നാട്ടിലെ മിക്ക പുരയിടങ്ങളിലും വലിയ പരിചരണങ്ങളൊന്നുമില്ലാതെ വളരുന്ന ഒരു ഫലവര്‍ഗച്ചെടിയാണ് ചാമ്പക്ക അഥവാ ജാംബക്ക. അധികം ഉയരത്തിലല്ലാതെ ഇടത്തരം മരമായി വളരുന്ന ചാമ്പനിറയെ കായ്ച്ചുനില്‍ക്കുന്നത് ആകര്‍ഷകമായ കാഴ്ചയാണ്.

ഇനങ്ങള്‍

വെള്ള, റോസ്, ചുവപ്പ് നിറങ്ങളില്‍ കായ്കള്‍ നല്‍കുന്ന ഇനങ്ങളുണ്ട്. ബാങ്കോക്കില്‍നിന്ന് കേരളത്തിലെത്തിയ ചാമ്പക്കയാണ് ബാങ്കോക്ക് ചാമ്പ. ഉള്ളില്‍ കുരുവില്ല എന്ന പ്രത്യേകതയുണ്ട്. ഇതിന്റെ കമ്പ് ഉപയോഗിച്ചാണ് വംശവര്‍ധന നടത്തുന്നത്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് ഇവയില്‍ ഫലങ്ങളുണ്ടാകുന്നത്.

മലേഷ്യന്‍ റെഡ് ചാമ്പക്കയാണ് മറ്റൊരിനം. ഇത് വളരെ രുചികരമാണ്. തൈ നട്ട് ഒരുവര്‍ഷം കഴിഞ്ഞാല്‍ കായ്ച്ച് തുടങ്ങും. വെയില്‍ നന്നായി കിട്ടിയാല്‍ നന്നായി കായ്ക്കും. നല്ല സ്വാദുള്ള ഫലമാണ്. വര്‍ഷത്തില്‍ എല്ലാകാലത്തും കായ്ക്കും. അധികം ഉയരത്തിലല്ലാതെ കുറ്റിച്ചെടിയായാണ് ഇത് വളരുക. വിത്ത് വഴിയാണ് സ്വാഭാവികമായും മിക്ക ജാംബ ഇനത്തിന്റെയും വംശവര്‍ധന നടക്കുന്നത്. പക്ഷികളിലൂടെ ചാമ്പയുടെ വിത്ത് വിവിധഭാഗങ്ങളില്‍ എത്തുന്നു.

നടീല്‍

തൈകള്‍ക്കായി മൂത്ത് പഴുത്ത കായ്കളില്‍നിന്നും വിത്ത് ശേഖരിക്കണം. ഇവ നഴ്‌സറികളിലോ വളക്കൂറുള്ള മണ്ണ് നിറച്ച നഴ്‌സറി ബാഗിലോ പാകി തൈകളാക്കണം. വിത്ത് നട്ട് ഏതാണ്ട് മൂന്ന്-നാല് മാസമാകുമ്പോള്‍ സ്ഥിരമായ സ്ഥലത്തേക്ക് മാറ്റി നടാം.

ഒന്നരയടി വീതം നീളം, വീതി, താഴ്ചയുള്ള കുഴിയെടുത്ത് വളക്കൂറുള്ള മേല്‍മണ്ണിട്ട് കുഴി മൂടിയശേഷം തൈകള്‍ നടാം. വിത്തില്ലാത്ത ഇനങ്ങളുടെ വംശവര്‍ധന തണ്ടുകളിലൂടെയാണ്. ഇടത്തരം കനമുള്ള തണ്ടുകള്‍ മുറിച്ചെടുത്ത് വേര് പിടിപ്പിച്ച് പുതിയ തൈകളാക്കാം. വേര് പിടിക്കല്‍ ശക്തിപ്പെടുത്താന്‍ ഏതെങ്കിലും റൂട്ട് ഹോര്‍മോണുകള്‍ ഉപയോഗപ്പെടുത്താം. നല്ല സൂര്യപ്രകാശത്തില്‍ വളരാനാവുന്ന ചാമ്പ മരത്തിന് മിതമായ സൂര്യപ്രകാശവും അനുയോജ്യമാണ്. ജലലഭ്യതയാണ് ഇവയുടെ വളര്‍ച്ചയ്ക്കാവശ്യമായ മറ്റൊരു ഘടകം.

കനം കുറഞ്ഞ തൊലിയോടുകൂടിയ ചാമ്പക്ക കുരുവൊഴിവാക്കിയാല്‍ ഭക്ഷ്യയോഗ്യമാണ്. 100 ഗ്രാം ഫലത്തില്‍ 11.5 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ധാതുലവണങ്ങളായ പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, കോപ്പര്‍ എന്നിവയുമുണ്ട്. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിന് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുവാന്‍ സാധിക്കും.

വിവരങ്ങള്‍ക്ക്: 9446088605