നീങ്ങുന്നത് ഭക്ഷ്യക്ഷാമത്തിലേയ്ക്കോ? കൃഷിയെ കശക്കിയെറിഞ്ഞ് കാലാവസ്ഥാമാറ്റം


കെ.പി നിജീഷ് കുമാര്‍കാലാവസ്ഥാ മാറ്റം കൃഷിയെ മാത്രമല്ല ഭൂമിയെ വരെ മാറ്റി മറിച്ച് വാസയോഗ്യവും കാര്‍ഷിക യോഗ്യവും അല്ലാതാക്കി മാറ്റിയിട്ടുണ്ട്.

ഫോട്ടോ: സിദ്ദുഖുൽ അക്ബർ(ഫയൽഫോട്ടോ, മാതൃഭൂമി)

രാജ്യത്ത് കാലാവസ്ഥാ മാറ്റം മൂലമുണ്ടായ കൃഷി നാശം പരിശോധിക്കാന്‍ പ്രത്യേക സമിതിയെ തന്നെ നിയോഗിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അത്യുഷ്ണം, പ്രളയം, കാലം തെറ്റിയെത്തുന്ന മഴക്കാലം ഇത് രാജ്യത്തെ കാര്‍ഷിക മേഖലയെ ഓരോ വര്‍ഷവും നാമാവശേഷമാക്കികൊണ്ടിരിക്കുകയാണ്. ദേശീയ കാലാവസ്ഥാ വകുപ്പിന്റെയും ദുരന്തനിവാരണ വിഭാഗത്തിന്റെയും കണക്കനുസരിച്ച് ഈ വര്‍ഷം ഒക്ടോബര്‍ ഒന്ന് വരെ 1.8 ദശലക്ഷം ഹെക്ടര്‍ കൃഷിയാണ് രാജ്യത്ത് ഇല്ലാതായത്. ഇത് തുടര്‍ന്നാല്‍ ഭക്ഷ്യക്ഷാമവും പട്ടിണിയും വരെ ഉണ്ടാകാമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. കര്‍ണാടകത്തിലാണ് നാശം കൂടുതല്‍. കൃഷിനാശം ഭക്ഷ്യസുരക്ഷയ്ക്കും വെല്ലുവിളിയുണ്ടാക്കുന്നു. കൊടും വരള്‍ച്ച നെല്ല്, ഗോതമ്പ് അടക്കമുള്ള ഭക്ഷ്യവിള കൃഷികളെ വലിയ രീതിയില്‍ ബാധിച്ചു.

കേന്ദ്ര കൃഷി മന്ത്രാലയം സെപ്തംബര്‍ മാസം ഇറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത് ഖാരിഫ് വിളകളുടെ ഉല്‍പ്പാദനത്തിന്റെ അളവില്‍ ആറ് ശതമാനത്തോളം ഇടിവുണ്ടായിരിക്കുന്നുവെന്നാണ്. 2022-23 വര്‍ഷത്തേക്കുള്ള അരിയുല്‍പ്പാദനത്തിന്റെ ഏകദേശ കണക്കായി ചൂണ്ടിക്കാട്ടുന്നത് 104.99 ദശലക്ഷം ടണ്ണാണ്. കഴിഞ്ഞ വര്‍ഷം ഇതേ സീസണില്‍ 111.76 ദശലക്ഷം ടണ്ണായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ മൊത്ത ഉല്‍പ്പാദനത്തിലും കുറവുണ്ടാകാമെന്നും മന്ത്രാലയും ചൂണ്ടിക്കാട്ടുന്നു.2030 ആകുമ്പോഴേക്കും കാലാവസ്ഥാ വ്യതിയാനം മൂലം 9 കോടി ഇന്ത്യക്കാര്‍ ഭക്ഷ്യക്ഷാമം നേരിടുമെന്ന 2022 -ലെ ഗ്ലോബല്‍ ഫുഡ് പോളിസി റിപ്പോര്‍ട്ടും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. ജലദൗര്‍ലഭ്യമുള്ള വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലും ഉപദ്വീപിലും നെല്ലില്‍ നിന്ന് മറ്റ് വിളകളിലേക്ക് ജനങ്ങള്‍ മാറാന്‍ തയ്യാറാവണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. ഭക്ഷ്യസുരക്ഷയെ ഭീഷണിപ്പെടുത്താതെ തന്നെ ഈ മേഖലയില്‍ അരിയുടെ വിസ്തൃതി കുറയ്ക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

https://static.pib.gov.in/

ഗോതമ്പ് ഉല്‍പാദനത്തില്‍ മൂന്ന് ലക്ഷം ടണ്ണിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ പ്രശ്‌നം പഠിക്കാന്‍ രണ്ട് ഉന്നതാധികാര സംഘങ്ങളെ തന്നെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. രണ്ട് സംഘമായി പ്രവര്‍ത്തിക്കുന്ന സമിതിക്ക് ഡല്‍ഹി മഹാലാനോബിസ് നാഷണല്‍ ക്രോപ്പ് ഫോര്‍കാസ്റ്റ് സെന്ററാണ് നേതൃത്വം നല്‍കുന്നത്. അഞ്ചുവര്‍ഷത്തെ കൃഷിനാശം രാജ്യത്തെ ധാന്യശേഖരത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിച്ചു. ഇതോടെ ഗോതമ്പ്, അരി കയറ്റുമതിയില്‍ തടസ്സമുണ്ടാവുകയും ചെയ്തു. ജാര്‍ഖണ്ഡില്‍ മാത്രം 9.37 ലക്ഷം ഹെക്ടര്‍ കൃഷിയാണ് കുറഞ്ഞത്. മധ്യപ്രദേശ് 6.32 ലക്ഷം ഏക്കര്‍, പശ്ചിമബാഗാള്‍ 3.65 ലക്ഷം ഹെക്ടര്‍, യു.പി 2.48 ലക്ഷം ഹെക്ടര്‍, ബിഹാര്‍ 1.97 ഹെക്ടര്‍ എന്നിങ്ങനെയാണ് കണക്ക്. പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ മഴ കുറഞ്ഞതുമൂലം ആകെ കൃഷി ചെയ്യുന്ന ഏക്കര്‍ സ്ഥലത്തിന്റെ അളവില്‍ 13 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.

രാജേഷ് കൃഷ്ണന്‍

കാലാവസ്ഥാ മാറ്റം കേരളത്തില്‍

രാജ്യത്തിന്റെ പ്രധാന കാര്‍ഷിക വിളകളിലൊന്നായ നെല്‍കര്‍ഷകരെ കാലം തെറ്റിയ കാലാവസ്ഥ ഏറ്റവും കൂടുതല്‍ ബാധിച്ചുവെന്ന് പറയുന്നു വയനാട് തൃശ്ശിലേരിയിലെ യുവ കര്‍ഷകനും ഗ്രീന്‍പീസ് കാമ്പയിനറുമായ രാജേഷ് കൃഷ്ണൻ. കേരളത്തെ സംബന്ധിച്ച് മാത്രം പറയുകയാണെങ്കില്‍ ജൂണില്‍ തുടങ്ങി ആഗസ്റ്റില്‍ അവസാനിക്കേണ്ട മഴ നീണ്ട് നില്‍ക്കുന്നത് നവംബര്‍ ഡിസംബര്‍ വരേയാണ്. ഉയര്‍ന്ന താപനിലയും മഴയുടെ ഏറ്റക്കുറച്ചിലുമാണ് കേരളത്തിന്റെ പ്രധാന പ്രശ്നം. കൃഷിയിറക്കുമ്പോള്‍ മഴ ലഭിക്കാതാവുകയും കൊയ്ത്ത് സമയമാവുമ്പോഴേക്കും മഴ തോരാതിരിക്കുകയും ചെയ്യുന്നു. ഇത് നെല്‍ചെടികളുടെ ഫംഗസ് ബാധയിലേക്കും അത് വഴി വിളവിനെ കാര്യമായി ബാധിക്കുകയും ചെയ്യുന്നു. ജൂണില്‍ ആരംഭിച്ച് പെട്ടെന്ന് അവസാനിക്കുകയും തുടര്‍ന്ന് കൂമ്പാര മേഘമായി വന്ന് ഒന്നും രണ്ടും മണിക്കൂര്‍ പെയ്യുന്ന മഴയാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. ഇത് നെല്‍കൃഷിയെ മാത്രമല്ല കാലാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള എല്ലാ കാര്‍ഷിക രീതികള്‍ക്കും തിരിച്ചടിയാവുന്നുണ്ടെന്നും രാജേഷ് കൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ കാര്‍ഷിക കടങ്ങളും വര്‍ധിച്ചിട്ടുണ്ട്.

കാലാവസ്ഥാ മാറ്റത്തിന്റെ പ്രകടമായ ഉദാഹരണമായി രാജ്യത്ത് തന്നെ എടുത്തുകാണിക്കാവുന്ന ജില്ലയാണ് വയനാട് ജില്ല. നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് മുമ്പ് നൂല്‍മഴയായിരുന്നു വയനാടിനുണ്ടായിരുന്നത്. ഇത് പ്രദേശത്തെ പ്രധാന വിളകളായ കാപ്പി, കുരുമുളക്, നെല്ല് എന്നിവയുടെ ഉദ്പാദനത്തിനെല്ലാം പ്രധാന പങ്കുവഹിച്ചിരുന്നു. എന്നാല്‍ നൂല്‍മഴയെന്നത് വയനാടിന് ഓർമയായിമാറി. താപനില ഉയര്‍ന്നുവന്നു. വേനല്‍മഴ ശുഷ്‌കമായി. മഴക്കാലത്ത് പോലും മഴയൊന്ന് നില്‍ക്കുമ്പോള്‍ കനത്ത ചൂട് അനുഭവപ്പെടുന്നുവെന്ന് വയനാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. കാലാവസ്ഥയെ ആശ്രയിച്ചുള്ള കൃഷി രീതികള്‍ വയനാട്ടില്‍ താളം തെറ്റി. കാപ്പി, കുരുമുളക്, വാഴ, ഇഞ്ചി എന്നിവയെ എല്ലാം കീടങ്ങള്‍ ആക്രമിക്കുന്നത് വര്‍ധിച്ചു. കുറച്ച് വര്‍ഷം മുമ്പാണ് കടുത്ത ചൂടിനെ തുടര്‍ന്ന് മണ്ണിരകളടക്കം കൂട്ടത്തോടെ ചത്തൊടുങ്ങുന്ന പ്രതിഭാസം വയനാട്ടിലുണ്ടായത്. ഇത് ഗുരുതരമായ കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയായിരുന്നു.

വയനാട് ബാണാസുര ഡാമിന് സമീപത്ത് നിന്നുള്ള ദൃശ്യം

വേണ്ടത് കൃത്യമായ മുന്നറിയിപ്പ്

ഒരു പഞ്ചായത്തിനുള്ളിലെ വാര്‍ഡുകളില്‍ പോലും പല തരത്തിലുള്ള മഴകിട്ടുന്ന അവസ്ഥയിലേക്ക് കേരളത്തിലെ കാലാവസ്ഥ മാറിക്കഴിഞ്ഞിട്ടുണ്ട്. കൃത്യമായ പ്രദേശിക മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനം ഉയര്‍ത്തിക്കൊണ്ടുവരിക മാത്രമാണ് ഇതിനുള്ള പ്രധാന മാര്‍ഗം. എല്ലാവര്‍ഷവും കൃത്യമായി പ്ലാന്‍ ചെയ്ത് പ്രധാനമായും നെല്‍കൃഷി മുന്നോട്ടുകൊണ്ടുപോയിരുന്ന ഒരു കാര്‍ഷിക രീതിയായിരുന്നു കേരളത്തിനുണ്ടായിരുന്നത്. വിരിപ്പ്, മുണ്ടകന്‍, പുഞ്ച എന്ന രീതിയില്‍ മൂന്ന് തവണയായി നെല്‍കൃഷി നടത്തിക്കൊണ്ടിരുന്ന സംസ്ഥാനം. ഇതിന് പുറമെ കുട്ടനാടന്‍-കോള്‍ പുഞ്ചകളും വയനാടന്‍ നഞ്ചയുമെല്ലാം വേറെയുമുണ്ടായിരുന്നു. ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ ഇങ്ങനെ കൃത്യമായി പ്ലാന്‍ ചെയ്ത് കൃഷി നടത്തുന്ന സംസ്ഥാനം കേരളം മാത്രമായിരിക്കും. എന്നാല്‍ അതിവര്‍ഷവും അത്യുഷ്ണവുമെല്ലാം മുമ്പും സംഭവിച്ചിരുന്നുവെങ്കിലും ഇത് എല്ലാ വര്‍ഷവും സംഭവിക്കുന്ന ഒന്നായി കേരളത്തില്‍ കഴിഞ്ഞ കുറേ വര്‍ഷമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇതോടെ മൂന്ന് തവണ നെല്‍കൃഷി നടത്തിയിരുന്ന കേരളത്തിലെ നെല്‍കര്‍ഷകര്‍ ഒന്നുപോലും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്ക് മാറിയെന്ന് ചൂണ്ടിക്കാട്ടുന്നു കാര്‍ഷിക ഗവേഷക വിദഗ്ധര്‍. നെല്‍കൃഷിയൊരുക്കേണ്ട സമയത്ത് വെള്ളം കിട്ടാതിരിക്കുകയും കൊയ്യേണ്ട സമയത്ത് വെള്ളം കെട്ടിക്കിടക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്ന് കേരളത്തിലെ നെല്‍കര്‍ഷകര്‍ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. ഇത് ഉല്‍പ്പാദന ചെലവ് കൂടുകയും വരുമാനം കുറയുകയും ചെയ്തു.

ഫോട്ടോ:പി.ജയേഷ്‌

കാലാവസ്ഥാ വ്യതിയാനവും ഇതുമൂലമുണ്ടാകുന്ന കൃഷിനാശവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം ലഭിക്കാനുള്ള നൂലാമാലകളും കര്‍ഷകരെ കടക്കെണിയിലാക്കിയതോടെ കര്‍ഷകര്‍ കൃഷിയിറക്കുന്നത് കുറയ്ക്കുകയും ചെയ്തു. ഇത് ഭാവിയില്‍ ഭക്ഷ്യക്ഷാമത്തിന് വഴിയൊരുക്കുന്നതാണ്. ഇതിന് പുറമെ കാര്‍ഷിക കടങ്ങളും പെരുകി. സംസ്ഥാനത്തെ 72 ശതമാനം കര്‍ഷകരും കടക്കെണിയാലാണെന്നാണ് കര്‍ഷക സംഘടനകളുടെ പഠനം വെളിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു കേരള അഗ്രികള്‍ച്ചറള്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ.പി.ഇന്ദിരാദേവി. ഒരു കര്‍ഷകന്റെ ശരാശരി കടബാധ്യത 5.46 ലക്ഷം രൂപയില്‍ നിന്നും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കടം ഇരട്ടിയായെന്നും, വായ്പയായി 21 ശതമാനം കര്‍ഷകരും അനൗദ്യോഗിക സംവിധാനങ്ങളെ ആശ്രയിക്കുന്നുവെന്നുമാണ് വിവരം. കടബാധ്യത ഇരട്ടിയാക്കിയെന്ന നിരീക്ഷണം പ്രധാനമായും 2021 ല്‍ പ്രസിദ്ധീകരിച്ച National Sample Survey Organisation ന്റെ Situation Assessment of Agricultural Households and Land Holdings of Households in India എന്ന റിപ്പോര്‍ട്ടുമായി താരതമ്യം ചെയ്തുകൊണ്ടാണ്. 2018-19 കാലയളവിക്കല നിലവാരമാണ് ഈ റിപ്പോർട്ടിൽ നല്‍കിയിരുന്നത്.

ഫോട്ടോ: സി.ആര്‍ ഗിരീഷ് കുമാര്‍

കാലാവസ്ഥയുടെ മാറ്റത്തിന് അനുസരിച്ചുള്ള കൃഷി രീതി അതായത് നെല്ലിനെ മാത്രം ആശ്രയിക്കാതെ പ്രാദേശിക ഭക്ഷ്യ കൃഷിയിലേക്ക് മാറണമെന്നാണ് വിദഗ്ധര്‍ മുന്നോട്ട് വെക്കുന്ന നിര്‍ദേശമെങ്കിലും ഇതും സാധ്യമാകാത്ത അവസ്ഥയാണ്. കാലാവാസ്ഥാ മാറ്റം നാടിനപ്പുറം കാടിനേയും ബാധിച്ചതോടെ വന്യമൃഗങ്ങള്‍ കാടുവിട്ട് നാട്ടിലിറങ്ങാന്‍ തുടങ്ങി. വരള്‍ച്ചയും സ്വാഭാവിക വനത്തിന്റെ ഘടനാമാറ്റവും മൃഗങ്ങളെ പട്ടിണിയിലാക്കി. വിശപ്പകറ്റാന്‍ കര്‍ഷകരുടെ കൃഷിയിടത്തേക്ക് വന്യമൃഗങ്ങള്‍ ഇറങ്ങാന്‍ തുടങ്ങിയതോടെ അത് കര്‍ഷകരുടെ ദുരിതം ഇരട്ടിയാക്കുകയും ചെയ്തു. ഇതോടെ ഭക്ഷ്യവിഭവങ്ങളായ നെല്ലിന് പുറമെ കപ്പയും ചേനയും ചേമ്പും വാഴയുമെല്ലാം വന്യമൃഗങ്ങള്‍ കീഴടക്കി. ആനശല്യത്തിന് പുറമെ പന്നി, മാന്‍ മയില്‍ കുരങ്ങന്‍ എന്നിവരെല്ലാം കാടിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് താമസമാക്കുകയും കാര്‍ഷികവിളകളുടെ പ്രധാന അന്തകരാവുകയും ചെയ്തതോടെ കര്‍ഷകര്‍ മറ്റ് കൃഷികളും നിര്‍ത്തിവെക്കാന്‍ തുടങ്ങി.

കാലാവസ്ഥാ മാറ്റം ഭൂമിയുടെ സ്വഭാവത്തിനുണ്ടാക്കിയത്

തൃശ്ശിലേരി പ്ലാമൂല കോളനിയിലെ വീട്

കാലാവസ്ഥാമാറ്റം കൃഷിയെ മാത്രമല്ല ഭൂമിയെ വരെ മാറ്റി മറിച്ച് വാസയോഗ്യവും കാര്‍ഷിക യോഗ്യവും അല്ലാതാക്കി മാറ്റിയിട്ടുണ്ട്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വയനാട് തൃശ്ശിലേരി മല. 2018-ലെ പ്രളയകാലത്തായിരുന്നു വയനാട് മാനന്തവാടി തൃശ്ശിലേരി പ്ലാമൂല കോളനിയിലെ ഭൂമി ഒറ്റരാത്രി കൊണ്ട് നിരങ്ങി നീങ്ങി അപ്പാടെ മാറിയത്. വയലിന് തൊട്ടുമുകളിലുള്ള കുന്നില്‍ ഒരു കിലോമീറ്ററോളമാണ് അന്ന് വിള്ളലുണ്ടായത്. ഭൂമി നിരങ്ങി നീങ്ങിയതോടെ 17 വീടുകള്‍ തകര്‍ന്നു. വിണ്ടുകീറുന്നുവെന്ന സ്വാഭാവിക പ്രതിഭാസത്തിനപ്പുറം കാലാവസ്ഥാ വിദഗ്ധരേയും പരിസ്ഥിതി പ്രവര്‍ത്തകരേയുമെല്ലാം വലിയ രീതിയില്‍ ഞെട്ടിച്ച സംഭവമായിരുന്നു തൃശ്ശിലേരിയില്‍ സംഭവിച്ചത്. 500 ദിവസം പെയ്യുന്നത്ര മഴ ഒന്‍പതോ പത്തോ ദിവസത്തിനുള്ളില്‍ പെയ്ത് തീര്‍ന്നതാണ് പ്രശ്നത്തിന് കാരണമായി മണ്ണ് സംരക്ഷണ വിദഗ്ധരും ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരുമെല്ലാം അന്ന് ചൂണ്ടിക്കാണിച്ചിരുന്നത്. പിന്നീട് കേരളത്തില്‍ നിന്നുമാത്രമല്ല രാജ്യത്തിന്റെ പലഭാഗത്തു നിന്നും കേട്ടു അതിശൈത്യത്തിന്റേയും പ്രളയത്തിന്റേയും കാലാവസ്ഥാ മാറ്റത്തിന്റേയും വാര്‍ത്തകള്‍.

വയനാട് പുത്തുമലയിൽ നടന്ന രക്ഷാപ്രവർത്തനം

വേണം ജലസാക്ഷരത- പ്രൊഫ.ഡോ.പി.ഇന്ദിരാദേവി

ഡോ.പി.ഇന്ദിരാദേവി

കേരളത്തിന് ജലസാക്ഷരതയെ കുറിച്ച് അവബോധമുണ്ടാകേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നു പറയുന്നു കേരള സർവകലാശാല പ്രൊഫ.ഡോ.പി.ഇന്ദിരാദേവി

കാരണം അത്രമാത്രമാണ് നമ്മുടെ ജലലഭ്യതയില്‍ മാറ്റമുണ്ടായിരിക്കുന്നത്. ജലത്തെ ആശ്രയിച്ചുമാത്രമുള്ള കൃഷിക്ക് പകരം ജലം അത്യാവശ്യമില്ലാത്ത മറ്റ് വിളകളെ നമ്മള്‍ തേടേണ്ടിയിരിക്കുന്നു. ഓരോ കാലത്തെ അടിസ്ഥാനമാക്കിയുള്ള നമ്മുടെ നെല്‍കൃഷിയെ കാലാവാസ്ഥയ്ക്ക് അനുസരിച്ച് മാറ്റണം. മറ്റൊരു കാര്യം മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനം അത്യാവശ്യമായിട്ടുണ്ട്. അതായത് ഉള്ളജലം സംരക്ഷിച്ച് നിര്‍ത്തുക എന്നത് നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്വമായി മാറ്റണം. ജാതികൃഷിയൊക്കെ സംസ്ഥാനത്ത് വലിയ രീതിയില്‍ നടക്കുന്നുണ്ട്. ജലം കൂടുതല്‍ ആവശ്യമുള്ള കൃഷിയാണ് ജാതികൃഷി. പക്ഷെ ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അവബോധമില്ല. ജനങ്ങള്‍ വലിയ അളവില്‍ ജാതികൃഷിയിലേക്ക് നീങ്ങുകയും ജലം കിട്ടാതാവുകയും ചെയ്യുമ്പോള്‍ വലിയ നഷ്ടമാണ് അവര്‍ക്കുണ്ടാവുന്നത്. ഇങ്ങനെയുള്ള കാര്യങ്ങളിലെല്ലാം ജനങ്ങള്‍ക്ക് തീര്‍ച്ചയായും അവബോധമുണ്ടായിരിക്കണം.

ഫയല്‍ ഫോട്ടോ : അരുണ്‍ കൃഷ്ണന്‍ കുട്ടി

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഏറ്റവും രൂക്ഷമായ ആഘാതം ജലസമ്പത്തിന്റെ കാര്യത്തിലാണെന്ന് പഠനങ്ങള്‍ അടിവരയിടുന്നുണ്ട്. കേരളം ജലസമൃദ്ധമെന്ന ധാരണയാണ് പൊതുവിലുള്ളത്. അതുകൊണ്ടുതന്നെ നമ്മുടെ ജലോപയോഗ ശീലങ്ങളും ധാരാളിത്തത്തോടെയാണ്. കേരളത്തിന്റെ ജലസമ്പത്തിന്റെ മുക്കാല്‍ഭാഗവും കാര്‍ഷിക രംഗത്താണ് ഉപയോഗപ്പെടുത്തുന്നത്. ബാക്കി മാത്രമാണ് വ്യവസായികരംഗത്തും ഗാര്‍ഹികരംഗത്തും ഉപയോഗിക്കുന്നത്. ഒരുകാലത്ത് ജലത്തെ ആശ്രയിച്ചുള്ള കൃഷിയുടെ പ്രധാന ആശ്രയം കിണര്‍ വെള്ളമായിരുന്നുവെങ്കില്‍ ഇന്നത് സാധ്യമകാത്ത അവസ്ഥയാണ്. പരമ്പരാഗത രീതിയിലുള്ള കിണറുകളെക്കാള്‍ കുഴല്‍ക്കിണറുകള്‍ വ്യപകമാകുന്നു. മുമ്പ് മലയോര മേഖലയാണ് കുഴല്‍കിണറിനെ കൂടുതല്‍ ആശ്രയിച്ചിരുന്നതെങ്കില്‍ ഇന്ന് താഴ്ന്ന പ്രദേശങ്ങളില്‍ പോലും കുഴല്‍ക്കിണറുകള്‍ അനിയന്ത്രിതമായി വര്‍ധിക്കുകയാണ്. അതീവ പരിസ്ഥിതി ലോല മേഖലയെന്നറിയപ്പെടുന്ന വയനാട്, ഇടുക്കി ജില്ലകളില്‍ പോലും കുഴല്‍ക്കിണറുകള്‍ വ്യാപകമാകുന്നു. പത്തോ പന്ത്രണ്ടോ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ കുഴല്‍ക്കിണറുകളുടെ ശരാശരി ആഴങ്ങളേക്കാള്‍ ഇപ്പോള്‍ ഇവയുടെ ആഴം ഇരട്ടിയോളം വര്‍ധിച്ചിട്ടുണ്ടെന്നതാണ് യാഥാര്‍ഥ്യം.

ലോകത്താകമാനം ഉണ്ടായിരിക്കുന്ന കാലാവസ്ഥാ മാറ്റത്തിന്റെ ഒരു പ്രതിഫലനം തന്നെയാണ് നമുക്കും ഉണ്ടാവുന്നത്. മഴയുടെ ലഭ്യതയില്‍ പ്രാദേശികമായ വ്യതിയാനം ഉണ്ടാവുന്നത് ഇതിന്റെ ഭാഗമായിട്ടാണ്. ഒരു വാര്‍ഡില്‍ തന്നെ ചിലയിടത്ത് മഴ ലഭിക്കുകയും മറ്റുചിലയിടത്ത് മഴ ലഭിക്കാതിരിക്കുകയും ചെയ്യുന്നു. കൃത്യമായ മഴ മുന്നറിയിപ്പ് എന്നത് നമുക്ക് ഇതുവരെ സാധ്യമായിട്ടില്ല. പ്രാദേശികമായി മഴ മുന്നറിപ്പ് നല്‍കുന്ന സംവിധാനം നമുക്കുണ്ടാകേണ്ടതുണ്ട്. പക്ഷേ, ഇപ്പോഴത്തെ അവസ്ഥ ജില്ലാ തലങ്ങളില്‍ പോലും കൃത്യമായി ലഭിക്കാത്ത തരത്തിലാണ്. ഇതിന് മാറ്റം വരണം. സ്‌കൂളുകളും കോളേജുകളുമെല്ലാം കേന്ദ്രീകരിച്ച് ഇത് നടപ്പിലാക്കാവുന്നതാണ്.(കേരള കാർഷിക സർവകലാശാല ഐ.സി.എ.ആർ എമിറേറ്റസ് പ്രൊഫസറാണ് ഡോ.പി.ഇന്ദിരാദേവി)

യു.എന്‍ റിപ്പോര്‍ട്ട്

2015 മുതലുള്ള ഏട്ടുവര്‍ഷങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളവയില്‍ ഏറ്റവും ചൂടേറിയവയെന്ന് പറയുന്ന റിപ്പോര്‍ട്ട് ഞായറാഴ്ചയാണ് ഐക്യരാഷ്ട്ര സഭ (യു.എന്‍) ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ പുറത്തുവിട്ടത്. വ്യവസായ വിപ്ലവം തുടങ്ങിയ ശേഷം അന്തരീക്ഷ താപനില 1.15 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നെന്നാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. താപനിലയിലെ വര്‍ധന കാലാവസ്ഥാ വ്യതിയാനത്തിനും അതിരൂക്ഷമായ കടലേറ്റം, മഞ്ഞുരുക്കം, ഉഷ്ണവാതം, എന്നിവയ്ക്കും ഇടയാക്കുമെന്ന മുന്നറിയിപ്പും ഇതിലുണ്ട്. 1993-ന് ശേഷം കടല്‍ നിരപ്പ് ഇരട്ടിയായി. 2020 ജനുവരി മുതല്‍ രണ്ടര വര്‍ഷം കൊണ്ടുമാത്രം കടല്‍നിരപ്പ് 10 മില്ലിമീറ്റര്‍ ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫയല്‍ ഫോട്ടോ: പി.പി രതീഷ് (മാതൃഭൂമി)

2017-ലെ ഓഖി ചുഴലിക്കാറ്റിനും അതിനുമുമ്പത്തെ രണ്ടുവര്‍ഷങ്ങളിലുണ്ടായ വരള്‍ച്ചയും 2018-ലെ പ്രളയവും മനുഷ്യനിര്‍മിത കാലാവസ്ഥാവ്യതിയാനം കാരണമുണ്ടാകുന്ന നാശത്തെക്കുറിച്ചുള്ള സൂചനകളായിരുന്നു. പക്ഷേ, അത് തിരിച്ചറിയാന്‍ വൈകിപ്പോയി. അറബിക്കടലിലെ സമുദ്രജലോഷ്മാവ് കഴിഞ്ഞ രണ്ടുദശാബ്ദത്തില്‍ 1.2 ഡിഗ്രിമുതല്‍ 1.4 ഡിഗ്രിവരെയാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് പശ്ചിമതീരത്ത് ചുഴലിക്കാറ്റുകളുടെയും മേഘസ്‌ഫോടനങ്ങളുടെയും പേമാരിയുടെയും എണ്ണവും കൂടിയെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഡോ.എസ്.അഭിലാഷ്

മണ്‍സൂണ്‍ അസ്ഥിരമാകുന്നു-ഡോ. എസ്. അഭിലാഷ്

മണ്‍സൂണ്‍ അസ്ഥിരമാകുന്നതാണ് കേരളത്തില്‍ സമീപകാലങ്ങളില്‍ ദൃശ്യമാവുന്ന കാഴ്ച. വരുംവര്‍ഷങ്ങളില്‍ ഈ ക്രമരാഹിത്യം വര്‍ധിക്കുമെന്നും പറുയുന്നു കുസാറ്റിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫിയറിക് റഡാര്‍ റിസര്‍ച്ച് ഡയറക്ടറായ ഡോ. എസ്. അഭിലാഷ്. വര്‍ഷാവര്‍ഷ വ്യതിയാനങ്ങളും സീസണിനുള്ളിലെ വ്യതിയാനങ്ങളും കൂടുതല്‍ പ്രകടമാവും. മണ്‍സൂണ്‍ സീസണില്‍ ലഭിക്കുന്ന ആകെ മഴയുടെ അളവില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ലെങ്കിലും അതിന്റെ വിതരണത്തില്‍ സാരമായ വ്യത്യാസം സംഭവിക്കും. ചുരുക്കം ചില ദിവസങ്ങളില്‍ തീവ്രമായി മഴ പെയ്യുകയും ദീര്‍ഘനാള്‍ മഴയില്ലാതിരിക്കുകയും ചെയ്യുന്നത് വരുംകാലങ്ങളില്‍ മണ്‍സൂണിന്റെ സ്ഥായീഭാവമാകുമെന്നും അഭിലാഷ് ചൂണ്ടിക്കാട്ടുന്നു .ആഗോളതാപനത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള അനിശ്ചിതത്വവും കാലാവസ്ഥാവ്യതിയാനങ്ങളും മണ്‍സൂണ്‍ പ്രതിഭാസത്തെ ഭാവിയില്‍ പ്രവചനാതീതമാക്കും. കൃഷിയെയും മത്സ്യബന്ധനത്തെയും ഉപജീവനമാര്‍ഗമായി സ്വീകരിച്ച ജനവിഭാഗങ്ങളെ കാലാവസ്ഥാവ്യതിയാനം പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇതിനെ പ്രതിരോധിക്കാന്‍ ഭരണസംവിധാനങ്ങളുടെ അടിയന്തര ഇടപെടല്‍ അത്യാവശ്യമാണെന്നും അഭിലാഷ് വ്യക്തമാക്കുന്നു.


Content Highlights: climate change and farming


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented