കാസര്‍കോടുള്ള കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം വികസിപ്പിച്ച തെങ്ങ്, കമുക്, കൊക്കോ കര്‍ഷകര്‍ക്കുള്ള മൊബൈല്‍ ആപ്പാണ് ഇ-കല്പ (e-kalpa). പ്ലേസ്റ്റോറില്‍നിന്നും ഇത് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഇതില്‍ വിവരങ്ങള്‍ ലഭ്യമാണ്. ആപ്പ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞ് ഫോണ്‍ നമ്പര്‍, യൂസര്‍ നെയിം, പാസ്വേര്‍ഡ് എന്നിവ നല്‍കി രജിസ്റ്റര്‍ചെയ്തശേഷം ഏതു ഭാഷയിലാണ് വിവരങ്ങള്‍ വേണ്ടതെന്ന് തിരഞ്ഞെടുക്കണം.

ഓഫ്ലൈനായും ഓണ്‍ലൈനായും ഉപയോഗിക്കാം. ഓഫ്ലൈനായി ഉപയോഗിക്കുമ്പോള്‍ വിജ്ഞാനസമാഹാരം, വിളവിവരം എന്നീ വിന്‍ഡോകള്‍ ദൃശ്യമാകും. 'വിജ്ഞാന സമാഹാരത്തില്‍' മൂന്നു വിളകളുടെയും പരിപാലനമുറകള്‍, ഇനങ്ങള്‍, വളപ്രയോഗം, സസ്യസംരക്ഷണം തുടങ്ങി വിളവെടുപ്പ്, സംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ട യന്ത്രങ്ങളെക്കുറിച്ചുവരെയുള്ള വിവരങ്ങള്‍ സമഗ്രമായി ഉള്‍പ്പെടുത്തിയിരിക്കുന്നു.

യന്ത്രങ്ങളുടെ ലഭ്യതയും വിലയുംവരെ അറിയാം. വിളവിവരത്തില്‍ മൂന്നു വിളകള്‍ക്കു പുറമേ ഇടവിളകളായി വളര്‍ത്താവുന്നവയുടെ വിശദമായ കൃഷിരീതികളുണ്ട്. input calculator ഉപയോഗിച്ച് തെങ്ങിന്റെ പ്രായത്തിനനുസരണമായി കൊടുക്കേണ്ട വളത്തിന്റെ അളവ് കണക്കാക്കാം.

ഓണ്‍ലൈനായി ഉപയോഗിക്കുമ്പോള്‍ പ്രധാന ആകര്‍ഷണം 'കര്‍ഷകസഹായി' ആണ്. ഇതില്‍ ക്ലിക്ക് ചെയ്ത് കൃഷിയിലെ പ്രശ്‌നം അവതരിപ്പിക്കാം. മൊബൈലില്‍ എടുത്ത ഫോട്ടോ അപ്ലോഡ് ചെയ്‌തോ പ്രശ്‌നത്തിന്റെ ലഘുവിവരണം ടൈപ്പ് ചെയ്‌തോ നല്‍കാവുന്നതാണ്.

ജി.പി.എസ്. ടാഗിങ്ങിലൂടെ കര്‍ഷകന്റെ കൃഷിയിടം സ്ഥിതിചെയ്യുന്ന സ്ഥലംകൂടി തിട്ടപ്പെടുത്തിയശേഷം വിദഗ്ധര്‍ പരിഹാരനടപടികള്‍ നിര്‍ദേശിക്കുന്നു. 'കര്‍ഷക ഡയറി' എന്ന വിന്‍ഡോയില്‍ ക്ലിക്ക് ചെയ്ത് കൃഷിയുടെ നാള്‍വഴി ചുരുക്കമായി രേഖപ്പെടുത്താം. 'സമന്വയകൃഷി' വിവരങ്ങളും മനസ്സിലാക്കാം. 'വിജ്ഞാന സമാഹാരം' എന്ന വിന്‍ഡോയില്‍ ക്ലിക്ക് ചെയ്ത് വിളകളുമായി ബന്ധപ്പെട്ട വിജ്ഞാനക്കുറിപ്പുകള്‍ വായിക്കാനും അവസരമുണ്ട്.

Content Highlights: Coconut farming support e-kalpa Mobile App