%20(3).jpg?$p=24ebaf6&f=16x10&w=856&q=0.8)
സുഹീഷ് നടത്തിയ നെൽക്കൃഷി വിളവെടുക്കുന്നു
മുള്ളേരിയ: കൃഷിയെ സ്നേഹിക്കുന്ന പുതുതലമുറയ്ക്ക് മാതൃകയാണ് ഈ കുമ്പഡാജക്കാരന്. കിട്ടിയ ജോലിയൊക്കെ വേണ്ടെന്നുവെച്ച് കൃഷിയില്‍ ജീവിതവിജയം കണ്ടെത്തിയിരിക്കുകയാണ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരി. കുമ്പാഡാജെ ഗോസാഡയിലെ കെ.കെ. മൂലയിലെ ഇ.സുഹീഷ് എന്ന 27 വയസ്സുകാരനാണ് 21 ഏക്കറോളം സ്ഥലത്ത് കൃഷിചെയ്ത് വരുമാനം കണ്ടെത്തുന്നത്.
മുത്തച്ഛന് കൃഷ്ണന് നായര്‍ വാങ്ങിയിട്ട സ്ഥലത്താണ് കൃഷി തുടങ്ങിയത്. മുത്തച്ഛന്റെ മരണശേഷം കൃഷിചെയ്യാതെ പത്ത് വര്‍ഷത്തോളം ഒഴിച്ചിട്ട സ്ഥലം സുഹീഷ് കൃഷിയോഗ്യമാക്കി. ബി.സുന്ദരന്‍ നായരുടേയും ഇടയില്യം ഗീതയുടേയും മകനാണ് സുഹീഷ്.
അച്ഛന് കര്‍ണാടകയില്‍ കച്ചവടമായതിനാല്‍ കൃഷി ശ്രദ്ധിക്കാന്‍ പറ്റിയിരുന്നില്ല. കോളേജില്‍ പഠിക്കുമ്പോള്‍ കിട്ടുന്ന അവധി ദിനത്തില്‍ പലയിടത്തും ചെന്ന് കൃഷിരീതികള്‍ കണ്ടുപഠിച്ചു. പഠനം പൂര്‍ത്തിയായതിനുശേഷം ജോലിക്ക് ശ്രമിച്ചപ്പോള്‍ കിട്ടിയത് പുണെ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ്. നാട് വിട്ട് നിന്നാല്‍ കൃഷി വീണ്ടും നിര്‍ത്തേണ്ടിവരുമെന്നതിനാല്‍ ജോലി ആഗ്രഹം ഉപേക്ഷിച്ച് 24-ാം വയസ്സില്‍ പൂര്‍ണ കൃഷിക്കാരനായി. രണ്ട് ഏക്കറോളം കാടുപിടിച്ച് കിടന്ന വയല്‍ വൃത്തിയാക്കി നെല്‍കൃഷി തുടങ്ങി. നെല്‍കൃഷിയുടെ ഇടവേളയില്‍ വയലില്‍ പച്ചക്കറി കൃഷി നടത്തും. ഈ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ വിളവ് കിട്ടിയത്.
ചീര, പയര്‍, വെണ്ട, വഴുതിനിങ്ങ, തക്കാളി, മത്തന്‍, മുളക് തുടങ്ങിയ കൃഷിയോെടാപ്പം ചപ്പ്, തണ്ണീര്‍മത്തന്‍, ചോളം വരെ വ്യാപകമായി കൃഷിചെയ്തു. നല്ല വിളവ് ലഭിക്കുകയും ചെയ്തു. സമ്മിശ്ര കൃഷിരീതിയാണ് അവലംബിക്കുന്നത്. പശു, കോഴി, ആട് വളര്‍ത്തലുമുണ്ട്.
നാട്ടുകാര്‍ സഹായിക്കുന്നു
നാട്ടുകാര്‍ നേരിട്ടുവന്ന് ആവശ്യമുള്ള പച്ചക്കറികള്‍ വാങ്ങിപ്പോകുന്നതിനാല്‍ ഇപ്പോള്‍ കൃഷി നല്ല ലാഭത്തിലാണ്. വിഷംതീണ്ടാത്ത പച്ചക്കറിയായതിനാല്‍ വിലപേശലില്ലാതെ പറയുന്ന വിലയ്ക്ക് കൊണ്ടുപോകുന്നു. സമീപത്തെ സ്കൂളിലേക്കും കൊടുത്തിരുന്നു. ഉത്സവസീസണ്‍ തുടങ്ങിയതോടെ ക്ഷേത്ര ഭാരവാഹികള്‍ നേരിട്ടുവന്ന് പച്ചക്കറി സംഭരിക്കുന്നു. നോമ്പുതുറ വിഭവങ്ങള്‍ക്കാവശ്യമുള്ള പച്ചക്കറികള്‍ക്കായും ആള്‍ക്കാരെത്തുന്നു.
കൃഷിഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാനറിയാം
കൃഷിയുടെ ഇടവേളയില്‍ പെരിയയിലെ അഗ്രോമെഷിനറി സര്‍വീസ് കേന്ദ്രത്തില്‍ മെഷീന് ഓപ്പറേറ്റായി പോകും. നെല്ല് നടുന്നതും കൊയ്യുന്നതുമായ യന്ത്രമാണ് കൂടുതല്‍ പ്രവര്‍ത്തിപ്പിക്കുന്നത്.
മറ്റ് കാര്‍ഷിക ഉപകരണങ്ങളുടെ പ്രവര്‍ത്തനവും അറിയാം. അറ്റകുറ്റപ്പണിയും അറിയാം.
കൂടെനിന്ന് കൃഷിവകുപ്പ്
സുഹീഷിന് സഹായവുമായി കുമ്പഡാജെ കൃഷിഭവന് ജീവനക്കാരും സജീവമായി ഉണ്ട്. ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും. വളം, നടീല്‍വസ്തുക്കള്‍ എല്ലാം ആവശ്യത്തിന് കിട്ടുന്നുണ്ട്.
കൃഷി ലാഭം
ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കച്ചവടം ചെയ്യാന്‍ പറ്റിയാല്‍ നല്ല ലാഭമാണ് കൃഷിയെന്ന് സുഹീഷ് ഉറപ്പിച്ചുപറയുന്നു. കവുങ്ങ്, തെങ്ങ്, വാഴ എല്ലാം ഉള്ളതുകൊണ്ട് ഒന്നല്ലെങ്കില്‍ വേറെ ഒന്നില്‍ നല്ല വരുമാനം കിട്ടുന്നുണ്ട്. അനുഭവസ്ഥരില്നിന്ന് പഠിച്ച് താത്പര്യത്തോടെ കൃഷിചെയ്ത് വിപണി കണ്ടെത്താന്‍ പറ്റിയാല്‍ പുതുതലമുറയ്ക്ക് നല്ല ജോലിസാധ്യതയുള്ള മേഖലയെന്ന് സ്വന്തം അനുഭവത്തില്‍നിന്ന് സുഹീഷ് സാക്ഷ്യപ്പെടുത്തുന്നു.
ഇടനിലക്കാര്‍ പറ്റിച്ച വഴുതിനങ്ങ കച്ചവടം
നല്ല വില കിട്ടും എന്ന് പ്രതീക്ഷിച്ച് കൃഷിചെയ്ത് കിട്ടിയ 20 കിലോ വഴുതിനങ്ങയുമായി കഴിഞ്ഞ വിഷുവിന് സുഹീഷ് ജയനഗര്‍ ചന്തയിലെത്തി. കലോയ്ക്ക് 35-40 രൂപ വിലയുണ്ടായിരുന്ന സമയത്ത് സുഹീഷ് ലഭിച്ചത് 10 രൂപ മാത്രം.
മാസങ്ങളോളം അധ്വാനിച്ച് വിളവെടുത്ത് വാഹനത്തില്‍ കച്ചവടകേന്ദ്രത്തിലെത്തിയപ്പോള് തീരെ വിലകുറച്ചത് സഹിക്കാനായില്ല. പറിച്ച പച്ചക്കറി തിരിച്ച് കൊണ്ടുവന്നാല്‍ കാര്യമില്ലാത്തിനാല് കിട്ടിയ വിലയ്ക്ക് കൊടുത്ത് മടങ്ങി. നല്ലൊരു പാഠമായിരുന്നു. പിന്നീടൊരിക്കലും പറിച്ചെടുത്തതിന് ശേഷം വില തീരുമാനിക്കാറില്ല. ആവശ്യക്കാര്‍ കൃഷിസ്ഥലത്ത് എത്തി വിലകൊടുത്ത് വാങ്ങുന്ന രീതിയിലേക്ക് മാറ്റി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..