മുളങ്കാടിന്റെ സൗന്ദര്യവും മൂളലും ആസ്വദിച്ച് സന്ദർശകർക്ക് ഇനി മണലിപ്പുഴയുടെ തീരത്ത് അല്പം വിശ്രമിക്കാം.
രണ്ട് ഏക്കർ വിസ്തൃതിയിൽ മൈലാട്ടുംപാറയിൽ ഇല്ലി- മുളംകാട് തലയുയർത്തി നിൽക്കും. മണലിപ്പുഴയുടെ ഉദ്‌ഭവസ്ഥാനത്താണ് മുളവത്‌കരണം എന്നതാണ് ഏറെ പ്രത്യേകത.
മണലിപ്പുഴ ഉൾപ്പെടെയുള്ള ജലാശയങ്ങളെ സംരക്ഷിക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദേശിക്കുന്നത്. അന്താരാഷ്ട്ര മുള ദിനമായ സെപ്‌റ്റംബർ 18- ന് കെ.എഫ്. ആർ.ഐ. ഡയറക്ടർ ഡോ.ശ്യാം വിശ്വനാഥ് മണലിപ്പുഴയിൽ പദ്ധതി ഉദ്ഘാടനം ചെയ്തു.
മണലിപ്പുഴയുടെ തീരത്തും മൈലാട്ടുംപാറയിൽ പീച്ചി ഡാമിനോട് ചേർന്നുള്ള ജലസേചനവകുപ്പിന്റെ ഭൂമിയിലും പ്രദേശത്തെ മറ്റ് തരിശുനിലങ്ങളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. കേരള വനഗവേഷണ സ്ഥാപനത്തിന്റെ സഹകരണത്തോടെയാണിത്.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളും മണ്ണുസംരക്ഷണ വകുപ്പും ചേർന്നാണ് ഈറ്റയും മുളയും വച്ച് പിടിപ്പിക്കുന്നത്. മണലിപ്പുഴയുടെ ഇരുകരകളിലും ഈറ്റയും ഡാമിന് സമീപ പ്രദേശത്തുള്ള സ്ഥലത്ത് വിവിധ ഇനങ്ങളിൽപ്പെട്ട മുളകളുമാണ് നട്ട് പിടിപ്പിക്കുക. കുത്തനെയുള്ള കുന്നിൻചരിവുകൾ, കനത്ത കാറ്റടിക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലൊഴികെ മറ്റെല്ലായിടത്തും മുളനടും.
പ്രളയത്തിൽനിന്ന് സംരക്ഷിക്കാൻ

മണലിപ്പുഴയുടെ തീരത്തെ മുളങ്കാട്
ഒരുകാലത്ത് മുളയെന്ന അസംസ്കൃതവസ്തു മലയാളിക്ക് യഥേഷ്ടം ലഭ്യമായിരുന്നു. നിലവിൽ ദൈനംദിന ആവശ്യങ്ങൾക്ക് മുള ലഭ്യമല്ലാത്ത അവസ്ഥയാണ്. ഇതിനായുള്ള കൂട്ടായ പരിശ്രമമാണ് പദ്ധതി.
പ്രളയഭീതിയിൽനിന്ന് മണലിപ്പുഴയുടെ തീരങ്ങളെ സംരക്ഷിക്കലാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രളയം ഉണ്ടായ സമയത്ത് മണലിപ്പുഴ കരകവിഞ്ഞൊഴുകിയെങ്കിലും മുളങ്കാടുകൾ വച്ചു പിടിപ്പിച്ച ഭാഗം ഇപ്പോഴും സുരക്ഷിതമാണ്. ഉദ്‌ഭവ സ്ഥാനം മുതൽ പുഴയിൽ പൂർണമായും ഇതുപോലെ മുളകൊണ്ടുള്ള സംരക്ഷണഭിത്തി
തീർക്കുമെന്ന് പഞ്ചായത്ത് അംഗം കെ.പി. എൽദോസ് പറഞ്ഞു.

പീച്ചിഡാമിൽ എത്തുന്ന വിനോദസഞ്ചാരികൾക്കും വിദ്യാർഥികൾക്കും പഠനത്തിനും ഇല്ലി- മുളം കാടുകൾ ഗുണകരമാകും. മൂപ്പെത്തുന്ന മുളകൾ വ്യാവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കാം. മുളയധിഷ്ഠിത വ്യവസായങ്ങൾക്ക് ആവശ്യത്തിന് മുള ലഭിക്കാത്തതാണ് നിലവിലെ വലിയ പ്രതിസന്ധി. ഒരു പരിധിവരെ മറികടക്കാൻ ഇത്തരം ശ്രമങ്ങൾ കൊണ്ട് കഴിയും. 10 വർഷം മുൻപ് കെ.എഫ്.ആർ. ഐ. യുടെ നേതൃത്വത്തിൽ മണലിപ്പുഴയിൽ മുളകൾ വെച്ച് പിടിപ്പിച്ചിരുന്നു. നിലവിൽ ഇവയെല്ലാം വലിയ മുളംകൂട്ടങ്ങൾ ആയി. ഇത് ആവശ്യക്കാർക്ക് മുറിച്ചെടുക്കുന്നതിനുള്ള നടപടികൾ പഞ്ചായത്ത് സ്വീകരിച്ചുവരികയാണ്.
എന്തുകൊണ്ട് മുള?
നമ്മുടെ മണ്ണിനെയും ജലത്തെയും വായുവിനെയും സംരക്ഷിക്കുന്നതിൽ മുളയുടെ സ്ഥാനം വളരെ വലുതാണ്. ഉഷ്ണമേഖലാ പ്രദേശത്ത് പ്രത്യേക പരിചരണം കൂടാതെ എളുപ്പത്തിൽ വളർത്തിയെടുക്കുന്ന സസ്യമാണ് മുള.
ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സസ്യവും ഇതുതന്നെ . ചില മുളകൾ പ്രതിദിനം 35 ഇഞ്ച് വരെ വളരും. അസംമുള, മുള്ളുമുള, പച്ചമുള, ബിലാത്തിമുള, ആനമുള, കൊങ്കൺ മുള, കല്ലൻമുള, കുറത്തിമുള, റംഗൂൺമുള, ഉയിമുള തുടങ്ങിയ ഇനങ്ങളാണ് പ്രധാനമായും പദ്ധതിക്ക് ഉപയോഗിക്കുന്നത്.
പ്രളയം ഏറെ ദുരന്തം വിതച്ച വയനാട്ടിൽ ദുരന്തതീവ്രത ഒരു പരിധിവരെ കുറച്ചത് നദീതീരങ്ങളിൽ വളർത്തിയിരുന്ന ഗഡുവ ഇനത്തിൽപ്പെട്ട മുളകൾ ആണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പുഴയ്ക്കും കരയ്ക്കും ഇടയിൽ ഒരു നേർത്ത വല പോലെ നിന്ന് ഏറ്റിറക്കങ്ങളെ അതിജീവിക്കുകയും കരയെ സംരക്ഷിക്കുകയും ചെയ്യുന്നതിൽ മുളകളുടെ പ്രാധാന്യം വളരെ വലുതാണ്.
നേട്ടങ്ങൾ, സാധ്യതകൾ
നിശ്ചിതഅകലം പാലിച്ച് കൂട്ടമായിട്ടാണ് പുഴയുടെ തീരത്ത് മുളകൾ പിടിപ്പിക്കുക. പൂർണവളർച്ച എത്തിക്കഴിഞ്ഞാൽ വെട്ടി മാറ്റാനും നീക്കം ചെയ്യാനും സൗകര്യപ്രദമായ രീതിയിലാണ് അകലം ക്രമീകരിക്കുക.
ഇറിഗേഷൻ വകുപ്പിന്റെ അനുമതി ഉണ്ടെങ്കിൽ പ്രദേശം ടൂറിസ്റ്റ് മേഖലയായി കൂടി വളർത്താൻ സാധിക്കും. പൂർണമായും കെ.എഫ്.ആർ.ഐ.യിൽ സംസ്കരിച്ച മുളം തൈകളാണ് നടുന്നത് എന്നുള്ളതുകൊണ്ട് രോഗബാധയും മറ്റും ഭയക്കേണ്ടതില്ല. മുളയധിഷ്ഠിത ഉത്‌പന്നങ്ങളുടെ നിർമാതാക്കൾ പീച്ചിയിലെ ശില്പശാലയിൽ പങ്കെടുത്തപ്പോൾ പദ്ധതിയെ കുറിച്ച് അറിയുകയും സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. തങ്ങൾക്ക് ആവശ്യമായ അസംസ്കൃത മുളകൾ പീച്ചിയിൽ നിന്നും ശേഖരിക്കാം എന്ന് ഉറപ്പും നൽകിയിരുന്നു. സമീപഭാവിയിൽതന്നെ പാണഞ്ചേരി പഞ്ചായത്തിന്റെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്ന് കൂടിയായി പദ്ധതി മാറും.
ജനങ്ങളുടെ പങ്കാളിത്തത്തോടുകൂടി നടപ്പിലാക്കുന്ന പദ്ധതിയാണിതെന്ന് സീനിയർ സയൻറിസ്റ്റ് ആയ ഡോ.കെ. വി. മുഹമ്മദ് കുഞ്ഞി പറഞ്ഞു.
സാങ്കേതികഉപദേശങ്ങൾ നൽകും
മണലിപ്പുഴയിൽ നടപ്പിലാക്കുന്ന ഇല്ലി-മുളം പദ്ധതിക്ക് ആവശ്യമായ മുഴുവൻ സാങ്കേതിക ഉപദേശങ്ങളും നടാനുള്ള മുളയുടെ ലഭ്യതയും കെ.എഫ് .ആർ.ഐ. ഉറപ്പുവരുത്തും. നവകേരള നിർമാണത്തിന് മുളയുടെ പ്രാധാന്യം എന്തെന്ന് മനസ്സിലാക്കാനുള്ള മികച്ച ഉദാഹരണം കൂടിയായിരിക്കും പദ്ധതി.
- ശ്യാം വിശ്വനാഥ് (കെ.എഫ് .ആർ.ഐ. ഡയറക്ടർ)
Content Highlights: Bamboo plantation Manalipuzha Thrissur, to to curb flooding, protect Baboo, Baboo International day, Bamboo Cultivation