കോടികളുടെ കിലുക്കം മോഹിപ്പിക്കുന്നുണ്ടോ? ആര്‍ക്കും കൃഷി ചെയ്യാം ചന്ദനം


അനസ് നാസര്‍ anas.organure@gmail.com



ഇന്ത്യയിലെ അനുകൂല കാലാവസ്ഥയില്‍ ചന്ദനമരങ്ങള്‍ക്ക് അനായാസം വളരാന്‍ സാധിക്കുന്നു. ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെ കാടുകളിലും ചന്ദന മരം തഴച്ചു വളരുന്നുണ്ട്. വിദേശ രാജ്യങ്ങളിലെ ചന്ദനത്തേക്കാള്‍ ഇന്ത്യന്‍ ചന്ദനത്തിനു തന്നെയാണ് ആവശ്യക്കാരേറെയുള്ളത്.

ചന്ദന മരങ്ങൾ | ഫോട്ടോ: മാതൃഭൂമി

ന്ദനത്തിന്റെ വില കേട്ട് ഞെട്ടിയിട്ടുണ്ടോ? നമ്മുടെ പറമ്പിലും ഒന്ന് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? ചന്ദനം സര്‍ക്കാരിന്റെ മരം ആണെന്നും കര്‍ഷകര്‍ക്ക് നട്ടുവളര്‍ത്താന്‍ സാധിക്കില്ലെന്നുമാണ് മിക്കവരുടെയും ധാരണ. എന്നാല്‍ അത് നടക്കാത്ത സ്വപ്‌നമല്ല. ആര്‍ക്കും ചന്ദനം കൃഷി ചെയ്യാം. കേന്ദ്ര സര്‍ക്കാര്‍ ചന്ദന വ്യാപാര മേഖലയില്‍ രാജ്യത്തിന്റെ മേൽക്കോയ്മ വീണ്ടെടുക്കാന്‍ ലക്ഷ്യമിട്ടതോടെയാണ് ചന്ദന വിപണിയില്‍ പുത്തന്‍ ഉണര്‍വ്വ് ഉണ്ടായത്. ഇതുവഴി ഭാവിയില്‍ ചന്ദന കൃഷി നടത്തി വലിയ തോതിലുള്ള വരുമാന മാര്‍ഗ്ഗമുണ്ടാക്കാന്‍ കര്‍ഷകര്‍ക്ക് കഴിയും.

മൂല്യമേറിയ മരത്തടിയായ ചന്ദനം തുറന്നിടുന്ന വിപണന സാധ്യതകള്‍ ഏറെയാണ്. ഏകദേശം മൂവായിരം ഡോളറാണ് ഒരു ലിറ്റര്‍ ചന്ദനത്തൈലത്തിന്റെ വില. ഇതിനാല്‍ 'സ്വര്‍ണ ദ്രാവകം' എന്നും ചന്ദന തൈലം അറിയപ്പെടുന്നു. ഇന്ത്യയ്ക്ക് പുറമെ ഓസ്ട്രേലിയ, ഇന്തോനേഷ്യ, പാകിസ്താന്‍, ശ്രീലങ്ക, ചിലി തുടങ്ങിയ രാജ്യങ്ങളില്‍ ചന്ദനമരങ്ങള്‍ കാണപ്പെടാറുണ്ട്.

ഇന്ത്യയിലെ അനുകൂല കാലാവസ്ഥയില്‍ ചന്ദനമരങ്ങള്‍ക്ക് അനായാസം വളരാന്‍ സാധിക്കുന്നു. ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെ കാടുകളിലും ചന്ദനമരം തഴച്ചു വളരുന്നുണ്ട്. വിദേശ രാജ്യങ്ങളിലെ ചന്ദനത്തേക്കാള്‍ ഇന്ത്യന്‍ ചന്ദനത്തിനു തന്നെയാണ് ആവശ്യക്കാരേറെയുള്ളത്. മികച്ച ഗുണമേന്മയാണ് ഇതിന് കാരണം. മറ്റ് രാജ്യങ്ങളേക്കാള്‍ അമൂല്യമായ ഗന്ധമാണ് ഇന്ത്യന്‍ ചന്ദനത്തൈലത്തിന്റെ സവിശേഷത.

പാഴാകാത്ത വൃക്ഷം

ഉഷ്ണ-ഉപോഷ്ണ മേഖലകളില്‍ തഴച്ചുവളരുന്ന ഒരു നിത്യഹരിത മരമാണ് ചന്ദനം. മരത്തിന്റെ ഒരു ഭാഗം പോലും പാഴായി പോകുന്നില്ല. ചന്ദനത്തിന്റെ തടിയും വേരും ഔഷധ നിര്‍മാണത്തിന് ഉപയോഗിക്കുന്നു. വിവിധ തരം കൊത്തുപണികള്‍ക്ക് മാധ്യമമായും സോപ്പ്, സൗന്ദര്യവര്‍ദ്ധക ഉത്പ്പന്നങ്ങള്‍ എന്നിവയുടെ നിർമാണത്തിനും ചന്ദനം ഉപയോഗിക്കുന്നു.

10 - 15 മീറ്റര്‍ വരെ നീളവും ഒന്ന് മുതല്‍ 2.5 മീറ്റര്‍ വരെ ചുറ്റളവും ചന്ദനമരത്തിന് ഉണ്ടാകാറുണ്ട്. പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരു ശരാശരി ചന്ദനമരത്തിന് 100 കിലോ ഗ്രാം തൂക്കം വരും. അതില്‍ കാതല്‍ മാത്രം 20 കിലോയോളം വരും. ഈ കാതല്‍ കൊണ്ട് സുഗന്ധദ്രവ്യങ്ങളില്‍ ഉപയോഗിക്കുന്ന ചന്ദനത്തൈലം ഉത്പ്പാദിപ്പിക്കും. ബാക്കിയാകുന്ന മരച്ചീളുകള്‍ക്ക് ഒരു ടണ്ണിന് 1000 ഡോളര്‍ വരെ വില ലഭിക്കുന്നു.

ചന്ദന കൃഷി എങ്ങനെ?

താരതമ്യേന എളുപ്പമാണ് ചന്ദനത്തിന്റെ കൃഷിരീതി. മിതമായ മഴയും നല്ല സൂര്യപ്രകാശവും ലഭ്യമായ വരണ്ട ഈര്‍പ്പമുള്ള കാലാവസ്ഥയാണ് അനുയാജ്യം. കേരളം പോലെയുള്ള ഉഷ്ണമേഖലാ പ്രദേശത്ത് വളര്‍ത്താന്‍ പറ്റിയ വൃക്ഷമാണ്. ചന്ദനം ഒരു അര്‍ദ്ധപരാദ സസ്യമാണ്. വളര്‍ച്ചയുടെ ആദ്യ ഘട്ടങ്ങളില്‍ (വിത്ത് മുളച്ച് ആറു മാസങ്ങള്‍ക്കു ശേഷമെങ്കിലും) ഒരു ആതിഥേയ സസ്യത്തിന്റെ ആവശ്യമുണ്ട്.

സാധാരണയായി, കരിവേലം, കണിക്കൊന്ന, മഞ്ഞക്കൊന്ന, കാറ്റാടിമരം, മലവേമ്പ്, ഉങ്ങ്, ദന്തപ്പാല, ആര്യവേപ്പ് എന്നിവയെ ആതിഥേയ സസ്യമായിയ ഉപയോഗിക്കുന്നു. നിലം പല തവണകളായി ഉഴുതു മറിച്ച് 40 ക്യൂബിക് സെന്റിമീറ്റര്‍ കുഴികളെടുത്താണ് വിത്ത് പാകാന്‍ തയ്യാറാക്കുന്നത്. വെള്ളം കെട്ടിനില്‍ക്കാതെ, ഒഴുകിപ്പോകാനുള്ള സജ്ജീകരണങ്ങളും ചെയ്യണം.

സര്‍ക്കാന്‍ അനുമതികള്‍ വാങ്ങണോ ?

കർഷകർ കൃഷി ചെയ്താലും സര്‍ക്കാര്‍ തന്നെയാണ് അന്തിമമായി മരങ്ങളുടെ ഉടമ. കയറ്റുമതി സര്‍ക്കാരിലൂടെ മാത്രമാണ് സാധ്യമാകുന്നത്. ഇതിനാല്‍ കൃഷി ആരംഭിക്കുന്നതിന് മുന്‍പായി ബന്ധപ്പെട്ട സര്‍ക്കാര്‍ കേന്ദ്രങ്ങളെ അറിയിക്കേണ്ടതാണ്. കൃഷി തുടങ്ങുന്നതിനു മുന്‍പ് ഒരു പ്ലാന്‍ അടുത്തുള്ള വനം വകുപ്പ് ഓഫീസില്‍ സമര്‍പ്പിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തൈ നടുന്ന സമയവും വിളവെടുപ്പിന് പാകമാകുന്ന ഏകദേശം സമയവും തൈകളുടെ എണ്ണവുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കണം. കൃഷി ചെയ്യുന്നതിനോ, തൈകള്‍ നടുന്നതിനോ ലൈസന്‍സിന്റെ ആവശ്യമില്ല.

രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ പാകമായി കഴിഞ്ഞാല്‍ ബന്ധപ്പെട്ട വനം വകുപ്പ് ഓഫീസറിന്റെ സാന്നിധ്യത്തില്‍ തടി മുറിക്കണം. മരം കൊണ്ടു പോകാനുള്ള പാസുകളോട് കൂടി അതാത് സര്‍ക്കാര്‍ സംവിധാനങ്ങളിലേക്ക് അയക്കാവുന്നതാണ്. 15 ശതമാനമാണ് ഇങ്ങനെ മരം മുറിച്ച് കൊണ്ടു പോകാനായി ഫീസ് അടക്കേണ്ടത്. വിശ്വാസ്യത തെളിയിക്കുന്ന രേഖകളും ഇതിനോടൊപ്പം നല്‍കുന്നു. കൃഷിക്കാര്‍ക്ക് ലാഭകരമായ ഒരു ഏകീകരിച്ച വിലയ്ക്കാണ് സര്‍ക്കാര്‍ തടി എടുക്കുന്നത്. ഇതിലൂടെ കര്‍ഷകര്‍ക്ക് നേരിട്ട് വില്‍പ്പന നടത്തുന്നതിന്റെയും കയറ്റുമതിയും മറ്റും സംബന്ധിച്ച സാങ്കേതിക നൂലാമാലകളില്‍നിന്നും ഒഴിവായി കിട്ടുകയും ചെയ്യുന്നു. ചെറുകിട കച്ചവടങ്ങള്‍ക്ക് ഈ നിയന്ത്രങ്ങള്‍ ബാധകമല്ല. നേരിട്ട് ക്രയവിക്രയം നടത്താം.

കൃഷി ഓരോ വര്‍ഷവും വര്‍ദ്ധിക്കുന്നു

വനസംരക്ഷണ നിയമപ്രകാരം 1864 മുതല്‍ ചന്ദനമരങ്ങള്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. എന്നാല്‍ 2022-ലെ നിയമപരിഷ്‌കാരം വഴി സ്വകാര്യ വ്യക്തികള്‍ക്ക് ചന്ദനം കൃഷി ചെയ്യാനും വില്‍ക്കാനും അനുമതി ലഭിക്കും. ഇതിനായി 30 ശതമാനം സബ്സിഡി ഉള്ള വായ്പകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ണാടക, തമിഴ്നാട്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 2,800 ഹെക്ടറില്‍ ചന്ദനകൃഷി നടത്തി ചെയ്യുന്നുണ്ട്.

ഗവേഷണ സ്ഥാപനമായ ബെംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ കണക്കനുസരിച്ച് ലഭ്യമായ കൃഷി ഭൂമി പ്രതിവര്‍ഷം ഏകദേശം 600 ഹെക്ടര്‍ എന്ന നിരക്കില്‍ വര്‍ധിക്കുന്നുണ്ട്. ചന്ദന വ്യാപാരത്തില്‍ രാജ്യത്തിന്റെ നഷ്ടപ്പെട്ട പ്രതാപം പുനരുജ്ജീവിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നും അവരുടെ പഠനങ്ങള്‍ തെളിയിക്കുന്നു.

സര്‍ക്കാര്‍ വൃക്ഷം ഇനി എല്ലാവര്‍ക്കും സ്വന്തം

സര്‍ക്കാറിന് മാത്രം മുറിക്കാവുന്ന രാജകീയ വൃക്ഷമായിരുന്നു ചന്ദനം. ഉയർന്ന വിലയുള്ളതിനാൽ ചന്ദന കള്ളക്കടത്ത് വളരെ വ്യാപകമായിരുന്നു. കര്‍ണാടക, തമിഴ്നാട് വനപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ചന്ദനമരം മുറിച്ച് കടത്തിയാണ് വനം കൊള്ളക്കാരന്‍ വീരപ്പന്‍ കുപ്രസിദ്ധി നേടിയത്.

2009-ല്‍ കര്‍ണാടക സര്‍ക്കാര്‍ അതിന്റെ നിയമങ്ങള്‍ ലഘൂകരിച്ചു. വനം വകുപ്പിന്റെ കുത്തക സംഭരണത്തിന് പകരം കര്‍ഷകര്‍ക്ക് തങ്ങളുടെ മരം നേരിട്ട് കര്‍ണാടക സ്റ്റേറ്റ് കരകൗശല വികസന കോര്‍പ്പറേഷന്‍, കര്‍ണാടക സോപ്പ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ് ലിമിറ്റഡ് തുടങ്ങിയ അര്‍ദ്ധ സര്‍ക്കാര്‍ കോര്‍പ്പറേഷനുകള്‍ക്ക് വില്‍ക്കാന്‍ കഴിയും.

അടുത്തിടെ ചന്ദന കൃഷിക്ക് 75 ശതമാനം സബ്സിഡിയും പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാറും ചന്ദന കര്‍ഷകര്‍ക്ക് അനുകൂലമായ വിപണന, കയറ്റുമതി നയങ്ങള്‍ ഈ അടുത്ത കാലങ്ങളില്‍ സ്വീകരിച്ചു വരുന്നുണ്ട്. ഉത്പാദനം ആവശ്യത്തിനേക്കാള്‍ കുറവായതുകൊണ്ട് അന്താരാഷ്ട്ര വിപണിയില്‍ ചന്ദനത്തിന്റെയും അനുബന്ധ ഉല്പന്നങ്ങളുടേയും വില പ്രതിവര്‍ഷം 20 - 25 ശതമാനം എന്ന നിരക്കില്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.

അനധികൃത വ്യാപാരം വെല്ലുവിളി

2025-ഓടെ ചന്ദനത്തിന്റെ ഉപഭോഗം വിപുലപ്പെടുകയും ഇപ്പോഴുള്ളതിന്റെ അഞ്ചിരട്ടിയായി വര്‍ദ്ധിക്കുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതുവഴി ഏകദേശം പത്തിരട്ടി ലാഭവും ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഏകദേശം 20000 ടണ്‍ ആണ് 2025- ല്‍ പ്രതീക്ഷിക്കുന്ന ഡിമാന്‍ഡ്.

അനധികൃത വ്യാപാരങ്ങള്‍ വ്യാപകമായി നടക്കുന്നതും ഇതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു. ആഗോള വിപണന സാധ്യതകളെ അനധികൃത മരം മുറി ബാധിക്കും. എത്ര മരങ്ങള്‍ മുറിക്കപ്പെടുന്നു, വില്‍ക്കപെടുന്നു, കയറ്റി അയക്കപ്പെടുന്നു എന്നതിന്റെ കൃത്യമായ കണക്കുകള്‍ സൂക്ഷിക്കാന്‍ പലപ്പോഴും കഴിയാറില്ല. എന്നാൽ, സര്‍ക്കാരിന്റെ കൃത്യമായ മേല്‍നോട്ടത്തിലും കര്‍ഷകര്‍ക്ക് അനുകൂലമായ പുതിയ നിയമനിര്‍മാണങ്ങളിലൂടേയും ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്.

(യുവ സംരംഭകനും പോട്ടിങ് സോയില്‍-ഫെര്‍ട്ടിലൈസര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളും കാലടി സംസ്‌കൃത സര്‍വകലാശാല വിദ്യാര്‍ഥിയുമാണ് ലേഖകന്‍)

Content Highlights: can we plant sandalwood at home

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


VINOJ

1 min

വാഹനം ഒട്ടകവുമായി ഇടിച്ച് പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

May 19, 2022

More from this section




Most Commented