'ഏകദേശം 51 ഇനങ്ങളില്‍പ്പെട്ട പൈതൃകമായ നെല്‍വിത്തുകള്‍ ഞാന്‍ ഇത്രയും കാലം സംരക്ഷിച്ചുപോന്നു. സാമ്പത്തികമായ ഒരു സഹായവും ഇതുവരെയും ആവശ്യപ്പെട്ടിട്ടില്ല. ഞാനില്ലാതായാലും ഈ വിത്തുകള്‍ സംരക്ഷിക്കപ്പെടണമെന്ന ആഗ്രഹം മാത്രമേ എനിക്കുള്ളു. കൃഷിയായിരുന്നു ഞങ്ങളുടെ ജീവിതമാര്‍ഗം'. ചേറിലും ചെളിയിലും പാടത്തുമിറങ്ങി ഗവേഷണം നടത്തിയ നെല്‍വിത്തുകളുടെ സംരക്ഷകന്‍ ചെറുവയല്‍ രാമന്‍ എന്ന കര്‍ഷകന്റെ വാക്കുകളാണ് ഇത്. 

ഹൃദയാഘാതത്തെത്തുടര്‍ന്ന് കിടപ്പിലായ ഇദ്ദേഹം ദീര്‍ഘകാലം പരിപാലിച്ചുപോന്നത് പ്രളയത്തെപ്പോലും അതിജീവിക്കുന്ന പരമ്പരാഗതമായ നെല്‍വിത്തുകളാണ്. വെളിയന്‍, ചേറ്റ് വെളിയന്‍, മുണ്ടകന്‍, ചെന്താരി, ചെമ്പകം, മരത്തൊണ്ടി, ചെന്നെല്ല്, കണ്ണിച്ചെന്നെല്ല്, ചോമാല, അടുക്കന്‍, വെളുമ്പാല, പാല്‍വെളിയന്‍, കൊടുവെളിയന്‍, ഗന്ധകശാല, ജീരകശാല, കയമ, ഉരുണിക്കയമ,  പാല്‍ത്തൊണ്ടി, ഓണമൊട്ടന്‍, കല്ലടിയാരന്‍,ഓക്കന്‍ പുഞ്ച, കുറുമ്പാളി, വെള്ളിമുത്ത്, പുന്നാരന്‍ തൊണ്ടി, തൊണ്ണൂറാംതൊണ്ടി, തൊണ്ണൂറാംപുഞ്ച, നവര, കുങ്കുമശാലി എന്നിങ്ങനെ 51 ഇനങ്ങളില്‍പ്പെട്ട വിത്തുകളുടെ സംരക്ഷകനായ ഈ ആദിവാസി കര്‍ഷകന്‍ നെല്‍ക്കൃഷിയുടെ എന്‍സൈക്ലോപീഡിയ തന്നെയാണ്. 

ഊരിലെ പ്രായമായവരുടെ കൈയില്‍ നിന്ന് രാമന്‍ നെല്‍വിത്തുകള്‍ ശേഖരിച്ചിരുന്നു. ക്ഷേത്രാചാരത്തിന് പലയിനം നെല്ലുകള്‍ കുറിച്യര്‍ ഉപയോഗിച്ചിരുന്നു. അവരില്‍ നിന്നും കുറേയിനങ്ങള്‍ ശേഖരിച്ചു. കൃഷിയോട് താത്പര്യമുള്ള മറ്റു പലരും രാമന് നാടന്‍ നെല്ലിനങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.

പൂര്‍ണമായും ജൈവ കൃഷിയാണ് രാമന്‍ പിന്തുടരുന്നത്. ചാണകവും ചാരവും തന്നെയാണ് പ്രധാന വളം. തവള, തുമ്പി, ചിലന്തി തുടങ്ങിയ മിത്രജീവികള്‍ കൃഷിയിടത്തിലെ കീടങ്ങളെ തിന്നുതീര്‍ക്കും. ഇതു കൂടാതെ കര്‍പ്പൂരച്ചെടിപോലുള്ള രൂക്ഷഗന്ധം വമിക്കുന്ന ചെടികളും കീടങ്ങളെ തുരത്താന്‍ ഉപയോഗിക്കുന്നു.  

Raman
ചെറുവയല്‍ രാമന്‍ നെല്‍പ്പാടത്ത് : ഫോട്ടോ: എ. ജെ ചാക്കോ

നെല്ല് വിളവെടുത്ത ശേഷം ഒരാഴ്ച വെയിലും മഞ്ഞും കൊള്ളിക്കുന്നു. തുടര്‍ന്ന് മുള കൊണ്ടുണ്ടാക്കിയ കുട്ട ചൂടാക്കി വെയിലിന്റെ ചൂടോടെ നെല്ലിനെ അതില്‍ സംഭരിക്കും. വൈക്കോല്‍, കൂടാരം പോലെ കെട്ടിയുണ്ടാക്കുന്ന വിത്തുകൂടയും നെല്‍സംഭരണത്തിന് ഉപയോഗിക്കുന്നുണ്ട്. പുഴുങ്ങിക്കുത്തിയ അരിയും ഈ വിധം സംഭരിക്കാം. ഇങ്ങനെ സംഭരിക്കുന്ന വിത്തുകള്‍ക്ക് രണ്ടു വര്‍ഷത്തോളം മുളയ്ക്കാനുള്ള ശേഷിയുണ്ടാകും.

നെല്ലച്ഛനെത്തേടി, വിത്തിനങ്ങളറിയാന്‍ 

1952 ല്‍ വയനാട്ടിലെ കുറിച്യ ഗോത്രത്തില്‍ കേളപ്പന്റെയും തേയിയുടെയും മകനായി തോനിച്ചാല്‍ ഗ്രാമത്തിലാണ് രാമന്റെ ജനനം. കമ്മന നവോദയ വിദ്യാലയത്തില്‍ അഞ്ചാം ക്ലാസ് മുതല്‍ പത്താംക്ലാസ് വരെ പഠനം നടത്തി. 

Cheruvayal raman
ചെറുവയല്‍ രാമന്‍ തന്റെ വീടിന് മുന്നില്‍ : ഫോട്ടോ: എ. ജെ ചാക്കോ

കൃഷിയെ ബിസിനസ് എന്നതിനേക്കാളുപരി ജീവിതത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമായിക്കണ്ട ഈ കര്‍ഷകന് ആകെയുള്ള സമ്പാദ്യവും ഒരായുസ് മുഴുവന്‍ താന്‍ സൂക്ഷിച്ചുവെച്ച നെല്‍വിത്തുകളാണ്. കൃഷിയില്‍ ഗവേഷണം നടത്തുന്നവരും കാലാവസ്ഥയെക്കുറിച്ച് പഠിക്കുന്നവരും കൃഷി പരീക്ഷണങ്ങളെക്കുറിച്ചറിയാന്‍ രാമനെ സമീപിക്കുന്നു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളും രാമനെത്തേടിയെത്തിയിരുന്നു. 

കേട്ടുകേള്‍വി മാത്രമുള്ള നെല്‍വിത്തിനങ്ങള്‍ തേടി വിദ്യാര്‍ഥികള്‍ വയനാട്ടിലെത്തി. വിത്തിനങ്ങള്‍ കുട്ടികളെ കാണിച്ച് സംശയങ്ങള്‍ക്ക് മറുപടി പറയുകയും സംവാദം നയിക്കുകയും ചെയ്ത ഈ കര്‍ഷകന്‍ ഇന്ന് നിസ്സഹായനാണ്. അസുഖത്തെത്തുടര്‍ന്ന് ദീര്‍ഘദൂര യാത്രകള്‍ നടത്താനും വിദ്യാര്‍ഥികള്‍ക്കിടയില്‍ കൃഷിയെക്കുറിച്ചുള്ള ബോധവത്കരണം നടത്താനും കഴിയാത്തതിനാല്‍ ആശങ്കപ്പെടുന്ന  ഇദ്ദേഹത്തിന്റെ പ്രയത്‌നം കാര്‍ഷിക കേരളം തിരിച്ചറിയണം. സാമ്പത്തിക ലാഭത്തേക്കാള്‍ പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്ന ആദിവാസികര്‍ഷകരുടെ പൈതൃകം നിലനിര്‍ത്തണമെന്നതാണ് ഇദ്ദേഹം ഓര്‍മിപ്പിക്കുന്നത്.

Content highlights: Cheruvayal Raman, Agriculture, Organic farming, Wayanad, Paddy field