ത്പന്നം വലിയതോതില്‍ കുമിഞ്ഞുകൂടിയുണ്ടാകുന്ന വിലക്കുറവ് ഏറ്റവുമേറെ ബാധിക്കുന്ന പച്ചക്കറി തക്കാളി തന്നെയാണ്. പെട്ടെന്ന് നശിക്കുമെന്ന ന്യൂനതയും ഇതിനുണ്ട്. ഈ പ്രശ്‌നത്തിനു ലഘുവായ ഒരുപരിഹാരവുമൊരുക്കുകയാണ് മൈസൂരുവിലെ 'കേന്ദ്ര ഭക്ഷ്യസാങ്കേതിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്' (സി.എഫ്.ടി.ആര്‍.ഐ.).

നാലുശതമാനം വീര്യത്തിലുള്ള ഉപ്പുവെള്ളംനിറച്ച പോളിത്തീന്‍ കവറുകളില്‍ തക്കാളി നിറച്ചുവെക്കുകയാണ് സി.എഫ്.ടി.ആര്‍.ഐ. ആവിഷ്‌കരിച്ച രീതി. ഒരു കിലോ കൊള്ളുന്ന കവറുകളിലാക്കി ചെറുകിട കര്‍ഷകര്‍ക്ക് തക്കാളി ഇങ്ങനെ മൂന്നു നാലു മാസംവരെ സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കാം. സൂക്ഷ്മാണുക്കളുടെ വളര്‍ച്ച ഉണ്ടാകാത്തതിനാല്‍ തക്കാളി അഴുകി നശിക്കില്ല. 

വിപണിയില്‍ വില മെച്ചപ്പെടുമ്പോള്‍ വില്‍ക്കാം. ഒരുകിലോ തക്കാളി സൂക്ഷിക്കാന്‍ മൂന്നുരൂപയേ ചെലവ് വരൂ. ഇന്‍സ്റ്റിറ്റ്യൂട്ട് നിഷ്‌കര്‍ഷിക്കുംവിധത്തിലുള്ള പോളിത്തീന്‍ കവറിലും താപനിലയിലും (റെഫ്രിജറേഷന്‍ ആവശ്യമില്ല) സംഭരിക്കാനായാല്‍ ഈ രീതി കൂടുതല്‍ ഫലപ്രദമായിരിക്കുമെന്നു സി.എഫ്.ടി.ആര്‍.ഐ. പറയുന്നു. മറ്റു പച്ചക്കറികളിലും ഈരീതിയുടെ സാധ്യത സി.എഫ്.ടി.ആര്‍.ഐ. പരീക്ഷിക്കുന്നുണ്ട്.

ഈ സാങ്കേതികവിദ്യ കര്‍ഷക ഗ്രൂപ്പുകള്‍ക്ക് സൗജന്യമായി ലഭ്യമാക്കാന്‍ സി.എഫ്.ടി.ആര്‍.ഐ. സന്നദ്ധമാണ്. ഇത് ഉപയോഗപ്പെടുത്തി വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്ന തക്കാളി സംഭരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ സി.എഫ്.ടി.ആര്‍.ഐ. യുമായി ധാരണയായിട്ടുണ്ട്.

ഫോണ്‍: 08212514534.

Content Highlights: Brine is CFTRI's cheap storage solution for tomatoes