അട്ടപ്പാടി മല്ലീശ്വരമുടിയുടെ താഴ്ഭാഗത്തൂടെ ഒഴുകുന്ന ഭവാനിപ്പുഴയുടെ തീരത്തെത്തിയാല്‍ കാണാം കലര്‍പ്പില്ലാത്ത മണ്ണും വെള്ളവും കൃഷിയും. ഒഴുകുന്ന പുഴയുടെനടുവില്‍ സുന്ദരമായൊരു കൃഷിയിടമാണ് ആദിവാസികള്‍ ഒരുക്കിയിരിക്കുന്നത്. ഭവാനിപ്പുഴയുടെ നടുക്ക് മണ്ണുവന്നടിഞ്ഞ് രൂപപ്പെട്ട മണ്‍തിട്ടയില്‍ റാഗിയും ചോളവും പച്ചക്കറിയും വിളയിക്കുകയാണ് അട്ടപ്പാടിയിലെ ആദിവാസി കര്‍ഷര്‍.
കൃഷിക്കിരുവശവും പുഴ താഴേക്ക് ഒഴുകുന്നുമുണ്ട്. ഇന്നത്തെ കൃഷിയിടം മഴ പെയ്യുന്നതോടെ പൂര്‍ണമായും പുഴയായിമാറും. കനത്ത മഴവെള്ളപ്പാച്ചിലില്‍ ഭവാനിപ്പുഴയില്‍ ഏക്കറോളം സ്ഥലത്താണ് ഇത്തരത്തില്‍ മണ്‍ത്തിട്ടകള്‍ ഉണ്ടായിരിക്കുന്നത്. ചെമ്മണ്ണൂര്‍, പൊട്ടിക്കല്‍ തുടങ്ങിയ ഊരുകാരുടെ നേതൃത്വത്തിലാണ് ചെമ്മണ്ണൂര്‍ ഭാഗത്ത് കൃഷിയൊരുക്കുന്നത്.
മഴവെള്ളത്തില്‍ ഒഴുകിയെത്തുന്ന ചെളിയും മണ്ണും ഇവിടെ അടിയുന്നതിനാല്‍ മേല്‍മണ്ണിന് കൂടുല്‍ വളക്കൂറുണ്ട്. അടുത്ത മഴക്കാലമാകുമ്പോളേക്കും പുഴ വിട്ടുകൊടുക്കേണ്ടതിനാല്‍ മൂന്നുമാസംകൊണ്ട് വിളവെടുക്കുന്ന കൃഷികളാണ് ചെയ്യുന്നത്. മണ്ണിന് അധികം ആഘാതമേല്‍പ്പിക്കാത്ത റാഗി അടക്കമുള്ള ആദിവാസി തനതുവിളകളായ ചെറുധാന്യങ്ങളും വിവിധ പച്ചക്കറികളും പുഴയുടെ നടുവില്‍ വിളഞ്ഞുനില്‍ക്കുന്നു.
രാത്രികാലങ്ങളില്‍ കൃഷിയിടത്തില്‍ എലിയുടെയും കാട്ടുപന്നിയുടെയും ശല്യമുള്ളതിനാല്‍ കര്‍ഷകര്‍ക്ക് കാവല്‍ കിടക്കാനുള്ള കാവചാളയും കൃഷിയിടത്തിലുണ്ട്. ഊരിലേക്കാവശ്യമായ ഭക്ഷണം വിഷമില്ലാതെ സ്വയം ഉണ്ടാക്കുകയാണ് ഊരുകാര്‍. ഊരിലുള്ളവര്‍ മുഴുവന്‍ ചേര്‍ന്ന് ഒരു കൂട്ടമായാണ് കൃഷിചെയ്യുന്നത്.
പഞ്ചക്കാടുകള്‍ പുഴയിലെ കൃഷിക്കുപുറമേ പഞ്ചക്കാടുകള്‍ എന്നുവിളിക്കുന്ന കൃഷിസ്ഥലങ്ങളിലാണ് കൂടുതലും കൃഷി. വര്‍ഷങ്ങളോളം കൃഷിചെയ്യാത്തഭാഗത്തെ കാടുതെളിച്ച് വിത്തെറിയും. ഇത്തവണ ചെയ്യുന്ന ഇടത്ത് രണ്ടും മൂന്നും വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ വീണ്ടും കൃഷിയൊരുക്കൂ. ഇത് മണ്ണിന്റെ സന്തുലിതാവസ്ഥ നിലനില്‍ത്തുന്നതിനും മണ്ണില്‍ വളക്കൂറ് വര്‍ധിക്കുന്നതിനും കാരണമാകുന്നു.
ഊരിലേക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളാണ് ഇങ്ങനെ കൃഷിചെയ്യുന്നത്. ഊരിലെ ആവശ്യം കഴിഞ്ഞുള്ളതുമാത്രം വില്‍ക്കും. കൂടുതലും, ഊരുകളില്‍ സാമൂഹിക അടുക്കള നടത്തുന്ന കുടുംബശ്രീക്കാണ് നല്‍കുക. കൃഷിക്കൊപ്പം ആടുമാടുകളെയും ഊരുകാര്‍ വളര്‍ത്തുന്നുണ്ട്.
Content Highlights: Attappady tribal farmers cultivating on the Islet of the Bhavani river