നക്കരുത്ത് കൈമുതലാക്കി നിരങ്ങിനീങ്ങി കൃഷി ചെയ്ത അരുണിനെ മണ്ണ് ചതിച്ചില്ല. ഒമ്പത് മാസങ്ങള്‍ക്ക് മുന്‍പ് നട്ട വാഴകളെല്ലാം നൂറുമേനി വിളവ് നല്‍കി. സ്വന്തം അധ്വാനത്തിന്റെ ഫലവുമേന്തി വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും മുന്‍പില്‍ നില്‍ക്കുമ്പോള്‍ അരുണിന് അഭിമാനം വാനോളം.. 

വൈകല്യത്തോടെയാണ് ജനിച്ചതെങ്കിലും പരിമിതികളോട് പോരാടി മണ്ണില്‍ പണിയെടുക്കുന്ന അരുണിന്റെ വാര്‍ത്ത ഏതാനും നാളുകള്‍ക്ക് മുന്‍പ് മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആവതില്ലാത്ത കൈകളൂന്നി മണ്ണിലൂടെ നിരങ്ങി നീങ്ങി വയലില്‍ വാഴക്കൃഷിയാണ് അരുണ്‍ ചെയ്തത്. ഈ വര്‍ഷം മാത്രം അമ്പതോളം വാഴകള്‍ അരുണ്‍ സ്വന്തം അധ്വാനത്തില്‍ നട്ടുപിടിപ്പിച്ചിരുന്നു. 

arun karatt

ഒമ്പത് മാസത്തിനു ശേഷമാണ് വിളവെടുപ്പ് നടന്നത്. കനത്ത മഴയില്‍ പത്തോ പതിനഞ്ചോ വാഴകള്‍ ഒടിഞ്ഞും പൊട്ടിവീണും നശിച്ചുപോയിരുന്നെങ്കിലും ശേഷിച്ചവയെല്ലാം മികച്ച വിളവ് നല്‍കി. വിളവെടുപ്പ് പൂര്‍ത്തിയായി വില്‍പനയും കഴിഞ്ഞു. മൂപ്പെത്തിയ വാഴക്കുലകള്‍ വെട്ടിയെടുക്കാന്‍ ആരെങ്കിലും സഹായിക്കണം. കുലകള്‍ വണ്ടിയിലാക്കി അങ്ങാടിയിലേക്കെത്തിക്കുമ്പോള്‍ സ്വന്തം വീല്‍ചെയറില്‍ അരുണും കൂടെ പോവും. 

arun karatt
അരുണ്‍ കൃഷിസ്ഥലത്ത് | ഫോട്ടോ: ശംഭു വിഎസ്

ആദ്യത്തെ 50 വാഴക്കൃഷിയുടെ വിളവിന്റെ സന്തോഷത്തില്‍, ഇനി 100 വാഴ കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അരുണ്‍. നാട്ടുകാരിലൊരാള്‍ പാട്ടത്തിന് നല്‍കിയ ഭൂമിയിലാണ് ഇനിയുള്ള കൃഷിയും. വാഴക്കൃഷിക്ക് പുറമേ പച്ചക്കൃഷി ആരംഭിക്കാനും അരുണിന് ഉദ്ദേശമുണ്ട്. 

ഊരകം മലയുടെ താഴ്‌വാരത്ത് പുല്ലാഞ്ചാലില്‍ പരേതനായ നാരായണന്‍ നായരുടെയും കാരാട്ട് മാധവിക്കുട്ടി അമ്മയുടെയും നാലുമക്കളില്‍ മൂന്നാമനാണ് അരുണ്‍കുമാര്‍. ഇരുകാലുകള്‍ക്കും ശേഷിക്കുറവോടെയാണ് ജനിച്ചതെങ്കിലും പരിമിതികളെയൊന്നും കൂസാതെ പകലന്തിയോളം പണിയെടുക്കുന്ന അരുണ്‍ കേരളക്കരയ്ക്കാതെ പ്രചോദനമായി മാറുകയായിരുന്നു. അരുണിന്റെ അധ്വാനത്തെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. സാമ്പത്തികം ഉള്‍പ്പെടെ കൃഷി ചെയ്യാനായി നിരവധി സഹായങ്ങളും അരുണിന് ലഭിച്ചു.

arun karatt

മാതൃഭൂമി ഡോട്ട് കോം വാര്‍ത്ത കണ്ട് കണ്ണൂര്‍ സ്വദേശിയായ അസ്‌ലം അരുണിന് വീല്‍ചെയര്‍ കൈമാറിയിരുന്നു. വീല്‍ചെയര്‍ ലഭിച്ചതോടെ സ്വന്തം ജീവിതം മാറിപ്പോയതായി അരുണ്‍ പറയുന്നു. കൃഷിയിടത്തിലേക്ക് പോവാന്‍ കഴിയില്ലെങ്കിലും അമ്പലത്തിലും അങ്ങാടിയിലും തുടങ്ങി ആഗ്രഹിച്ചിടത്തൊക്കെ പോവാന്‍ കഴിയുന്നുണ്ടെന്നും അരുണ്‍ പറഞ്ഞു. 

arun karatt
അരുണ്‍ കുടുംബത്തോടൊപ്പം