പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
വാഴക്കൃഷിക്ക് പ്രത്യേകിച്ചും വാണിജ്യ നേന്ത്രവാഴക്കൃഷിയില്‍ നടത്തുന്ന രാസവളപ്രയോഗം മണ്ണിനും ചെടിക്കും നിരവധി ദോഷങ്ങള്‍ ഉണ്ടാക്കുന്നു. കേരള കാര്‍ഷിക സര്‍വകലാശാലാ നിര്‍ദേശമനുസരിച്ച് ഒരു നേന്ത്രന്‍ വാഴയ്ക്ക് അതിന്റെ ആയുഷ്‌കാലം മുഴുവന്‍ ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കാന്‍ ജൈവവളങ്ങള്‍ക്കുപുറമേ എന്‍.പി.കെ. യഥാക്രമം 190:115:300 ഗ്രാം വാഴയുടെ വളര്‍ച്ചയുടെ വിവിധ ഗഡുക്കളായി നല്‍കുകയാണ് വേണ്ടത്.
എന്നാല്‍, നേന്ത്രവാഴകൃഷി മേഖലകളിലെ മിക്കകര്‍ഷകരും ഈ അളവിന്റെ അഞ്ചുമുതല്‍ പത്തുവരെ മടങ്ങ് ചില പോഷകങ്ങള്‍ അധികമായി നല്‍കുന്നുണ്ടെന്നാണ് അനുഭവം. ഉദാഹരണത്തിന് ഫാക്ടംഫോസ് അല്ലെങ്കില്‍ യൂറിയ ചേര്‍ക്കുമ്പോള്‍ വാഴയിലുണ്ടാകുന്ന നല്ല വളര്‍ച്ചകണ്ട് ഇതേവളം ശാസ്ത്രീയ ശുപാര്‍ശകളൊന്നും പരിഗണിക്കാതെ അമിതമായി ചേര്‍ക്കുന്ന രീതി പലയിടങ്ങളിലും കാണുന്നുണ്ട്. ഇതില്‍ ഫാക്ടംഫോസ് ചേര്‍ത്താല്‍ നൈട്രജനും ഫോസ്ഫറസും മാത്രമാണ് ലഭിക്കുക. യൂറിയ ചേര്‍ത്താലാവട്ടെ നൈട്രജന്‍മാത്രവും.
ഇത്തരം വളങ്ങള്‍മാത്രം ആവര്‍ത്തിച്ച് പ്രയോഗിക്കുമ്പോള്‍ ആവശ്യമായ തോതിലുളള പോഷകങ്ങളല്ല വാഴകള്‍ക്ക് ലഭിക്കുന്നതെന്ന് കാണാം. പലവിധത്തിലുളള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് സുഖക്കേടോ പുഴുക്കേടോ കൊണ്ടാവാം എന്ന ധാരണയില്‍ കീടനാശിനികളും കുമിള്‍നാശിനികളും മറ്റും മാറിമാറി പ്രയോഗിക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നു.
വാഴയ്ക്ക് ഈയിടെയായി കണ്ടുവരുന്ന വെള്ളക്കൂമ്പ് വളര്‍ച്ച എന്ന അവസ്ഥ നൈട്രജന്‍-പൊട്ടാസ്യം വളങ്ങളുടെ അനുപാതം ശരിയാകാതെ വരുന്നതുകൊണ്ടാണ്. പോഷകങ്ങളുടെ അമിതവും അശാസ്ത്രീയവുമായ പ്രയോഗമാണ് വാഴപ്പനിക്ക് കാരണമാകുന്നത്. നൈട്രജന്‍-പൊട്ടാസ്യം വളങ്ങളുടെ അനുപാതം ശരിയാകാതെ വരുകയും അമോണിയ രൂപത്തിലുള്ള നൈട്രജന്‍ വളങ്ങള്‍ അധികമായി നല്‍കുകയും ചെയ്യുമ്പോള്‍ ഉണ്ടാവുന്ന അവസ്ഥയാണ് വെള്ളക്കൂമ്പ്.
നൈട്രജന്‍ ലഭ്യത അമിതമാകുകയും പൊട്ടാഷിന്റെ അഭാവം ചെടിക്ക് അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വാഴയ്ക്ക് കടുത്തപനി വരുന്നത്. പോളയില്‍ വെള്ളം നിറഞ്ഞിരിക്കുന്നതും തടയിലും ഇലക്കവിളുകളിലും ചൂടനുഭവപ്പെടുന്നതും ഇതിന്റെ പ്രാരംഭലക്ഷണമാണ്. ഇത് രൂക്ഷമാകുന്നതോടെ ചെടിയാകെ വാടിത്തളര്‍ന്ന് രക്ഷപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയിലേക്ക് മാറും.
മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിലോ കേരള കാര്‍ഷിക സര്‍വകലാശാല അല്ലെങ്കില്‍ കൃഷിവകുപ്പ് നല്‍കുന്ന നിര്‍ദേശമനുസരിച്ചോമാത്രം വളപ്രയോഗം നടത്താന്‍ ശ്രദ്ധിച്ചാല്‍ ഈയടുത്തകാലത്തായി വ്യപകമായി വാഴക്കൃഷിയില്‍ കണ്ടുവരുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.
വിവരങ്ങള്‍ക്ക്: 9446088605.
Content Highlights: Banana diseases and control
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..