തിരുവോണ നാളില്‍ ഗുരുവായൂരില്‍ കണ്ണന് കാഴ്ചക്കുല സമര്‍പ്പിക്കുകയെന്നത് കാലങ്ങളായി കേരളത്തില്‍ നടന്നുവരുന്ന ഒരാചാരമാണ്. നല്ല സ്വര്‍ണ നിറത്തിലുള്ള, മുഴുപ്പും മിനുപ്പുമുള്ള കാഴ്ചക്കുലകളാണ് കണ്ണന് സമര്‍പ്പിക്കാന്‍ തിരഞ്ഞെടുക്കുക. പണ്ടത്തെ ജന്മിമാര്‍ക്ക് അടിയാളര്‍ സമര്‍പ്പിച്ചിരുന്ന കാഴ്ചക്കുലകളില്‍നിന്നാണ് ജന്മിമാരുടെ കാലം കഴിഞ്ഞപ്പോള്‍ ക്ഷേത്രങ്ങളില്‍ കാഴ്ചക്കുല സമര്‍പ്പിക്കലെന്ന രീതി വന്നത്.
കേരളത്തില്‍ കാഴ്ചക്കുലകളായി ഒട്ടേറെയിനം നേന്ത്രക്കുലകളുണ്ട്. അവയില്‍ പ്രധാനയിനം ചെങ്ങാലിക്കോടനാണ്. ചെങ്ങാലിക്കോടന്‍ കൃഷി സവിശേഷമായ ചില പരിചരണമുറകള്‍ ചെയ്താണ് കാഴ്ചക്കുലയാക്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ ചെങ്ങഴിനാട്, ചൂണ്ടല്‍, പുത്തൂര്‍, പേരാമംഗലം, വേലൂര്, എരുമപ്പെട്ടി, പഴുന്നാന എന്നിവിടങ്ങളിലാണ് പ്രധാനമായും ഇപ്പോള്‍ ചെങ്ങാലിക്കോടന്‍ കൃഷി ചെയ്യുന്നത്. സാധാരണ വാഴക്കൃഷിയില്‍നിന്നും വ്യത്യസ്തമായി ചെങ്ങാലിക്കോടന്റെ കൃഷിയില്‍ ചില പരമ്പരാഗത രീതികളുണ്ട്.
പേരിന്റെ കാര്യം
കേരളത്തിലാദ്യമായി ഭൗമസൂചികാ പദവി ലഭിച്ച വാഴയിനമാണിത്. തൃശ്ശൂരിലെ എരുമപ്പെട്ടിയാണ് ഇതിന്റെ ജന്മദേശം. വടക്കാഞ്ചേരിപ്പുഴ എക്കല്‍ നിക്ഷേപിക്കുന്ന തീരങ്ങളാണ് ഇതിന്റെ സമൃദ്ധമായ ആവാസസ്ഥാനം. പതിനൊന്നാം നൂറ്റാണ്ടില്‍ കുലശേഖരരാജാക്കന്മാരുടെ പതനത്തിനുശേഷം വിവിധനാട്ടുരാജ്യങ്ങള്‍ ഉദയം ചെയ്തപ്പോള്‍ ഉണ്ടായ ഒരു നാട്ടുരാജ്യമായിരുന്നു തലപ്പിള്ളി. തലപ്പിള്ളിക്കരികില്‍ ചെങ്ങഴി നമ്പ്യാന്മാരുടെ കീഴിലുണ്ടായിരുന്ന ചെങ്ങഴിക്കോട് നാട്ടുരാജ്യത്താണ് ഈ വാഴക്കൃഷി ആദ്യമായി തുടങ്ങിയത് അങ്ങനെ ഇതിന് ചെങ്ങഴിക്കോടന്‍ എന്ന പേരു കിട്ടി. ചെങ്ങഴിക്കോടന്‍ പിന്നീട് ചെങ്ങാലിക്കോടനായി എന്നും കഥയുണ്ട്.
പ്രത്യേകതകള്‍
ഉരുണ്ട് ഏണുകളില്ലാത്ത നീണ്ട കായകളായിരിക്കും. മധുരമുള്ള പഴങ്ങള്‍ പുഴുങ്ങിയാല്‍ മൃദുവാകും. മൂത്തു പഴുത്ത കായകള്‍ നല്ല സ്വര്‍ണനിറത്തില്‍ ചുവപ്പുംതവിട്ടും കലര്‍ന്നതായിരിക്കും. ഒരു കുലയില്‍ ഏഴ് പടലകള്‍ വരെയുണ്ടാകും. നല്ലതൂക്കം വെക്കുന്നയിനമാണിത്. ഒരു കായ തന്നെ 400-500 ഗ്രാം ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ കുല നന്നായിപഴുത്തതിനുശേഷം തലകീഴിയിപ്പിടിച്ചാല്‍ കായകള്‍ എല്ലാം അടര്‍ന്നു താഴെയെത്തും.
കന്നു തിരഞ്ഞെടുക്കല്‍
നടാനുള്ള കന്നു തിരഞ്ഞെടുക്കലില്‍ തുടങ്ങുന്നു കാഴ്ചക്കുലയ്ക്കുള്ള ഒരുക്കം. കഴിഞ്ഞതവണ നല്ല വാഴക്കുലകള്‍ ഉത്പാദിപ്പിച്ച വാഴയുടെ സൂചിക്കന്നുകളാണ് തിരഞ്ഞെടുക്കേണ്ടത്. ഓണം വരുന്നതിന്റെ സമയവും കൂടി ഇതുമായി ബന്ധപ്പെട്ടിരിക്കും ഓണം വൈകിയാണെങ്കില്‍ ചെറിയ കന്നുകളും ഓണം നേരത്തെയാണെങ്കില്‍ ഇടത്തരം വലുപ്പമുള്ള കന്നുകളും ഉപയോഗിക്കണം.
തിരഞ്ഞെടുത്ത വാഴയില്‍നിന്നും കുലവെട്ടിയതിനുശേഷം ഒരാഴ്ചയ്ക്കുള്ളില്‍ കന്നുകള്‍ വേര്‍പെടുത്തിയിരിക്കണം. കന്നുകള്‍ നാലുമാസം മൂപ്പുള്ള കന്നുകള്‍ അടിഭാഗത്തുനിന്നും ഒരടി മുകളില്‍ വെച്ച് വെട്ടിയെടുത്ത് വേരും കല്ലകളും ചെത്തി മിനുക്കി മണ്ണും ചാണകവും ചാരവും ചേര്‍ത്തുണ്ടാക്കിയ കുഴമ്പില്‍ 20 മിനിറ്റുനേരം മുക്കി വെക്കുന്നു. പിന്നീട് പുറത്തെടുക്കുന്ന കന്ന് നാലുദിവസം വെയിലത്തും 15 ദിവസം തണലിലും ഉണക്കിയാണ് നടുക.
സ്ഥലം തിരഞ്ഞെടുക്കണം
നല്ല സൂര്യപ്രകാശം ലഭിക്കുന്ന ചെങ്കല്‍ നിറഞ്ഞ ചുവന്ന മണ്ണുള്ള പ്രദേശമാണ് കാഴ്ചക്കുലയുടെ കൃഷിക്കുത്തമം. മഴക്കാലത്ത് നല്ല നിര്‍വാര്‍ച്ചാസൗകര്യവും വേനല്‍ക്കാലത്ത് നന സൗകര്യവും വേണം. വയലിലും നടാമെങ്കിലും മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കാതെ നോക്കണം. പത്തര മാസമാണ് ഇതിന്റെ വിളദൈര്‍ഘ്യം. തുലാമാസത്തിലാണ് കൃഷി തുടങ്ങുക.
അരമീറ്റര്‍ നീളവും വീതിയുമുള്ള കുഴിയില്‍ പിള്ളക്കുഴിയെടുത്ത് അതില്‍ കന്ന് നട്ടതിനുശേഷം അരക്കിലോ കുമ്മായം, കാലിവളം, പച്ചിലവളം, കമ്പോസ്റ്റ് എന്നിവയിട്ടുമുടണം. വാഴ മുള പൊട്ടിയാല്‍ ഒന്നരക്കിലോഗ്രാം കടലപ്പിണ്ണാക്കും അരക്കിലോവീതം വേപ്പിന്‍ പിണ്ണാക്കും നല്‍കി അല്പം പച്ചിലവളം കൂടിയിട്ട് കുഴി മൂടും രണ്ടുമാസം ഇടവിട്ട് 20 കിലോ കമ്പോസ്റ്റോ ഉണക്ക ചാണകമോ നല്‍കി 200 ഗ്രാം ഫോസ്ഫേറ്റും നല്‍കണം. വേനല്‍ക്കാലത്ത് മൂന്നുദിവസത്തിലൊരിക്കല്‍ നനയ്ക്കണം.
നനയ്ക്കല്‍
ചിങ്ങത്തിലെ ആദ്യദിവസങ്ങളിലാണ് ഓണം വരുന്നതെങ്കില്‍ വൃശ്ചികമാസത്തില്‍ത്തന്നെ നന തുടങ്ങണം. ഓണം അവസാനത്തിലാണെങ്കില്‍ ധനുമാസത്തോടെ നനയ്ക്കല്‍ തുടങ്ങാം. വാഴവെക്കാന്‍ താമസം നേരിട്ടെങ്കില്‍ നനയ്ക്കല്‍ നേരത്തേ തുടങ്ങണം. വാഴയ്ക്കുകിട്ടുന്ന ശരിയായ നനയാണ് വാഴയെ യഥാസമയം കുലയ്ക്കാന്‍ പര്യാപ്തമാക്കുന്നത്.
മണ്ണുകൂട്ടണം
നനയ്ക്കുമ്പോള്‍ കൂനയില്‍നിന്നും താഴേയ്ക്ക് ഇറങ്ങുന്ന മണ്ണ് ഓരോ രണ്ടാഴ്ചയും കൂടുമ്പോള്‍ മൂന്നടി വട്ടത്തില്‍ വേരുകള്‍ക്ക് കോട്ടം തട്ടാതെ മുകളിലേക്ക് കൂട്ടിക്കൊടുക്കണം. മണ്ണ് കൂട്ടുമ്പോള്‍ അതില്‍ത്തന്നെ മേല്‍വളങ്ങള്‍ ചേര്‍ത്തുകൊടുക്കാം. മഗ്നീഷ്യം, ബോറോണ്‍, കാത്സ്യം തുടങ്ങിയ മൂലകങ്ങളുടെ അളവ് കുറയാതിരിക്കാന്‍ മൈക്രോ ന്യൂട്രീഷ്യന്റ് ചേര്‍ത്തുകൊടുക്കാം. വെണ്ണീരും ചാണകപ്പൊടിയും നനയ്ക്കുന്നതിന് മ്മ്പ് കൊടുക്കണം. കുല വരുന്നതിന് മുമ്പ് ഒന്നാം താങ്ങും വന്നതിനുശേഷം രണ്ടാം താങ്ങും കൊടുക്കണം. നല്ല വലിയ കുലയാണെങ്കില്‍ മൂന്നാം താങ്ങും കൊടുത്ത് കുലയെ നേരെ നിര്‍ത്തണം.
കുല പൊതിഞ്ഞുകെട്ടണം
കായകള്‍ക്ക് ഒരു പോറലുമില്ലാത്ത കാഴ്ചക്കുലകള്‍ക്കാണ് വിപണിയില്‍ നല്ല വിലകിട്ടുക. കുല വന്ന് 25 ദിവസമാകുമ്പോള്‍ വാഴയിലകള്‍ തന്നെ ഉപയോഗിച്ച് കുല പൊതിഞ്ഞ് കെട്ടണം. ചില കര്‍ഷകള്‍ 30 ദിവസം കഴിഞ്ഞാല്‍ വീണ്ടും പൊതിഅഴിച്ച് മാറ്റി പ്പൊതിയും. ഇപ്പോള്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് പൊതിയുന്ന രീതിയുമുണ്ട്.
കുലയുടെ പടലകള്‍ക്കിടയിലും കായകള്‍ക്കിടയിലും ഉണങ്ങിയ വാഴയിലകള്‍ തിരുകി ഒരു പ്രത്യേക രീതിയിലാണ് കുല പൊതിയുക. കുലച്ച് 100-110 ദിവസങ്ങള്‍ക്കകം കുല വെട്ടാം. രണ്ടും ദിവസം കൊണ്ടുതന്നെ നല്ല മൂത്ത കുലകള്‍ പഴുക്കും പുകകൊടുത്താല്‍ ഒരു ദിവസം കൊണ്ട് നിറം വെക്കും.
Content Highlights: Changalikodan Banana For Onam