നാട് മുഴുവന്‍ കൊറോണാ ഭീതിയില്‍ കഴിയുമ്പോഴും ചെങ്ങന്നൂര്‍, മാമ്പ്ര പാടത്തെ കര്‍ഷകര്‍ വിശ്രമില്ലാതെ പാടത്താണ്. കടുത്ത വേനലിന്റെ തളര്‍ച്ചയൊന്നുമേല്‍ക്കാതെ പച്ചക്കറികള്‍ സംരക്ഷിക്കാന്‍ പണിയെടുക്കുകയാണവര്‍. ചെറിയനാട്, ആലാ, വെണ്‍മണി പഞ്ചായത്തുകളിലായി 400 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പാടത്ത് മത്തനും വെള്ളരിയും പയറും പാവലും മുതല്‍ തണ്ണിമത്തന്‍വരെ നട്ട് വിളവെടുപ്പിന് കാത്തിരിക്കുകയാണ്.

ജനുവരി അവസാനത്തോടെ നെല്‍ക്കൃഷി കൊയ്ത്തുകഴിയും. പിന്നെ പച്ചക്കറിക്കൃഷിക്കായി നിലമൊരുങ്ങും. ഫെബ്രുവരി ആദ്യവാരത്തോടെ തടമൊരുക്കി പച്ചക്കറി നടുന്നതാണ് മാമ്പ്രയിലെ പതിവ്. രണ്ടാംവാരത്തോടെ ഉഴുതിട്ട ചെളിമണ്ണില്‍ മത്തനും വെള്ളരിയുമൊക്കെ മുളച്ചുതുടങ്ങും. കടുത്ത വേനലിലും പാടത്തെ പച്ചക്കറിത്തൈകള്‍ വാടാതെ സംരക്ഷിക്കാന്‍ ഏറെ പണിപ്പെടുന്നുണ്ട് പലരും.

വെള്ളത്തിന് വാല്‍ക്കുളങ്ങള്‍

പച്ചക്കറി നനയ്ക്കാന്‍ കനാലോ മറ്റ് ജലസേചന സംവിധാനങ്ങള്‍ക്കായോ കാത്തിരിക്കാന്‍ കര്‍ഷകര്‍ ഒരുക്കമല്ല. ജീവജലമേകാന്‍ കര്‍ഷകര്‍ക്ക് തുണയാകുന്നത് പാടത്ത് കുഴിച്ചുണ്ടാക്കുന്ന വാല്‍ക്കുളങ്ങളാണ്.

ഇവയില്‍നിന്ന് വെള്ളം കുടങ്ങളില്‍ കോരിയെടുത്താണ് മുന്‍പ് പച്ചക്കറിത്തൈകള്‍ നനച്ചിരുന്നത്. ഇപ്പോള്‍ മിക്കവര്‍ക്കും പോര്‍ട്ടബിള്‍ പമ്പ് സെറ്റുകളുണ്ട്. കൃഷിവകുപ്പിന്റെ അറനൂറ്റിമംഗലത്തെ സംസ്ഥാന വിത്തുത്പാദന കേന്ദ്രം, കൊച്ചാലുംമൂട്ടിലെ ജില്ലാ കൃഷിത്തോട്ടം എന്നിവിടങ്ങളില്‍നിന്നാണ് വിത്തുവാങ്ങുക.

cheera
മാമ്പ്ര പാടത്തെ ചീരക്കൃഷി

കൂട്ടായ്മയുടെ ശക്തി

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയിലാണ് തണ്ണിമത്തന്‍, വെണ്ട, വഴുതന വിത്തുകള്‍ ലഭിക്കുന്നത്. പുറമെനിന്ന് തൊഴിലാളികളെ നിയോഗിച്ചല്ല ഒട്ടുമിക്ക കര്‍ഷകരും കൃഷി ചെയ്യുന്നതെന്ന പ്രത്യേകതകൂടി മാമ്പ്രയിലെ കൃഷിക്കുണ്ട്. കര്‍ഷകരുടെ കൂട്ടായ്മയായ പച്ചക്കറി ക്ലസ്റ്ററുകളാണ് കൃഷി നടത്തുന്നത്.

മിക്ക ക്ലസ്റ്ററുകളുടെയും ചുമതലക്കാര്‍ വനിതകളാണ്. രാസകീടനാശിനികള്‍ പ്രയോഗിക്കാതെ വിഷരഹിത കൃഷിയാണ് പാടത്ത് നടത്തുക. പാടത്തുനിന്ന് ന്യായവിലയ്ക്ക് പൊതുജനങ്ങള്‍ക്ക് വാങ്ങാനും സൗകര്യമുണ്ട്.

വിശാലമായ വിപണി

കണിവെള്ളരി, മത്തന്‍, തടിയന്‍, പയര്‍, പാവല്‍, പടവലം, ചീര, തണ്ണിമത്തന്‍, വെണ്ട, വഴുതന എന്നിവയൊക്കെയാണ് മാമ്പ്രയില്‍ പ്രധാനമായും കൃഷിചെയ്യുന്നത്. അക്ഷരാര്‍ഥത്തില്‍ ഉത്സവം തന്നെയാണ് മാമ്പ്ര പാടത്തെ വിളവെടുപ്പ്.

വിഷുക്കാലത്ത് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ജനം കണികാണുന്നത് ഒരുപക്ഷേ മാമ്പ്രയില്‍ വിളഞ്ഞ കണിവെള്ളരിയാകും. ടണ്‍ കണക്കിന് വെള്ളരി തിരുവനന്തപുരത്തെ ചാല കമ്പോളം മുതല്‍ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം കുറുപ്പുന്തറ വരെയുള്ള വിവിധ ചന്തകളിലേക്ക് കയറ്റുമതിചെയ്യും.

Content Highlights: As the corona spreads farmers continue cultivation