മഴ മാറി വെയില്‍ തെളിഞ്ഞ ചെമ്മരുതിയിലെ നെല്‍പ്പാടങ്ങളില്‍ കര്‍ഷകരുടെ നിറചിരി. വയലേലകളാല്‍ സമൃദ്ധമായ ചെമ്മരുതി പഞ്ചായത്തിന്റെ സ്വന്തം ബ്രാന്‍ഡായ കുത്തരി ഈ മാസം 24-ന് വിപണിയിലെത്തുകയാണ്. വിവിധ പാടശേഖരങ്ങളിലെ കര്‍ഷകരില്‍നിന്ന് കൃഷിഭവന്‍ ന്യായവിലയ്ക്കു ശേഖരിക്കുന്ന നെല്ല് കുടുംബശ്രീ തവിടു കളയാത്ത കുത്തരിയാക്കിയ ശേഷം പഞ്ചായത്താണ് വിപണിയിലെത്തിക്കുന്നത്.
മായം ചേരാത്ത കുത്തരി ജനങ്ങള്‍ക്കു ലഭ്യമാക്കുകയാണ് പഞ്ചായത്തിന്റെ പ്രധാന ലക്ഷ്യം. മുന്‍പ് കര്‍ഷകര്‍ നെല്ല് സിവില്‍ സപ്ലൈസിനാണ് നല്‍കിയിരുന്നത്. സിവില്‍ സപ്ലൈസ് കര്‍ഷകര്‍ക്ക് സമയത്ത് പണം കൊടുക്കുന്നില്ലെന്ന പരാതി വ്യാപകമായപ്പോഴാണ് കര്‍ഷകരെ സംരക്ഷിക്കാന്‍ പഞ്ചായത്തും കൃഷിഭവനും കുടുംബശ്രീയും ഒന്നിച്ചുചേര്‍ന്നത്. 10 കിലോഗ്രാമിന്റെ അരി പായ്ക്കറ്റാണ് ആദ്യം ഇറക്കുന്നത്. വിപണി പഞ്ചായത്ത് കണ്ടെത്തും.
ഈ വര്‍ഷം 68 ഹെക്ടറില്‍നിന്ന് 350 ടണ്‍ നെല്ല്
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സുഭിക്ഷകേരളം ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെയാണ് നെല്‍ക്കൃഷിയുടെ പ്രതാപകാലത്തിലേക്ക് ചെമ്മരുതി തിരിച്ചുപോകുന്നത്. പഞ്ചായത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും കാര്‍ഷിക മേഖലയുമായി ഇടപഴകി ജീവിച്ചുവന്നവരാണ്. കാര്‍ഷികമേഖലയിലെ തൊഴിലാളികളുടെ അഭാവവും കൂലിച്ചെലവും കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവും മൂലമാണ് കൃഷി അവഗണിക്കപ്പെട്ടത്.
17.54 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ചെമ്മരുതി പഞ്ചായത്തില്‍ 1.26 ചതുരശ്ര കിലോമീറ്ററിലും നെല്‍വയലുകളാണ്. മുന്‍പ് പഞ്ചായത്തിലെ പനയറ, ചെമ്മരുതി, മുത്താന, മുട്ടപ്പലം, കോവൂര്‍, പ്രാലേയഗിരി, കൂട്ടപ്പുര എന്നിങ്ങനെ ഏഴു പാടശേഖരങ്ങളിലായി 126 ഹെക്ടര്‍ പ്രദേശത്താണ് നെല്‍ക്കൃഷി ചെയ്തിരുന്നത്. കാലക്രമേണ കൃഷി 68 ഹെക്ടറിലായി ചുരുങ്ങി. കഴിഞ്ഞവര്‍ഷം 80 ഹെക്ടറില്‍ നെല്‍ക്കൃഷി വ്യാപിപ്പിക്കുന്നതിനു സാധിച്ചു. ഈ വര്‍ഷം 68 ഹെക്ടറിലാണ് കൃഷിയിറക്കിയത്.
ഇതുവരെ 350 ടണ്‍ നെല്ല് ഉത്പാദനം നടത്തിയിട്ടുണ്ട്. രണ്ടാം വിളയില്‍ 70 ഹെക്ടര്‍ പ്രദേശത്ത് കൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന്റെ ജീവനി പദ്ധതിയിലൂടെ, പഞ്ചായത്തിലെ തരിശായി കിടക്കുന്ന പുരയിടങ്ങളില്‍ പച്ചക്കറിക്കൃഷിയും ചെയ്യുന്നുണ്ട്. സുഭിക്ഷകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2000 വീടുകളില്‍ അടുക്കളത്തോട്ടവും 2000 വീടുകളില്‍ ഇടവിളക്കൃഷിയും 200 വീടുകളില്‍ വാഴക്കൃഷിയും 500 വീടുകളില്‍ ഗ്രോബാഗില്‍ പച്ചക്കറിക്കൃഷിയുമുണ്ട്.
കാര്‍ഷികമേഖലയില്‍ പുത്തനുണര്‍വ്
ചെമ്മരുതിയില്‍ കാര്‍ഷികമേഖലയില്‍ പുത്തനുണര്‍വ് നേടാന്‍ ഭരണസമിതിയുടെ അഞ്ചുവര്‍ഷങ്ങളില്‍ കഴിഞ്ഞിട്ടുണ്ട്. തരിശുരഹിത പഞ്ചായത്താക്കി മാറ്റാനുള്ള തീവ്രശ്രമമാണ് പഞ്ചായത്തും കൃഷിഭവനും പാടശേഖര സമിതികളും നടത്തിയത്. കര്‍ഷകര്‍ക്കൊപ്പം കുടുംബശ്രീ യൂണിറ്റുകളും തൊഴിലുറപ്പു തൊഴിലാളികളും കൈകോര്‍ത്തതോടെ കാര്‍ഷികമേഖല പഴയ പ്രതാപം വീണ്ടെടുത്തു. -എ.എച്ച്.സലിം, ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ്
കാര്‍ഷിക സംസ്‌കൃതി തിരികെയെത്തുന്നു
അസ്തമിക്കുന്ന കാര്‍ഷികസംസ്‌കൃതിയും നശിക്കുന്ന പച്ചപ്പും തിരികെയെത്തിക്കാനുള്ള തീവ്രശ്രമമാണ് ചെമ്മരുതിയില്‍ നടക്കുന്നത്. കൃഷി നഷ്ടമാണെന്ന് മുറവിളിക്കുന്നവര്‍ക്കുള്ള മറുപടികൂടിയാണിത്. കൃഷിക്കൊപ്പം നീര്‍ച്ചാലുകളും കൈത്തോടുകളും പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞത് നേട്ടമാണ്. കൃഷിക്ക് പഞ്ചായത്തിന്റെ അകമഴിഞ്ഞ സഹായമാണ് ലഭിച്ചത്. തരിശുകിടക്കുന്ന പാടങ്ങളേറ്റെടുത്തു മുന്നോട്ടുപോകാനുള്ള ശ്രമം തുടരണം. - കര്‍മചന്ദ്രന്‍ നമ്പൂതിരി, കര്‍ഷകന്‍
സുഭിക്ഷ ഭക്ഷണം ലക്ഷ്യം
ആരോഗ്യമുള്ള ജനതയ്ക്കായി സുഭിക്ഷ ഭക്ഷണമെന്ന ലക്ഷ്യത്തോടെയാണ് ചെമ്മരുതി ബ്രാന്‍ഡ് കുത്തരി വിപണിയിലിറക്കുന്നത്. ചെമ്മരുതി കൃഷിഭവന്‍ കര്‍ഷകരില്‍നിന്നു നെല്ല് സംഭരിച്ച് കുടുംബശ്രീക്കു കൈമാറിയാണ് കുത്തരി ഇറക്കുന്നത്. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും ചെമ്മരുതിയില്‍ നന്നായി നടപ്പാക്കുന്നു. - പ്രീതി, ചെമ്മരുതി കൃഷി ഓഫീസര്‍
തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കി
മുക്കാല്‍ ഭാഗത്തോളം തരിശുകിടന്ന പ്രാലേയഗിരി പാടശേഖരം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ കൃഷിയോഗ്യമാക്കാന്‍ കഴിഞ്ഞു. നല്ല ഉത്പാദനം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ച നെല്‍ക്കൃഷിയുടെ വിളവെടുപ്പു നടക്കുകയാണ്. കൂടാതെ സുഭിക്ഷകേരളം പദ്ധതിയില്‍ മരച്ചീനി, ഇടവിള, പച്ചക്കറിക്കൃഷികളും ചെയ്തുവരുന്നു. - വി.പുഷ്പാംഗദന്‍, സെക്രട്ടറി, പ്രാലേയഗിരി പാടശേഖര സമിതി
Content Highlights: Chemmaruthy panchayath produce branded rice