സംസ്ഥാന ഫലമായ ചക്കയ്ക്ക് സ്വീകാര്യത ഏറിയതോടെ വിപണികളിലും അത് താരമായി മാറിക്കഴിഞ്ഞു. ഇത്തവണ സീസണ്‍ ആരംഭിച്ചതിന് ശേഷം കച്ചവടക്കാര്‍ ഓടിനടന്നാണ് ചക്ക വാങ്ങിക്കൂട്ടുന്നത്. കിഴക്കന്‍ മേഖലയില്‍ റോഡുകളില്‍ ചക്ക കയറ്റിപ്പോകുന്ന നിരവധി വാഹനങ്ങള്‍ കാണാന്‍ കഴിയും.

പണ്ട് പറമ്പുകളില്‍ ആര്‍ക്കും വേണ്ടാതെ പഴുത്തുചീഞ്ഞ് വീണുകിടന്ന കാലമൊക്കെ മാറി. ചക്ക ഇന്ന് തീന്‍മേശയിലെ താരമായി മാറിക്കഴിഞ്ഞു. 'ഇടിച്ചക്ക' എന്ന പേരില്‍ മൂപ്പെത്തും മുമ്പേ ഉള്ളവയാണ് കച്ചവടക്കാര്‍ കൂടുതല്‍ കൊണ്ടുപോകുന്നത്. തുടക്കത്തില്‍ 40 മുതല്‍ 45 രൂപ വരെ ഒരു ചക്കയ്ക്ക് ലഭിച്ചിരുന്നു. സീസണ്‍ ആയതോടെ ഇത് 20 മുതല്‍ 30 രൂപ വരെയായി കുറഞ്ഞു. എന്നാല്‍, കച്ചവടക്കാര്‍ വിപണികളില്‍ ചക്ക വിറ്റഴിക്കുന്നത് മൂന്നും നാലും ഇരട്ടി വിലയ്ക്കാണ്.

കേരളത്തിന് പുറത്തേക്ക് ചക്ക കയറ്റി അയച്ചാണ് കച്ചവടക്കാര്‍ ലാഭം കൊയ്യുന്നത്. എറണാകുളം ജില്ലയില്‍ കാലടിയിലാണ് ഇതിന്റെ പ്രധാന വിപണി. ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ വിപണി ആരംഭിച്ചതോടെ പോത്താനിക്കാട്, പൈങ്ങോട്ടൂര്‍, കല്ലൂര്‍ക്കാട് തുടങ്ങിയ കിഴക്കന്‍ മേഖലയില്‍ ഉള്ളവര്‍ക്ക് അനുഗ്രഹമായി മാറി. കാലിത്തീറ്റ മുതല്‍ കുട്ടികള്‍ക്കുള്ള ടിന്നിലടച്ച ഭക്ഷണങ്ങള്‍ വരെ ചക്ക ഉപയോഗിച്ച് ഉണ്ടാക്കുന്നതായാണ് പറയുന്നത്.

പഴുത്തതിനെയും മൂപ്പെത്തിയതിനെയും അപേക്ഷിച്ച് ഇടിച്ചക്കകളാണ് വില്പനയ്ക്കായി കൂടുതല്‍ പോകുന്നത്. വലിപ്പം കൂടിയവയ്ക്ക് പുറത്ത് തൂക്കത്തിനാണ് വിലയെന്നതിനാല്‍ കച്ചവടക്കാര്‍ക്കും ഇതിനോടാണ് താത്പര്യം. കാലാവസ്ഥാ വ്യതിയാനം മൂലം ഇത്തവണ ചക്കയുടെ സീസണ്‍ ആരംഭിക്കാന്‍ വൈകിയിരുന്നു. സാധാരണഗതിയില്‍ ഡിസംബര്‍ മാസത്തില്‍ ആരംഭിക്കേണ്ട ചക്കയുടെ സീസണ്‍ ഫെബ്രുവരിയിലേക്ക് നീണ്ടു. ചക്കയ്ക്ക് മികച്ച വില ലഭിക്കുന്നത് കര്‍ഷകരുടെ വരുമാനം കൂടുന്നതിനും കാരണമായിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ പ്ലാവ് നട്ട് ചക്ക ഉത്പാദിപ്പിക്കാന്‍ പലരും ഈ രംഗത്തേക്ക് വരാന്‍ തുടങ്ങിയതും ഇതുകൊണ്ടാണ്.

ചക്കയില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍

ചക്ക ഇന്ന് പല വിഭവങ്ങളായാണ് തീന്‍മേശയില്‍ എത്തുന്നത്. മലയാളികള്‍ക്ക് ഏറെ പ്രിയമുള്ള ചക്കപ്പുഴുക്ക്, ഇടിച്ചക്ക തോരന്‍, ചക്കക്കുരു മെഴുക്കുപുരട്ടി എന്നിവ കൂടാതെ, ചക്ക കൊണ്ടുള്ള നിരവധി ഉത്പന്നങ്ങളും ഇന്ന് ലഭ്യമാണ്. ചിപ്‌സ്, ഹല്‍വ, പായസം, വൈന്‍ തുടങ്ങിയവ വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ വിപണിയില്‍ നേട്ടം കൊയ്യാന്‍ കഴിയും. ഇടിച്ചക്ക മുതല്‍ പഴുത്ത ചക്കവരെ സംസ്‌കരിച്ച് ദീര്‍ഘകാലം സൂക്ഷിക്കുന്നതിനുള്ള സാങ്കേതിക പരിശീലനം ഇന്ന് സംസ്ഥാനത്ത് ലഭ്യമാണ്.

നട്ടുവളര്‍ത്താം മികച്ച ഇനങ്ങള്‍

ഏഷ്യയാണ് ചക്കയുടെ ജന്മദേശം. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ എവിടെയും പ്ലാവ് വളരും. വിയറ്റ്‌നാം, തായ്ലാന്‍ഡ്, മലേഷ്യ തുടങ്ങിയ കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ പ്ലാവുകൃഷി വലിയതോതില്‍ നടക്കുന്നുണ്ട്. വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി, മലേഷ്യന്‍ ഇനമായ ജെ-33, ജാക്ക് ഡ്യാങ്, സൂര്യ തുടങ്ങിയ പ്ലാവ് ഇനങ്ങള്‍ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാകയാല്‍ മികച്ച വിളവ് ലഭിക്കുന്നവയാണ്.

വര്‍ഷം മുഴുവന്‍ ചക്ക ലഭിക്കുന്ന ഇനങ്ങള്‍ ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും നല്ല മഴക്കാലത്ത് കായ്പിടിത്തം കുറവായിരിക്കും. കൃഷിവകുപ്പിന്റെ ഫാമില്‍ നിന്നും അംഗീകൃത നഴ്‌സറികളില്‍ നിന്നും പ്ലാവിന്‍തൈകള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം. നാടന്‍ ഇനങ്ങളായ മുട്ടന്‍ വരിക്കയും തേന്‍വരിക്കയും നഴ്‌സറികളില്‍ ലഭ്യമാണ്.

Content Highlights: Best Jack fruit tree varieties to cultivate