ര്‍ബുദത്തെ പൊരുതിത്തോല്‍പ്പിച്ച ഒരു മാതൃകാ കര്‍ഷക കുടുംബം കോവിഡ് മഹാമാരിയുടെ കാലത്ത് പകരുന്നത് പ്രതീക്ഷയുടെ പച്ചപ്പ്. തൊളിക്കോട് ഗ്രാമപ്പഞ്ചായത്തിലെ പരപ്പാറ ശാരികയില്‍ ഭുവനേന്ദ്രന്‍നായരും ഭാര്യ ശോഭനകുമാരിയുമാണ് വെല്ലുവിളികളെ അതിജീവിച്ച് കൃഷിയില്‍ നേട്ടങ്ങള്‍ കൊയ്യുന്നത്. അര്‍ബുദം കടന്നാക്രമിച്ചതോടെ ജീവിക്കണമെന്ന ഉറച്ച തീരുമാനത്തോടെ മണ്ണിലേക്കിറങ്ങുകയായിരുന്നു ഇരുവരും.

രണ്ടേക്കറോളം വരുന്ന പാട്ടഭൂമിയിലും മട്ടുപ്പാവിലുമായി നടത്തുന്ന കൃഷിയില്‍നിന്ന് ലഭിക്കുന്ന നൂറുമേനി വിളവില്‍ ഇവര്‍ മറക്കുന്നത് തങ്ങളുടെ ദുരിതം മാത്രമല്ല രോഗാതുരകളുടെ കഴിഞ്ഞ കാലവുമാണ്. പശുവളര്‍ത്തലായിരുന്നു വര്‍ഷങ്ങളായി ഭുവനേന്ദ്രന്‍നായരുടെ തൊഴില്‍. പാല്‍ ലഭിക്കുന്ന പതിനഞ്ച് പശുക്കളുണ്ടായിരുന്നു ഇദ്ദേഹത്തിന്റെ തൊഴുത്തില്‍. പഞ്ചായത്തിന്റെ ക്ഷീര കര്‍ഷക പുരസ്‌കാരവും തേടിയെത്തി. വീട്ടുവളപ്പിലെ ചെറിയ കൃഷിത്തോട്ടത്തില്‍നിന്ന് സ്വന്തം ആവശ്യത്തിനുള്ളതു കൂടാതെ അയല്‍വീടുകളില്‍ കൊടുക്കാനുള്ള പച്ചക്കറിയും ലഭിച്ചിരുന്നു.

ഇതിനിടയില്‍ അഞ്ചുവര്‍ഷം മുമ്പാണ് ശോഭനകുമാരിക്ക് കുടലില്‍ കാന്‍സര്‍ ബാധിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങള്‍ ആശുപത്രിയും ചികിത്സയുമായി കടന്നുപോയതോടെ പശുവിനെ നോക്കാനും കൃഷി ചെയ്യാനും സമയം കിട്ടാതായി. ഭാര്യയുടെ അസുഖം ഭേദമായി വരുന്നതിനിടെയാണ് ഭുവനേന്ദ്രന്‍ നായരെയും അര്‍ബുദം പിടികൂടുന്നത്. രണ്ടുവര്‍ഷം മുമ്പ് അസ്ഥികളെയാണ് കാന്‍സര്‍ ബാധിച്ചത്. രണ്ടുപേരുടെ ചികിത്സാ ചെലവ് ഇവര്‍ക്ക് താങ്ങാവുന്നതിനപ്പുറമായി. ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വഴിമുട്ടിയതോടെ എന്തു ചെയ്യണമെന്ന അവസ്ഥയായി.

നിരാശയുടെ ലോകത്തു നിന്നുകൊണ്ട് ജീവിക്കണം എന്ന ഉറച്ച തീരുമാനമെടുത്തത് കൃഷിയുടെ സാധ്യതകള്‍ മുന്നില്‍ക്കണ്ടുകൊണ്ടാണ്. മട്ടുപ്പാവ് കൃഷിയാണ് ആദ്യഘട്ടത്തില്‍ ചെയ്തത്. ശാരീരിക അവശതകള്‍ മറന്ന് ഗ്രോബാഗുകളില്‍ മണ്ണുനിറച്ച് പച്ചക്കറിത്തൈകള്‍ നട്ടു. നല്ല വിളവ് ലഭിച്ചതോടെ ഭൂമി പാട്ടത്തിനെടുത്ത് കൃഷി വിപുലമാക്കാനായി ശ്രമം. പാട്ടഭൂമി ഉഴുതുമറിച്ച് വാഴയും ചീരയും മത്തനുമെല്ലാം നട്ടുപിടിപ്പിച്ചു. കുലച്ചു നില്‍ക്കുന്ന പലയിനം വാഴകള്‍, കായ്ച്ചു പടര്‍ന്നു കിടക്കുന്ന മത്തനും പാവലും വഴുതനയും തുടങ്ങി മരച്ചീനിയും ഇളവനുമുള്‍പ്പടെ നിറഞ്ഞ ഒന്നാന്തരം കൃഷിത്തോട്ടമായി മാറിയിരിക്കുകയാണ് ഇന്ന് പാട്ടഭൂമി. 

രണ്ടു മക്കളാണ് ഇവര്‍ക്ക്. മകള്‍ ശാരിക വിവാഹിതയായി തൊട്ടടുത്താണ് താമസം. മകന്‍ ശരത്തിന് ദിവസവേതനജോലിയാണ്. ഭാര്യയുടെ അസുഖം ഭേദമായെങ്കിലും ഭുവനേന്ദ്രന്‍നായരുടെ ചികിത്സ തുടരുകയാണ്. ഗുളികകള്‍ക്കും മരുന്നിനുമൊപ്പം മൂന്ന് മാസത്തിലൊരിക്കല്‍ കീമോതെറാപ്പിയുമുണ്ട്. വാടിപ്പോയി എന്ന് കരുതിയ ജീവിതം കൃഷിയിലൂടെ വീണ്ടും തളിര്‍പ്പിക്കുന്ന ഈ ദമ്പതിമാര്‍ ഒരു നാടിനുതന്നെ പ്രതീക്ഷയാണ്.

Content Highlights: Cancer survivor couples success story in farming