മോര്, തൈര്, നെയ്യ്, ചാണകം എന്നിവ കൂടാടെ 300ല്‍ അധികം മൂല്യവര്‍ധിത വസ്തുക്കളാണ് ഹരി ഉത്പാദിപ്പിച്ച് വിപണനം ചെയ്യുന്നത്.
നാടന്‍ പശുക്കളെക്കുറിച്ചുള്ള അറിവുകളുമായി വിദ്യര്‍ഥികള്‍ക്ക് ബോധവത്കരണത്തിനായും സമയം കണ്ടെത്തുന്നു. നമ്മളെക്കൊണ്ട് പ്രകൃതിക്കും സമൂഹത്തിനും എന്തെങ്കിലും കൊടുക്കണം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഹരിക്ക് പിന്തുണയുമായി ഭാര്യ മീരയും മകള്‍ മുകുന്ദയും ഒപ്പമുണ്ട്.
Content Highlights: dairy farmer rom kottayam pallickathodu is awarded as the best biodiversity conservationist
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..