ബിജി ഹിലാൽ
കോട്ടയം സ്വദേശി ബിജി ഹിലാല്‍ പൂര്‍വാധികം ശക്തിയോടെ തന്റെ പഴയ തട്ടകമായ 'ജൈവകൃഷി'യിലേയ്ക്ക് മടങ്ങുകയാണ്. രണ്ടാം വരവില്‍ രാസവളമില്ലാത്ത അരി മാത്രമല്ല ചോളവും വെളിച്ചെണ്ണയും മറ്റ് അപൂര്‍വ ധാന്യങ്ങളും വിപണിയിലെത്തിക്കും. ഈ ലോക്ഡൗണ്‍ കാലത്ത് വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷമാണ് ബിജി ഇതിന് തുടക്കമിട്ടത്. ഇതിനായി കേരളത്തിലും തമിഴ്നാട്ടിലുമായി ഏക്കര്‍ കണക്കിന് കൃഷിയിടങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. ഗള്‍ഫിലെ പല കടകളിലും കേരളത്തില്‍ പേരിന് പോലും ജൈവകൃഷി ചെയ്യാത്ത ചില പ്രശസ്തരുടെ പേരില്‍ പോലും 'കള്ള ജൈവഉത്പന്നങ്ങള്‍' കണ്ടതോടെയാണ് മടങ്ങിപ്പോക്കിന്റെ ആവശ്യകത ബിജി തിരിച്ചറിഞ്ഞത്.
ഒരു വര്‍ഷം മുമ്പ് മറ്റെന്തെങ്കിലും ജീവിതമാര്‍ഗം തേടി നാല് മക്കളേയും കൊണ്ട് ഗള്‍ഫിലേയ്ക്ക് പറക്കുമ്പോള്‍ രണ്ട് കാരണമുണ്ടായിരുന്നു ബിജിക്ക്. ഒന്ന് ഇനിയും ജൈവകൃഷി ചെയ്ത് കടക്കാരിയാകാന് വയ്യ. മറ്റൊന്ന് പട്ടിണിയില്ലാതെ നാല് മക്കളെ പോറ്റണം. അറിയാവുന്ന ഏക തൊഴില്‍ ജൈവകൃഷിയായതിനാല്‍ തേടിയെത്തിയ അവസരമാകട്ടെ ആ മേഖലയില്‍. ലഭിച്ചത് ദുബായിലെ ഒരു ജൈവ ഉത്പന്ന കടയില്‍ ഗുണനിലവാരം അളക്കാനുള്ള സൂപ്പര്‍വൈസര്‍ തസ്തിക.
കേരളത്തില്‍ തനിക്കറിയാവുന്ന പലരുടേയും ജൈവകൃഷിയല്ലാത്ത ഉല്പന്നം ആ മേല്‍വിലാസത്തില്‍ വില്‍ക്കപ്പെടുന്നത് കണ്ടപ്പോഴാണ് ജൈവകൃഷി തട്ടിപ്പ് ഗള്‍ഫിലും ചൂടപ്പം പോലെ വില്‍ക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞത്. അതോടെ ലോക്ഡൗണിന് തൊട്ട് മുമ്പ് വിദേശത്ത് നിന്ന് തിരിച്ചെത്തി സഞ്ചരിച്ചത് മുഴുവന്‍ ജൈവവിളകള്‍ തേടിയാണ്. ഇതിനായി കേരളത്തിലും തമിഴ്നാട്ടിലുമായി നടത്തിയത് 30,000 കിലോമീറ്ററിലേറെ ദൂരം.
ജൈവകൃഷിയോട് മനസ് ചേര്‍ത്ത ഒരു ഉപഭോക്താവ് അടിസ്ഥാന മുതല്‍മുടക്കിന് തയ്യാറായതോടെ ബിജി അതിനായി വഴിയൊരുക്കി. ഇതിനായി ഗള്‍ഫില്‍ ജനറല്‍ ഡ്രേഡിങ് കമ്പനിക്ക് തുടക്കമിട്ടു. ഒപ്പം 'നാച്ചുറല്‍ എഡിബിള്‍' എന്ന ബ്രാന്‍ഡിന്' തുടക്കമിട്ടു. കയറ്റുമതിയേക്കാള്‍ കേരളത്തിലെ മലയാളിക്ക് മുന്നില്‍ ശുദ്ധമായ ഭക്ഷണം എത്തിക്കുകയാണ് ലക്ഷ്യം.
ഊട്ടിയില്‍ പോയപ്പോഴാണ് ഒരു തുണ്ട് ഭൂമിയില്‍ പോലും ജൈവരീതിയിലുള്ള ക്യാരറ്റ് പാടമില്ലെന്ന് തിരിച്ചറിഞ്ഞത്. പക്ഷേ, ഊട്ടിയിലെ ജൈവ ക്യാരറ്റെന്ന ലേബലില്‍ ടണ്‍കണക്കിന് ക്യാരറ്റ് ഗള്‍ഫില്‍ പോലും വില്‍ക്കുന്നുണ്ട്. അരി തയാറാക്കുമ്പോള്‍ കൃഷിയില്‍ മാത്രമല്ല നെല്ല് പുഴുങ്ങുന്നതില്‍ തുടങ്ങുന്നു പഴയമയോട് ചേര്‍ന്ന് നില്‍ക്കാനുള്ള ശ്രമം. ചെമ്പില്‍ പുഴുങ്ങുന്ന നെല്ല് വെയിലത്ത് ഉണക്കിയാണ് അരി തയാറാക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ കേരളം, തമിഴ്നാട് എന്നിവിടങ്ങളിലായി 250 ഏക്കറില്‍ ജൈവനെല്ക്കൃഷിക്ക് തുടക്കമായി.
കുഞ്ഞൂഞ്ഞ്, ചേറ്റാടി, ചിറ്റേനി തുടങ്ങിയ പാരമ്പര്യ വിത്തിനങ്ങള്‍ കൃഷി ചെയ്യുന്നു. ഇതിന് പുറമേ ശുദ്ധമായ വെളിച്ചെണ്ണയും പാരമ്പര്യരീതിയില്‍ തയാറാക്കുന്നു. തമിഴ്നാട്ടില്‍ നിന്ന് ജൈവരീതിയില്‍ കൃഷി ചെയ്യുന്ന ചോളം ഉപയോഗിച്ച് കോണ്‍ഫ്ലേക്സിന് പുറമേ കമ്പ, തിന പോലെയുള്ള ധാന്യവും വിപണിയിലെത്തിക്കും. ഇതിനായി പാലക്കാട് കൊല്ലങ്കോട് വലിയൊരു ശേഖരയൂണിറ്റും ആരംഭിച്ചു.
തല്ക്കാലം എറണാകുളം കാക്കനാട് താമസിച്ചാണ് ബിജിയുടെ പ്രവര്‍ത്തനം. സ്കൂളില്‍ പോകാതെ പ്രകൃതിയില്‍ നിന്നും വിദ്യ അഭ്യസിക്കുന്ന, കൗമാരത്തില്‍ എത്തി നില്ക്കുന്ന മൂത്ത മകന് ഉള്‍പ്പെടെയുള്ള നാല് മക്കളേയും ജൈവകൃഷിയിലേക്ക് എത്തിക്കാനാണ് ഇക്കുറി ബിജിയുടെ ലക്ഷ്യം. വെല്ലുവിളികളെ അതിജീവിച്ച്, പുതിയ പരീക്ഷണങ്ങള്‍ നടത്തി അതിലേറെ പരാജയങ്ങള്‍ ഏറ്റുവാങ്ങി വിജയത്തിലേക്കുള്ള യാത്ര നടത്തുമ്പോള്‍ ജീവിതം പോരാട്ടമാണെന്ന് വിശ്വസിക്കുകയാണ് ബിജി.
Content Highlights: Biji Hilal's story in Organic farming
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..