വീട്ട് മുറ്റത്ത് വിടര്‍ന്നു നില്‍ക്കുന്ന ചെമ്പരത്തി പൂവിന്റെ കാര്‍ഷിക, വിപണന സാധ്യതകളേക്കുറിച്ച് നമ്മള്‍ അധികം ചിന്തിച്ചിട്ടുണ്ടാകില്ല. പക്ഷേ നൂറ് കോടിയിലധികം രൂപയുടെ പ്രതിവര്‍ഷ കയറ്റുമതിയും വിറ്റുവരവും നടക്കുന്ന വ്യവസായമാണ് ഉണങ്ങിയ ചെമ്പരത്തിപ്പൂവിന്റേത്. വിദേശ കയറ്റുമതി മാര്‍ക്കറ്റില്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ടിവ. നിലവില്‍ ഇരുപതില്‍ അധികം രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്ന് ഉണങ്ങിയ ചെമ്പരത്തിപ്പൂക്കള്‍ കയറ്റുമതി ചെയ്യുന്നത്.

കണക്കുകള്‍ പ്രകാരം ഉണങ്ങിയ ചെമ്പരത്തിപ്പൂവിന്റെ ഉല്പാദനത്തിലും കയറ്റുമതിയിലും നൈജീരിയയാണ് മുന്നിട്ടു നില്‍ക്കുന്നത്. 35 മില്യണ്‍ ഡോളര്‍ വിലവരുന്ന പുഷ്പങ്ങളാണ് മെക്സിക്കോയിലേക്ക് മാത്രം കയറ്റി അയക്കുന്നത്. യൂറോപ്പ്, യു.എസ്., തെക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കും നൈജീരീയ ഉണങ്ങിയ ചെമ്പരത്തിപ്പൂക്കളുടെ കയറ്റുമതി ചെയ്യുന്നുണ്ട്. കൂടാതെ ചൈന, മെക്സിക്കോ, അമേരിക്ക, ജര്‍മ്മനി, ഓസ്ട്രേലിയ, അയര്‍ലന്റ്, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളിലും ശ്രീലങ്കയിലും ഇത് സുലഭമായി ഉല്‍പ്പാദിപ്പിക്കുകയും വാണിജ്യവല്‍ക്കരിക്കയും ചെയ്യുന്നുണ്ട്.

ബേക്കറി, മധുര വിഭവങ്ങളുടെ നിര്‍മണത്തില്‍ ആഗോളതലത്തില്‍ അസംസ്‌കൃത വസ്തുവായിട്ടാണ് ഉണങ്ങിയ ചെമ്പരത്തിപ്പൂ ഇതളുകള്‍ ഉപയോഗിക്കുന്നത്. നൂറ് ഗ്രാം ഉണക്കിപ്പൊടിച്ച ചെമ്പരത്തിപ്പൂവിന് വിപണിയില്‍ 350 രൂപയോളം വിലയുണ്ട്. പൗഡര്‍, ലിക്വിഡ് രൂപത്തിലാണ് വിപണിയില്‍ ഇവ ലഭിക്കുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍സ്, പാനീയങ്ങള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയിലെല്ലാം ഇവ ഉപയോഗിക്കുന്നുണ്ട്.  

പ്രധാനമായും ഭക്ഷണത്തിന് നിറം നല്‍കുന്നതിനും ഹെല്‍ത്ത് ഡ്രിങ്ക്, കറി, അച്ചാര്‍ എന്നിവയിലും ലിപ്ബാം, ഫേഷ്യല്‍ ക്രീം, ഹെയര്‍ ഓയില്‍, ഷാംപൂ തുടങ്ങി സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ പ്രധാന ഘടകമായിട്ടുമാണ് ഉണക്കിപ്പൊടിച്ച ചെമ്പരത്തിപ്പൂവ് ഉപയോഗിക്കുന്നത്. നാട്ടില്‍ സാധാരണ ലഭ്യമായ ഗ്രീന്‍ ടീ, ബ്ലൂ ടീ തുടങ്ങിയ പല ചായകളെക്കൂടാതെ ചെമ്പരത്തിച്ചായയുടെ രുചികള്‍ അന്വേഷിക്കുന്നവര്‍ക്കുള്ള പാക്കറ്റുകളും വിപണിയില്‍ ലഭ്യമാണ്.

മാലോ കുടുംബത്തില്‍പ്പെടുന്നു ചെമ്പരത്തിയുടെ ശാസ്ത്രീയ നാമം ഹിബിസ്‌കസ് റോസാ സിനെന്‍സിസ് ( Hibiscus rosa-sinenssi) എന്നാണ്. അടിസ്ഥാനപരമായി 220 ഓളം വിഭാഗങ്ങള്‍ ഇതിനുണ്ട്. ചൂടും തണുപ്പുമുള്ള കാലാവസ്ഥയിലും ചെമ്പരത്തിച്ചെടി വളരുന്നു. ഏകദേശം 15 അടി ഉയരം വെക്കുന്ന ചെടിയില്‍ പൂവിനെക്കൂടാതെ ഇലകള്‍ക്കും നിരവധി ഉപയോഗങ്ങളുണ്ട്. പല സ്ഥലങ്ങളിലും ചട്ടി, കണ്ടയ്നര്‍, ഓപ്പണ്‍ ഫീല്‍ഡ്, ഗ്രീന്‍ ഹൗസ് തുടങ്ങിയവയില്‍ കൃഷി ചെയ്യാറുണ്ട്.

ചെമ്പരത്തിച്ചെടിയുടെ കമ്പ് മണ്ണില്‍ നടുന്നതിനപ്പുറം വലിയ ബുദ്ധിമുട്ടുകളില്ലാതെ വളരുന്ന ചെമ്പരത്തി ചെടിയുടെ കച്ചവട സാധ്യതകള്‍ ഇപ്പോഴും സാധാരണക്കാരിലേക്ക് എത്തിയിട്ടില്ലെന്നുള്ളതാണ് വസ്തുത. ചെമ്പരത്തിച്ചെടിയുടെ വാണിജ്യ മേഖലയില്‍ കര്‍ഷകരും നിക്ഷേപകരും ഇനിയും മുന്നോട്ടു വരേണ്ടതുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍, ഹെര്‍ബല്‍ പ്രോസസിംഗ് കമ്പനികളുടെ സഹായത്തോടെയുള്ള വാണിജ്യ സാധ്യതകള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ പ്രാധാന്യം വര്‍ദ്ധിക്കുന്നുവെന്നുള്ളത് പുത്തന്‍ പ്രതീക്ഷകള്‍ക്ക് വഴിയൊരുക്കുന്നുണ്ട്.

(യുവ സംരംഭകനും പോട്ടിങ് സോയില്‍, ഫെര്‍ട്ടിലൈസര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളുമാണ് ലേഖകന്‍ )

Content Highlights: Benefits and Uses of Hibiscus Powder