ലോകത്തെത്തന്നെ കുഞ്ഞന്‍വാഴകളിലൊന്നായ മൂന്നടിമാത്രം വളരുന്ന തായ്ലാന്‍ഡില്‍ നിന്നുള്ള തായ്മൂസ, ആഫ്രിക്കനായ യങ്ങാംബി, ബിഗ് എബാഗെ, പിന്നെ നാടനും മറുനാടനുമായ പലതരം വാഴകളും. വേങ്ങേരിയിലെ നിറവ് ബാബുവിന്റെ തൊടിയിലും പറമ്പിലുമാണ് നാനാഭാഗങ്ങളില്‍ നിന്നുള്ള 57 ഇനം വാഴകള്‍ വളരുന്നത്. നിറത്തിലും രുചിയിലും രൂപത്തിലുമെല്ലാം വ്യത്യസ്തരാണ് ഇവര്‍. 15 സെന്റ് സ്ഥലത്താണ് വാഴകളിലെ ഈ വൈവിധ്യം. തനതുപ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയരായ വേങ്ങേരി നിറവിന്റെ അമരക്കാരനാണ് ബാബു പറമ്പത്ത്. 'വാഴവൈവിധ്യത്തിന്റെ സങ്കേത'ത്തില്‍ 114 എണ്ണമാണുള്ളത്.

കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍സമയത്താണ് നാലുവാഴ നട്ടത്. പിന്നീടത് അഞ്ചും പത്തും അമ്പതുമെല്ലാം ഇനമായി. നേന്ത്രന്‍തന്നെ 12 ഇനങ്ങളുണ്ട്. ആറുമാസംകൊണ്ട് കുലയ്ക്കുന്ന മഞ്ചേരി കുള്ളന്‍, മറുനാടുകളിലെ ക്ഷേത്രങ്ങളില്‍ പ്രസാദത്തിനുപയോഗിക്കുന്ന വിരുപാക്ഷി, പഴുക്കാത്ത തെന്നാലി, പലതരം റോബസ്റ്റ, വിദേശീയരായ റെയ്നോ, ബോട്സാന എന്നിങ്ങനെ നീളുന്നു വാഴകള്‍. കര്‍ണാടക, തമിഴ്നാട്, ആന്ധ്ര, ബംഗാള്‍, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള വാഴയുണ്ട്.

''വാഴകളെക്കുറിച്ച് പഠിച്ചപ്പോള്‍ നൂറുവര്‍ഷം മുമ്പ് നൂറിനം വാഴകള്‍ കേരളത്തിലുണ്ടെന്ന് മനസ്സിലായി. ഇപ്പോള്‍ വാണിജ്യരീതിയില്‍ 23 ഇനം മാത്രമായി. കായ മാത്രമല്ല, വാഴക്കാമ്പ്, കൂമ്പ്, വാഴത്തട, ഇല എല്ലാം ഉപയോഗിക്കാം. വാഴനാരുപയോഗിച്ച് പല ഉത്പന്നങ്ങളും ഉണ്ടാക്കാം. ഇങ്ങനെ ഒരുപാട് സാധ്യതകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയവരെയും പല കര്‍ഷകരെയും കണ്ടു. അങ്ങനെയാണ് കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞത്''- ബാബു പറമ്പത്ത് പറഞ്ഞു.

ഓരോ വാഴയുടെയും രണ്ടുവീതം കന്നുകള്‍ പറമ്പില്‍നടും. ആവശ്യക്കാര്‍ക്ക് കന്നുകള്‍ കൈമാറുന്നതിലൂടെ പല തൊടികളിലും വ്യത്യസ്തയിനം വാഴകള്‍ കുലയ്ക്കാനുള്ള സാഹചര്യമൊരുക്കുന്നു. അതുകൊണ്ടുതന്നെ വാഴകളുടെ ഇനം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനാകും. ജൈവവളം മാത്രമാണ് ഉപയോഗിക്കുന്നത്. പത്തുമാസമായാലേ വാഴക്കന്ന് നല്‍കാനാവൂ. കന്ന് കൊണ്ടുപോകുന്നവരുടെ വിവരങ്ങളെല്ലാം രേഖപ്പെടുത്തും.

വീട്ടുവളപ്പില്‍ത്തന്നെ അധികം പരിചരണമില്ലാതെ വാഴ വളര്‍ത്തിയെടുക്കാനും അതുവഴി ഭക്ഷ്യസുരക്ഷയുടെ മാതൃക സൃഷ്ടിക്കാനും കഴിയുമെന്നാണ് ബാബു പറയുന്നത്. അധ്യാപികയായ ഭാര്യ വത്സലയും എന്‍ജിനിയറിങ് വിദ്യാര്‍ഥിയായ മകന്‍ ഋത്വിക്കും കൃഷിയില്‍ ഒപ്പമുണ്ട്.