വേനല്‍ മഴയ്ക്കു ശേഷം റബ്ബര്‍തോട്ട മേഖലകളിലെ വീടുകളില്‍ വന്‍ശല്യമായി മാറുന്ന വണ്ടുകളാണ് മുപ്ലിവണ്ട്. ലൂപ്റോപ്‌സ് ട്രിസ്റ്റിസ് (Luprops tristis)  എന്ന ശാസ്ത്ര നാമമുള്ള ഇവ വടക്കന്‍ കേരളത്തില്‍ ഓലപ്രാണി, ഓടുവണ്ട്, ഓലചാത്തന്‍, ഓട്ടെരുമ എന്നിങ്ങനെ അറിയപ്പെടുന്നു. തെക്കന്‍ കേരളത്തില്‍ വേനല്‍മഴ തുടങ്ങിയതിനു ശേഷവും വടക്കന്‍ കേരളത്തില്‍ കാലവര്‍ഷത്തിന്റെ വരവോടുകൂടിയും ആരംഭിക്കുന്ന വീടുകളിലേക്കുള്ള ലക്ഷകണക്കിന് വണ്ടുകളുടെ ഇരച്ചുകയറ്റവും വീടുകള്‍ക്കുള്ളിലുള്ള ഇവയുടെ രാത്രികാല സഞ്ചാരവും ഈ വീടുകളിലെ മനുഷ്യജീവിതം ദുസ്സഹമാക്കുന്നു. 

കുത്തുകയോ കടിക്കുകയോ ചെയ്യില്ലെങ്കിലും ശല്യം ചെയ്യുമ്പോള്‍ സ്വയരക്ഷയ്ക്കായി ഇവ ഉത്പാദിപ്പിക്കുന്ന സ്രവം ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുന്നു. രണ്ടു മൂന്ന് ആഴ്ചക്കകം തന്നെ വീടുകളുടെ മച്ചിലും ഓലപ്പുരകളിലെ ഓലയ്ക്കിടയിലും കച്ചികൂനകളിലും വിറകുപുരകളിലും കൂട്ടമായി പ്രവേശിച്ചു മൂന്ന് നാല് മടക്കുകളിലായി 7-8 മാസം നീണ്ടു നില്‍ക്കുന്ന ഉറക്കത്തിലേക്ക് (dormancy) കടക്കുന്ന ഈ വണ്ടുകള്‍ ഉത്പാദിപ്പിക്കുന്ന സ്രവത്തിന്റെ ഗന്ധം നേത്ര രോഗത്തിനും ശ്വാസം മുട്ടലിനും ഇടയാക്കുന്നു. 

പ്രധാനമായും ചത്തതും ക്ഷയിച്ചതുമായ ചുറ്റുപാടുകളില്‍ ജീവിക്കുന്ന ഫോറീഡേ കുടുംബത്തില്‍പ്പെടുന്ന 2-3 മില്ലീ മീറ്റര്‍ വരെ ശരീര വലിപ്പം വരുന്ന മെഗാസീലിയ വിഭാഗത്തിലെ മെഗാസീലിയ സ്‌കാലരിസ് ഈച്ചകള്‍ നമ്മുടെ വീടുകളിലെ സ്ഥിരസാന്നിധ്യമാണ്. നമുക്ക് പരിചിതരായ പഴയീച്ചകളുമായി രൂപസാദൃശ്യം ഉള്ള ഇവ മിക്കപ്പോഴും പഴയീച്ചകളായ് തെറ്റിദ്ധരിക്കപ്പെടുന്നു. ഇവയ്ക്ക് മുപ്ലി വണ്ടുകളെ അവയുടെ ഡോര്‍മെന്‍സി കാലഘട്ടത്തില്‍ നിയന്ത്രിക്കാന്‍ ആകുമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. കോഴിക്കോട് സെന്റ് ജോസഫ് ദേവഗിരി കോളേജിലെ സൂവോളജി വിഭാഗം ഡിഎസ്ടി - ഇന്‍സ്‌പെയര്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയായിരുന്ന ഡോ.ബിന്‍ഷയും റിസര്‍ച്ച് സൂപ്പര്‍ വൈസറും പ്രിന്‍സിപ്പാളുമായ ഡോ.സാബു കെ. തോമസുമാണ് ഈ പഠനത്തിന് പിന്നില്‍. 

ഗവേഷണാര്‍ത്ഥം ലാബുകളില്‍ ശേഖരിച്ച വണ്ടുകള്‍ക്കിടയില്‍ മെഗാസീലിയ ഈച്ചകളുടെ ലാര്‍വകള്‍ ശ്രദ്ധയില്‍ പെട്ടതാണ് ഇത്തരം ഒരു പഠനത്തിന് വഴിതെളിച്ചത്. മുട്ട വിരിഞ്ഞു പുറത്തു വരുന്ന പെണ്‍ ഈച്ചകള്‍ക്ക് ഒരു ദിവസം കൊണ്ട് തന്നെ ജീവനുള്ള വണ്ടിന്റെ മൃദുവായ ശരീരഭാഗങ്ങളിലൂടെ ഇവയുടെ ശരീരത്തിന് അകത്തേക്ക് മുട്ടയിടാന്‍ സാധിക്കുന്നു. മുട്ട വിരിഞ്ഞു ലാര്‍വ പുറത്ത് വരുന്നതും വണ്ടിന്റെ ശരീരത്തിനു അകത്തു വച്ചു തന്നെയാണ്. വണ്ടിന്റെ മൃദുവായ ശരീര ഭാഗങ്ങള്‍ മുഴുവന്‍ തിന്നു തീര്‍ത്തതിന് ശേഷം ഈ ലാര്‍വകള്‍ ചത്ത വണ്ടുകളുടെ കഴുത്തിനും തലയ്ക്കുമിടയില്‍ മുറിവ് ഉണ്ടാക്കി പുറത്തേക്ക് വരുന്നു. ശേഷമുള്ള ലാര്‍വല്‍, പ്യൂപ്പല്‍ പീരീഡുകള്‍ വണ്ടിന്റെ ശരീരത്തിനു പുറത്താണ് നടക്കുന്നത്. 

ലബോറട്ടറി പഠനങ്ങളില്‍ മാത്രമല്ല, മുപ്ലി വണ്ടുകളെ അവയുടെ നീണ്ട ഉറക്ക കാലഘട്ടത്തില്‍ അവയുടെ സ്വാഭാവിക വാസസ്ഥലങ്ങളിലും ഈ ഈച്ചകള്‍ക്ക് നശിപ്പിക്കാന്‍ കഴിയുമെന്നും തെളിയിച്ചിട്ടുണ്ട്. മറ്റു നിയന്ത്രണ മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ നിലവില്‍ കാര്‍ഷിക വിളകളില്‍ ഉപയോഗിക്കുന്ന പൈറെത്രോയിഡ് കീടനാശിനികളും മണ്ണെണ്ണയുമാണ് മുപ്ലി വണ്ടുകളെ നിയന്ത്രിക്കാന്‍ ഉപയോഗിച്ചു വരുന്നത്. ഇവ വീടുകളിലും മറ്റും ഉപയോഗിക്കുമ്പോഴുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് മെഗാസീലിയ ഈച്ചകളെ  പ്രജനനം ചെയ്തു മുപ്ലി വണ്ടുകളുടെ ജൈവനിയന്ത്രണത്തിനായി ശാസ്ത്രീയമായി ഉപയോഗിക്കാവുന്നതാണ്. 

മെഗാസീലിയ ഈച്ചകള്‍ മനുഷ്യരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് വീടുകളിലും മറ്റും മുപ്ലി വണ്ടുകളുടെ നിയന്ത്രണത്തിനായി ഇവയെ ഉപയോഗിക്കുമ്പോള്‍ ഭക്ഷ്യവസ്തുക്കളിലും മറ്റും അണുബാധ ഉണ്ടാവാനുള്ള സാധ്യതകള്‍ ഒഴിവാക്കണം. കൂട്ടമായി ചേര്‍ന്ന് 7-8 മാസത്തോളം നീണ്ടു നില്‍ക്കുന്ന മുപ്ലി വണ്ടുകളുടെ ഉറക്കം ഇത്തരം ഒരു ജൈവനിയന്ത്രണത്തിനു അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നു. മുപ്ലി വണ്ടുകളില്‍ മാത്രമല്ല ഇത്തരത്തില്‍ കൂട്ടമായി ചേര്‍ന്ന് നിശ്ചലമായ ഉറക്കത്തിലേക്ക് പ്രവേശിക്കുന്ന മറ്റു വണ്ടുകളിലും ഈ ഈച്ചകളെ ഉപയോഗിച്ചുള്ള നിയന്ത്രണ സാധ്യത പരിശോധിച്ചു വരുന്നു. അമേരിക്കന്‍ ജേര്‍ണല്‍ ആയ കോളോയോ ടെറിസ്റ്റ്സ് ബുള്ളറ്റിനില്‍ (Coleopterists bulletin)  ലില്‍ ഈ പഠനത്തെ കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Content Highlights: Control of the Mupli Beetle, Luprops tristis