പശുവിന്റെ പാലുത്പാദനത്തില്‍ അപ്രതീക്ഷിത കുറവ്; കാരണങ്ങള്‍ ഇവയാവാം


ഡോ.സാബിൻ ജോർജ്

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കേരളത്തിലെ സങ്കരയിനം പശുക്കളുടെ ശരാശരി പ്രതിദിന ഉത്പാദന ശേഷി, 10 ലിറ്റര്‍ ആണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഒരു പശുവിനെ വാങ്ങി തൊഴുത്തിലെത്തിച്ചു കഴിയുമ്പോള്‍ പ്രതീക്ഷിച്ച അളവില്‍ പാല്‍ കിട്ടുന്നില്ലെന്നോ നല്ലരീതിയില്‍ പാല്‍ തന്നുകൊണ്ടിരുന്ന പശുവിന്റെ പാല്‍ പെട്ടെന്ന് കുറഞ്ഞു പോകുന്നെന്നോ ഉള്ള പരാതികള്‍ കേള്‍ക്കാറുണ്ട്. ഇതിന്റെ കാരണം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ കൂടി മനസ്സില്‍ വയ്ക്കുക.

1. പശുവിന്റെ പാലളവ് അതിന്റെ ജനിതക ശേഷിയെ ആശ്രയിച്ചിരിക്കുന്നു. നല്ല ജനിതകഗുണമുള്ളവയ്ക്ക് ആവശ്യമായ മെച്ചപ്പെട്ട പരിപാലനം നല്‍കിയാല്‍ പരമാവധി പാല്‍ ചുരത്തും. ജനിതകശേഷിയില്ലാത്തവയ്ക്ക് എത്ര നല്ല പരിചരണം നല്‍കിയാലും ഉത്പാദനം പരിമിതമാകുന്നു. ശുദ്ധ ജനുസ്സുകളില്‍ നിന്നു വ്യത്യസ്തമായി സങ്കരയിനം പശുക്കളുടെ ജനിതകശേഷി മുന്‍കൂറായി ഉറപ്പിക്കാന്‍ പ്രയാസമുണ്ട്. അതിനാല്‍ പാല്‍ കുറയുന്നതില്‍ ആദ്യം സംശയിക്കേണ്ടത് ഉരുവിന്റെ ജനിതക ശേഷിയേയാണ്. കിടാവുകളെയോ കിടാരികളെയോ ഫാമില്‍ വളര്‍ത്തി ഗര്‍ഭവതിയാക്കി പ്രസവിപ്പിച്ചാലും ഗര്‍ഭിണിയായ പശുവിനെ വില കൊടുത്തു വാങ്ങുമ്പോഴും പാല്‍ കറന്നെടുത്ത് പാലിന്റെ അളവറിയാന്‍ കഴിയില്ല.

2. പ്രസവശേഷമുള്ള പശുവിനെയാണ് വാങ്ങുന്നതെങ്കില്‍ പാല്‍ കറന്ന് അളവറിയാന്‍ കഴിഞ്ഞേക്കാം. അപ്പോഴും പശു കറവയുടെ ഏതു ഘട്ടത്തിലാണെന്നത് പലപ്പോഴും അറിയാന്‍ പറ്റാറില്ല. കറവക്കാലത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പാലളവില്‍ വ്യത്യാസമുണ്ടെന്നറിയണം. പത്തുമാസത്തോളം നീളുന്ന പശുവിന്റെ കറവക്കാലം പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. പ്രസവശേഷം പാലുത്പാദനം ക്രമമായി ഉയരുകയും 6-8 ആഴ്ചയില്‍ ഏറ്റവും ഉയര്‍ന്ന ഉത്പാദനത്തിലെത്തുകയും ചെയ്യുന്നു. പിന്നീട് പാലുത്പാദനം പ്രതിമാസം 8-10 ശതമാനം എന്ന നിരക്കില്‍ കുറഞ്ഞു വരികയും ചെയ്യുന്നു. അടുത്ത പ്രസവത്തിനു രണ്ടുമാസം മുമ്പ് കറവ അവസാനിപ്പിക്കുകയും പശുക്കള്‍ക്ക് വറ്റുകാല വിശ്രമം നല്‍കുകയുമാണ് നടപ്പു രീതി. പരമാവധി ഉത്പാദനം ലഭിയ്ക്കുന്ന ഘട്ടത്തില്‍ ഒരു ലിറ്റര്‍ കുറവുണ്ടായാല്‍ ആ കറവക്കാലത്തെ പാലിന്റെ അളവ് 200 ലിറ്ററോളം കുറവായിരിക്കുമെന്ന് കണക്കുകള്‍ പറയുന്നു. അതിനാല്‍ കറവയുടെ ഓരോ ഘട്ടത്തിലും കൃത്യമായ പരിപാലനം നല്‍കുകയും ഉത്പാദനത്തില്‍ കുറവുണ്ടായാല്‍ ഒരു വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയും വേണം.

3. പ്രസവത്തിന് മുമ്പ് രണ്ടു മാസം പശുക്കള്‍ക്ക് വറ്റുകാലം നല്‍കിയിരിക്കണം. കറവയുടെ അവസാനകാലത്തും വറ്റുകാലത്തും അമിതമായ തീറ്റ നല്‍കി പശുവിനെ തടിപ്പിക്കുന്നത് പ്രസവശേഷം തീറ്റയുടെ അളവ് കുറയ്ക്കുകയും പരമാവധി ഉത്പാദനത്തിലെത്താന്‍ തടസ്സമാവുകയും ചെയ്യും. വറ്റുകാലത്തില്‍ നിന്ന് പ്രസവത്തോടടുക്കുന്ന സമയത്ത് നല്‍കുന്ന തീറ്റ ഏറെ പ്രധാനമാണ്.

4. പ്രസവശേഷം ആദ്യത്തെ 2 മാസം വരെ പശുവിനു കാര്യമായ അളവില്‍ തീറ്റയെടുക്കാന്‍ കഴിയാത്തതിനാല്‍, നല്‍കുന്ന തീറ്റ പോഷക സാന്ദ്രമാവണം. പ്രസവശേഷം നല്‍കേണ്ട തീറ്റ പ്രസവത്തിന് മുമ്പേ തന്നെ നല്‍കി തുടങ്ങി പരിചയപ്പെടുത്തണം. ഊര്‍ജ്ജവും ധാന്യങ്ങളും കൂടുതല്‍ അടങ്ങിയ സാന്ദ്രാഹാരം കറവയുടെ തുടക്കത്തില്‍ നല്‍കിയില്ലെങ്കില്‍ ഉയര്‍ന്ന ഉത്പാദനത്തിലെത്താന്‍ പശുക്കള്‍ക്ക് കഴിയില്ല. എന്നാല്‍ ഇതോടൊപ്പം തീറ്റയില്‍ കൃത്യമായ അളവില്‍ ഫലപ്രദമായ നാരിന്റെ അളവ് ഉറപ്പാക്കിയില്ലെങ്കില്‍ അസിഡോസിസ് ഉണ്ടായി പാല്‍ കുറവും മറ്റു ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാം. പ്രസവശേഷം തീറ്റതിന്നു തുടങ്ങുമ്പോള്‍, തീറ്റയുടെ അളവ് ഓരോ 4 ദിവസം, കൂടുമ്പോഴും അരക്കിലോഗ്രാം കൂട്ടിക്കൊടുക്കുന്ന 'ചലഞ്ച് ഫീഡിംഗ്' രീതി പരീക്ഷിച്ചാല്‍ പരമാവധി ഉത്പാദനത്തിലെത്താന്‍ എത്ര തീറ്റ വേണമെന്നറിയാം. പാലിന്റെ ഉത്പാദനം കൂടുന്നില്ലെങ്കില്‍ തീറ്റയുടെ അളവ് പര്യാപ്തമായെന്ന് മനസിലാക്കി, അതേ അളവ് നിലനിര്‍ത്തുക.

5. തീറ്റപ്പുല്ലില്‍ നിന്നു കിട്ടേണ്ട ശുഷ്‌കാഹാരഭാഗം (ഡ്രൈ മാറ്റര്‍), ഫലപ്രദമായ നാരുകളുടെ അളവ് എന്നിവയിലുണ്ടാകുന്ന കുറവ് പശുവിന്റെ ദഹനത്തെ ബാധിക്കുകയും ഉത്പാദനം ഉയര്‍ന്ന അളവിലെത്തുന്നത് തടയുകയും ചെയ്യുന്നു. ശരീരഭാരത്തിന്റെ 1.5 ശതമാനം എന്ന നിരക്കില്‍ (20-30 കിലോഗ്രാം പച്ചപ്പുല്ല്) തീറ്റപ്പുല്ലില്‍ നിന്നുള്ള ശുഷ്‌ക പദാര്‍ത്ഥങ്ങള്‍ കിട്ടുന്നുണ്ടെന്നു ഉറപ്പാക്കണം.

6. കറവയുടെ വിവിധ ഘട്ടങ്ങളില്‍ ഊര്‍ജ്ജം, മാംസ്യം, കാല്‍സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം, സള്‍ഫര്‍, ഉപ്പ് എന്നിവയുടെ അളവ് കൃത്യമാണോയെന്നതും പാലുത്പാദനത്തെ ബാധിക്കുന്നതാണ്.

7. കറവയുള്ള പശുവിന് യഥേഷ്ടം ശുദ്ധജലം ലഭ്യമാക്കിയാല്‍ പാലളവില്‍ 10% വരെ വര്‍ദ്ധനയുണ്ടാവും. ശുദ്ധമായ ജലം ആവശ്യത്തിനും സമയത്തും ലഭ്യമാക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. കുടിവെള്ളം ഓട്ടോമാറ്റിക് സംവിധാനത്തിലാക്കുന്നത് ഉത്തമം.

8. പ്രസവത്തിനു ശേഷം കറവയുടെ ആദ്യഘട്ടത്തില്‍ പാല്‍ കൂടുതല്‍ ലഭിക്കുമെന്നു കരുതി അമിതമായി നല്‍കുന്ന കൊഴുപ്പ്, ധാന്യഭക്ഷണം, എളുപ്പം ദഹിപ്പിക്കാവുന്ന അന്നജം എന്നിവ നല്‍കുന്നത് ദഹനത്തെ ബാധിക്കുകയും ദീര്‍ഘകാലം നിലനില്‍ക്കുന്ന അസിഡോസിസ് വരുത്തി വയ്ക്കുകയും ചെയ്യുന്നു. പാല്‍ പെട്ടെന്നു കുറയാനിടയുള്ള ഏറ്റവും പ്രധാന കാരണങ്ങളിലൊന്നാണിത്. സാന്ദ്രാഹാരത്തിന്റെയും പരുഷാഹാരത്തിന്റെയും അനുപാതം കൃത്യമല്ലാത്തതാണ് കാരണം. ഉയര്‍ന്ന ഉത്പാദനത്തില്‍ ഖരാഹാരവും പരുഷാഹാരവും തമ്മിലുള്ള അനുപാതം 60:40 എന്ന വിധത്തിലും പിന്നീട് 50:50 അല്ലെങ്കില്‍ 40:60 എന്ന രീതിയിലും ആയിരിക്കണം. ഉയര്‍ന്ന ഉത്പാദന ശേഷം കറവയുടെ അടുത്ത ഘട്ടത്തിലെത്തുമ്പോള്‍ തീറ്റയില്‍ സാന്ദ്രാഹാരത്തിന്റെ അളവ് കുറഞ്ഞാല്‍ അതും കറവക്കാലത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കും. മാംസ്യം, അയണ്‍, കോപ്പര്‍, കൊബാള്‍ട്ട്, സെലീനിയം എന്നിവയുടെ കുറവും വിരബാധയും വിളര്‍ച്ചയിലേക്കും ഉത്പാദന നഷ്ടത്തിലേക്കും വഴിതെളിയിക്കുന്നു. വിഷസസ്യങ്ങള്‍, പൂപ്പല്‍ബാധ, എന്നിവ തീറ്റയെടുക്കുന്നത് കുറയ്ക്കുകയും പാല്‍ പെട്ടെന്ന് വലിയ അളവില്‍ കുറയാന്‍ ഇടയാക്കുകയും ചെയ്യുന്നു

9. അകിടുവീക്കമാണ് പശുവിന്റെ പാലുത്പാദനത്തിന്റെ മുഖ്യ ശത്രു. വ്യക്തമായ ലക്ഷണങ്ങളുള്ള അകിടുവീക്കവും ലക്ഷണരഹിതമായ സബ് ക്ലീനിക്കല്‍ അകിടുവീക്കവും പാലുത്പാദനത്തില്‍ 25-50 ശതമാനം വരെ കുറവു വരുത്താം. ഇതില്‍ സബ് ക്ലിനിക്കല്‍ അകിടു വീക്കത്തിന് പ്രത്യേക ലക്ഷണങ്ങളുണ്ടാവില്ല. എന്നാല്‍ പാലില്‍ കുറവുണ്ടാകും. ഉത്പാദനത്തില്‍ കുറവ് കണ്ടാല്‍ പാല്‍ പരിശോധിച്ച് ലക്ഷണരഹിത അകിടുവീക്കം നിര്‍ണ്ണയ കിറ്റ് ( CMT) മൃഗാശുപത്രികളില്‍ ലഭ്യമാണ്. മുലക്കാമ്പുകളില്‍ വ്രണങ്ങളോ, മുറിവുകളോ ഉണ്ടോയെന്നും പരിശോധിക്കാം. കറവ സമയത്തുണ്ടാകുന്ന വേദന പാല്‍ കുറവിന് കാരണമാകും.

10. കറവയന്ത്രം ഉപയോഗിക്കുമ്പോള്‍ അവയുടെ പ്രവര്‍ത്തനം കൃത്യമാണെന്ന് ഉറപ്പുവരുത്തണം. കൃത്യ സമയത്ത് യന്ത്രം ഘടിപ്പിക്കാനും മാറ്റാനും ശ്രദ്ധിക്കണം. കറവസമയത്ത് കുത്തിവെയ്പുകള്‍ നല്‍കുന്നതും വെറളി പിടിപ്പിക്കുന്ന അസുഖകരമായ വേദനയുണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുന്നതും ഒഴിവാക്കണം.

11. പ്രസവസമയത്തോ ശേഷമോ പ്രത്യക്ഷപ്പെടുന്ന ആരോഗ്യപ്രശ്നങ്ങളായ അകിടുവീക്കം, ഗര്‍ഭാശയ വീക്കം, കീറ്റോണ്‍ രോഗം, ആമാശയ സ്ഥാനഭ്രംശം , മറുപിള്ള വീഴാതിരിക്കല്‍ എന്നിവ ഉയര്‍ന്ന ഉത്പാദനത്തെ തടസപ്പെടുത്തുന്നു. ശ്വാസകോശ, ആമാശയ പ്രശ്നങ്ങള്‍, ആന്തരബാഹ്യ പരാദബാധ എന്നിവ പാലുത്പാദനം കുറയ്ക്കുന്ന പ്രധാന കാരണങ്ങളാണ്. ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, ഗര്‍ഭമലസല്‍, സമയമെത്തും മുമ്പേയുള്ള പ്രസവം എന്നിവ പാല്‍ കുറയുന്നതിന് കാരണമാകും. ഉയര്‍ന്ന പനിയുണ്ടാക്കുന്ന സാംക്രമിക രോഗങ്ങള്‍ പാല്‍ പെട്ടെന്ന് താഴ്ന്നു പോകുന്നതിന് കാരണമാകും. പാദത്തിന്റേയും കുളമ്പിന്റേയും അനാരോഗ്യം പാലുത്പാദനത്തെ ബാധിക്കുന്നു. കുളമ്പ് ഹൃദയം പോലെ പ്രധാനമാണ് പശുക്കളിലെന്ന് ഓര്‍മിക്കുക

12. ഉയര്‍ന്ന ചൂടും അന്തരീക്ഷ ആര്‍ദ്രതയും പാലുത്പാദനത്തിന്റെ പ്രധാന ശത്രുക്കളാണ്. തീറ്റയെടുക്കുന്നതിലുണ്ടാകുന്ന കുറവ് പാലുത്പാദനം കുറയ്ക്കുന്നു. അതിനാല്‍ കാലാവസ്ഥയുടെ ആക്രമണത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്ന വിധത്തില്‍ തൊഴുത്തിലും ക്രമീകരണങ്ങളുണ്ടെന്ന് ഉറപ്പാക്കണം. ആവശ്യത്തിന് സ്ഥല സൗകര്യമില്ലാത്ത തൊഴുത്തില്‍ പശുക്കള്‍ക്ക് കിടക്കാന്‍ കഴിയാതെ വരുന്നതും ദീര്‍ഘ സമയം നില്‍ക്കേണ്ടിവരുന്നതും അവയെ സമ്മര്‍ദ്ദത്തിലാക്കുകയും പാല്‍ ചുരത്താന്‍ മടിക്കുന്ന അവസ്ഥയെത്തുകയും ചെയ്യുന്നു. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ പാല്‍ അളവ് കുറയാന്‍ ഇടയാക്കുന്നു. 8 മണിക്കൂറെങ്കിലും കിടന്നു കൊണ്ട് അയവെട്ടാന്‍ സാധിക്കുന്ന വിധത്തില്‍ സ്ഥലസൗകര്യം തൊഴുത്തില്‍ ഉറപ്പാക്കണം. തൊഴുത്തിനുള്ളിലെ ഊഷ്മാവും ആര്‍ദ്രതയും ചേരുന്ന സൂചകം പച്ചക്കളുടെ ക്ഷേമത്തിനുതകുന്ന അളവിലാണോയെന്നതും പരിശോധിക്കേണ്ടതാണ്.

Content Highlights: Care and Management Animal Husbandry

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section
Most Commented