ഇന്നത്തെ വികസനക്കുതിപ്പിന്റെ ആഘാതങ്ങളെല്ലാം കാര്‍ഷിക മേഖലയുടെ തകര്‍ച്ചയിലേക്കാണ് കൊണ്ടെത്തിക്കുന്നതെന്ന് സങ്കടത്തോടെ പറയട്ടെ. വികസനം തീര്‍ച്ചയായും വേണ്ടതു തന്നെ. ഒപ്പം തന്നെ പ്രധാനപ്പെട്ടതാണ് വികസനോന്മുഖമായ കൃഷിയും കര്‍ഷകരും പരിസ്ഥിതിയും. വികസിത രാജ്യങ്ങളിലേതുപോലെ വിശാലമായ കൃഷിസ്ഥലങ്ങളും എല്ലാ കാര്‍ഷിക പ്രവൃത്തികളും നടത്തിത്തരുന്ന യന്ത്രസംവിധാനങ്ങളും കേരളത്തിലെ സാഹചര്യങ്ങളില്‍ നടപ്പിലാക്കാനേ സാധിക്കില്ല. 

Farmers Suicideഅതുകൊണ്ടുതന്നെ കേരളത്തിലെ കൃഷിയില്‍ മനുഷ്യന്റെ ഇടപെടല്‍ കുറയ്ക്കുന്നതിന് പരിമിതികളുണ്ട്. തേങ്ങയിടാനും മാങ്ങ,കുരുമുളക് എന്നിവ പറിക്കാനും കശുവണ്ടിയും ജാതിക്കയുമൊക്കെ പെറുക്കിയെടുക്കാനും ഇന്നും മനുഷ്യാധ്വാനം തന്നെയാണ് നാം ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ കര്‍ഷകര്‍ അതിജീവനത്തിനുവേണ്ടി നെട്ടോട്ടമോടുന്നത്. വിള ഏതുതന്നെയാകട്ടെ, ലാഭകരമായി കൃഷി ചെയ്യാന്‍ സാധിക്കുകയെന്നത് കേരളത്തിലെ കര്‍ഷകരും ഭരണകൂടവും ഒരുപോലെ നേരിടുന്ന വെല്ലുവിളിയാണ്.

ഉയര്‍ന്ന സാക്ഷരത പുതിയ പുതിയ അറിവുകള്‍ വേഗത്തില്‍ തന്നെ കര്‍ഷകരിലെത്തിക്കുന്നു. എല്ലാ പുത്തനറിവുകളും എല്ലാ സാഹചര്യത്തിലും നല്ലഫലം ഉറപ്പായും തരണമെന്നില്ല. പ്രബുദ്ധരായ കര്‍ഷകരുടെ നൂതന പരീക്ഷണങ്ങള്‍ പലതും ഇപ്രകാരം പരാജയമടയുന്നു.

പുതിയ കൃഷി അറിവുകള്‍ ഉല്‍പ്പന്നങ്ങളായും സേവനങ്ങളായും കര്‍ഷകരുടെ അടുത്തെത്താന്‍ മിക്കപ്പോഴും കാലതാമസമുണ്ടാകാറുണ്ട്. ഇപ്പോഴും നമ്മുടെ കര്‍ഷകരില്‍ വലിയ പങ്കും ഏറെ പഴക്കം ചെന്ന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നു.

സമസ്ത മേഖലയിലും ഒരുപാട് മാറ്റങ്ങള്‍ വന്നെങ്കിലും കാര്‍ഷിക മേഖലയില്‍ വേണ്ടത്ര ആധുനികത സന്നിവേശിപ്പിക്കാനായില്ല. ശരാശരി 5 മാസത്തെ അധ്വാനമുണ്ടെങ്കിലേ ഒരു വിള നെല്‍ക്കൃഷിയുടെ മുഴുവന്‍ പ്രവൃത്തികളും തീരുകയുള്ളു. തുടക്കം മുതല്‍ ഒടുക്കം വരെ കൃഷിയുടെ ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന ആശങ്കകളും അനിശ്ചിതത്വങ്ങളും വിജയകരമായി തരണം ചെയ്യാന്‍ സാധിച്ചാലേ കൃഷി ലാഭകരമാവുകയുള്ളു. അത്തരം ഒരു സാഹചര്യം ഉറപ്പുവരുത്താന്‍ ഇനിയും എത്ര കാലം നമുക്ക് കാത്തിരിക്കേണ്ടി വരും? സര്‍ക്കാര്‍ വളരെ തീവ്രമായി ഇടപെട്ടിട്ടുപോലും കുറ്റമറ്റ രീതിയില്‍ നെല്ലുസംഭരണം നടത്തി ന്യായമായ വില താമസമില്ലാതെ കര്‍ഷകര്‍ക്ക് നല്‍കാന്‍ ഇനിയും സാധിച്ചിട്ടില്ല. 

മുന്‍കാലങ്ങളെ അപേക്ഷിച്ച് കൃഷിയും അതുമായി ബന്ധപ്പെട്ട നമ്മുടെ പരിസ്ഥിതിയുടെയും പ്രാധാന്യം നല്ല പോലെ തിരിച്ചറിഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കര്‍ഷകര്‍ക്ക് സമൂഹമധ്യത്തില്‍ ഇരിപ്പിടമൊരുക്കാന്‍ കൃത്യമായ ഇടപെടലുകളുണ്ടാകണം. 

കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ മൂലമുണ്ടാകുന്ന കാര്‍ഷിക സമസ്യകള്‍ കര്‍ഷക സമൂഹത്തിന്റെ മാത്രം ബാധ്യതയായിക്കാണാതെ  മൊത്തം ജനങ്ങളുടെ അതിജീവനത്തിന്റെ വിഷയമായി കൈകാര്യം ചെയ്യണം. പുഞ്ചിരിക്കുന്ന കര്‍ഷകരുടെ സമൂഹത്തെ സൃഷ്ടിക്കാന്‍ ഇത്തരം ഒരു സമീപനം അനിവാര്യമാണ്. 

(കേരള കാര്‍ഷിക സര്‍വകലാശാലയിലെ മുന്‍ പ്രൊഫസറാണ് ലേഖകന്‍)

Content highlights: Agriculture, Farmer, Challenges in agriculture sector