പോഷകകലവറയായ മുരിങ്ങയില നല്ല സസ്യ ഉത്തേജകവുമാണ്. ഇന്ത്യയില്‍ വിരളമാണെങ്കിലും പല രാജ്യങ്ങളിലും ഇതുസംബന്ധിച്ച ഒട്ടേറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്. നൈജീരിയയിലെ വിവിധ കാര്‍ഷികസര്‍വകലാശാലകള്‍ മുരിങ്ങയിലസത്തിന്റെ ഫലക്ഷമത പരീക്ഷിക്കുകയുണ്ടായി. വള്ളിപ്പയറില്‍ പത്തു ശതമാനം വീര്യത്തിലുള്ള മുരിങ്ങയിലസത്ത് തളിച്ചപ്പോള്‍ വളര്‍ച്ചയും വിളവും 35 ശതമാനം വര്‍ധിച്ചുവെന്നാണ് കണ്ടെത്തിയത്.

ഈജിപ്തിലെ സഗാസിഗ് സര്‍വകലാശാല ഗ്രീന്‍പീസ് പയറിലാണ് മുരിങ്ങയിലസത്ത് പ്രയോഗിച്ചത്. നാലുശതമാനം മുരിങ്ങയിലസത്ത് വളര്‍ച്ചയിലും വിളവിലും ഗണ്യമായ ഏറ്റമുണ്ടാക്കിയെന്നു മാത്രമല്ല, പയര്‍മണികളിലെ പ്രോട്ടീനിന്റെ തോതും വര്‍ധിപ്പിച്ചു. ഈജിപ്തിലെത്തന്നെ ഷിബിന്‍-എല്‍-കോം യൂണിവേഴ്‌സിറ്റി നടത്തിയ പഠനം 30 ശതമാനം മുരിങ്ങയിലസത്ത് കൊത്തമല്ലിയുടെ വിളവും അതിലെ സുഗന്ധയെണ്ണയുടെ അളവും കൂട്ടിയെന്നു കണ്ടെത്തി. 

കയ്റോയിലെ ഐന്‍ ഷാം യൂണിവേഴ്‌സിറ്റിയില്‍നടന്ന പഠനമനുസരിച്ച് മുരിങ്ങയിലസത്ത് 30 ശതമാനം വീര്യത്തില്‍ തളിക്കുന്നത് വരള്‍ച്ചകൊണ്ടുണ്ടാകുന്ന ക്ലേശത്തെ മറികടക്കാന്‍ വിളകള്‍ക്ക് സഹായകരമാണ്.

ഉപയോഗം

പൊതുവായി മുരിങ്ങയിലസത്തിന്റെ ഉപയോഗം വിളകളുടെ ശാരീരിക വളര്‍ച്ച, പ്രകാശവിശ്ലേഷണം; ക്ലോറോഫില്‍, പ്രോട്ടീന്‍, സസ്യ ഹോര്‍മോണുകള്‍, സസ്യപോഷകങ്ങള്‍ തുടങ്ങിയവയുടെ തോത് എന്നീ കാര്യങ്ങളില്‍ ഗണ്യമായ വര്‍ധനയുണ്ടാക്കുമെന്നാണ് കണ്ടിട്ടുള്ളത്. വിളവ് 20 മുതല്‍ 40 ശതമാനം വരെ വര്‍ധിക്കും. മുരിങ്ങയിലയിലെ നല്ലതോതിലുള്ള പോഷകങ്ങളും നിരോക്‌സികാരികളും സിയാറ്റിന്‍ ഉള്‍പ്പെടെയുള്ള ഹോര്‍മോണുകളുമാണ് ഇതിനുകാരണം.

തയ്യാറാക്കാം

മുരിങ്ങയില അത്യാവശ്യം വെള്ളം ചേര്‍ത്ത് അരച്ച് പിഴിഞ്ഞോ വെള്ളത്തില്‍ കിഴികെട്ടിയിട്ടു പിഴിഞ്ഞോ സത്ത് വേര്‍പെടുത്താനാവും. ഈ സത്ത് അരിച്ചു, 100 മില്ലിലിറ്റര്‍ ഒരുലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചാല്‍ 10 ശതമാനം വീര്യമുള്ള മുരിങ്ങയിലസത്ത് തയ്യാറായി. മുരിങ്ങയിലസത്ത് പുതുമയോടെ ഉണ്ടാക്കി രാവിലെ ഇലകളില്‍ തളിക്കുന്നതാണ് കൂടുതല്‍ ഫലപ്രദം. പ്രധാന വളര്‍ച്ചദശകള്‍ക്ക് അനുസരണമായി വിളക്കാലത്തു മൂന്നുതവണവരെ ഇത് തളിക്കുന്നത് ഗുണം വര്‍ധിപ്പിക്കും. സത്ത് വേര്‍തിരിച്ചശേഷമുള്ള ചണ്ടി നല്ല ജൈവവളമാക്കാം.

Content Highlights: Benefits of Drumstick Leaves Extract (Moringa Leaves Extract)