കേരളത്തില്‍ നിരവധി പേരിൽ കണ്ടുവരുന്ന രോഗമാണ് മൂത്രക്കല്ല്. കൊഴുപ്പും കാത്സ്യവും നിറഞ്ഞ ഭക്ഷണം തന്നെയാണ് പ്രധാനവില്ലന്‍. വൃക്കയിലും മൂത്രാശയത്തിലും മൂത്രനാളിയിലും വസ്തിയിലും കാത്സ്യം കട്ടിയായി കിടക്കുന്നതാണ് കല്ലായി അനുഭവപ്പെടുന്നത്. മൂത്രനാളിയില്‍ തടസ്സമുണ്ടാക്കുകയും മൂത്രം കെട്ടിനിന്ന് അണുബാധയുണ്ടായി വൃക്കയുടെ പ്രവര്‍ത്തനത്തെത്തന്നെ ഇത് ബാധിക്കുകയും ചെയ്യുന്നു. 

ആയുര്‍വേദത്തില്‍ മൂത്രാശ്മരി അല്ലെങ്കില്‍ കല്ലടപ്പ് എന്നുപറയുന്ന ഗുരുതരമായ അസുഖത്തിന് കണ്‍കണ്ട മരുന്നാണ് പാഷാണഭേദി. കല്ലിനെ ദഹിപ്പിക്കുന്നത് അല്ലെങ്കില്‍ ഭേദിക്കുന്നത് എന്ന അര്‍ഥമാണ് പാഷാണദേഭിക്കുള്ളത്. അങ്ങനെ ഇത്തരത്തില്‍ കല്ലിനെ പൊടിക്കുന്ന പല സസ്യങ്ങളും പാഷാണഭേദിയായി അറിയപ്പെടുന്നു. സംസ്‌കൃതത്തില്‍ പാഷാണഭേദിയെന്നറിയപ്പെടുന്ന സസ്യത്തിന്റെ ശാസ്ത്രനാമം ബെര്‍ഗനിയ ലിഗുലേറ്റ എന്നാണ്. എന്നാല്‍, കേരളത്തില്‍ പാഷാണഭേദിയായി ഉപയോഗിക്കപ്പെടുന്നത് എഹ്രീഷിയേസി കുടുംബത്തില്‍പ്പെട്ട കല്ലൂര്‍ വഞ്ചി (റോട്ടുല അക്വാട്ടിക്ക) എന്ന സസ്യമാണ്. കാരണം തെക്കേ ഇന്ത്യയില്‍ ഒരിടത്തും കാണാത്തതാണ് വളരാത്തതാണ് യഥാര്‍ഥ പാഷാണഭേദി. 

രൂപവും കാലാവസ്ഥയും 

സമുദ്രനിരപ്പില്‍ നിന്ന് 1000 അടി ഉയരത്തിലുള്ള പര്‍വത സാനുക്കളിലാണ് യഥാര്‍ഥ പാഷാണഭേദി വളരുന്നത്. ഹിമാലയ പ്രദേശത്ത് ഇത് നന്നായി വളരുന്നു. നല്ലചൂടുള്ള കാലാവസ്ഥയില്‍ വരണ്ടമണ്ണില്‍ കല്ലിന്റെ കൂട്ടങ്ങളോട് പറ്റിച്ചേര്‍ന്നാണ് ഇത് വളര്‍ന്നു കാണുന്നത്. പശ്ചിമഘട്ടത്തിന്റെ ഗുജറാത്തുമായി ബന്ധപ്പെട്ട ഭാഗങ്ങളില്‍ ഇത് കാണപ്പെടുന്നുണ്ട്. 

അരമീറ്ററോളം മാത്രം ഉയരം വെക്കുന്ന ഒരു സസ്യമാണിത്. വെള്ളനിറത്തിലും ചുവപ്പുനിറത്തിലും നീലനിറത്തിലും പൂക്കളുണ്ടാകുന്നു. ഇലകള്‍ വട്ടത്തിലാണുണ്ടാവുക. ചില ഇലകള്‍ക്ക് ദീര്‍ഘവൃത്താകൃതിയും കണ്ടുവരുന്നു. ഇലയുടെ അറ്റത്ത് വിസ്തൃതി കൂടും. ഇലകളുടെ മേല്‍ഭാഗം നല്ല പച്ചനിറമാണെങ്കിലും അടിഭാഗം മിക്കപ്പോഴും ചുവപ്പു നിറമായിരിക്കും. ഇലകള്‍ക്ക് 4-6 സെമീനീളവും 3-5 സെമീ വീതിയും കാണും. പൂക്കള്‍ അടിയില്‍നിന്നുവരുന്ന കാണ്ഡതന്തുവില്‍നിന്നും കുലകളായാണ് കാണപ്പെടുക. ഓരോ പൂവിനും അഞ്ച് ഇതളുകള്‍ ഉണ്ടാകും. 

ഔഷധഗുണങ്ങള്‍ 

ആയുര്‍വേദത്തില്‍ ഇതിന്റെ വേരാണ് മൂത്രക്കല്ലിനെ പൊടിച്ചുകളയാന്‍ ഉപയോഗിക്കുന്നത്. ഇതിന്റെ  50 ഗ്രാംവേര് 400 മില്ലിവെള്ളത്തില്‍ ചതച്ചിട്ട് കഷായമാക്കി അത് 100 മില്ലിയിലേക്ക് വറ്റിച്ച് അതില്‍ 25 മില്ലി വീതം രാവിലെയും വൈകിട്ടും കഴിച്ചാല്‍ മൂത്രത്തിലെ കല്ല് മാറിക്കിട്ടും. മാത്രമല്ല വിഷത്തെ ശമിപ്പിക്കാനും ശ്വാസകോശ രോഗങ്ങള്‍ക്കും നേത്രസംബന്ധിയായ രോഗങ്ങള്‍ക്കും ഇത് ഫലപ്രദമായി പലരും ഉപയോഗിക്കുന്നു. വേരില്‍ ടാനിക് അമ്ലം, ഗാലിക് അമ്ലം, മെഴുക്, ഗൂക്കോസ്, അഫ്സെലാക്ടിന്‍, സാക്സിന്‍, സിറ്റോസ്റ്റെറോള്‍ എന്നിവയടങ്ങിയിരിക്കുന്നു.

ഇതാണ് യഥാര്‍ഥ പാഷാണഭേദിയുടെ രൂപവും ഗുണങ്ങളും ഇത് നമ്മുടെ നാട്ടില്‍ എത്തിച്ച് വളര്‍ത്തി  നന്നായി ഉപയോഗപ്പെടുത്താം.

Content highlights: Kidney stones, Agriculture, Kerala, Ayurveda, Bergenia liguleta,Rotula aquatica