റുമാസം പ്രായമായ കുഞ്ഞിന് നല്‍കുന്ന ആദ്യ കട്ടിയാഹാരമാണ് കൂവ. പ്രായമേറുംതോറും കൂവയോടുള്ള മമതയും കൂടും. താത്പര്യക്കാര്‍ ഏറെയുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ കൂവക്കൃഷി വളരെ കുറവാണ്. പച്ചക്കറികളും മറ്റും വില്‍ക്കാന്‍ കര്‍ഷകര്‍ ബുദ്ധിമുട്ടുമ്പോള്‍ കൂവയ്ക്ക് അങ്ങനെയുള്ള പ്രശ്‌നവുമില്ല. നന്നായി കഴുകി അരച്ചുണക്കിയെടുക്കുന്ന കൂവപ്പൊടി സൂക്ഷിച്ചുവെക്കാനും വില്‍ക്കാനും വളരെ എളുപ്പം. വിപണിയില്‍ കൂവപ്പൊടിക്ക് എന്നും ആവശ്യക്കാരുണ്ട്.

തെങ്ങിന്‍തോട്ടത്തിലും കവുങ്ങിന്‍തോട്ടത്തിലും കൂവ നന്നായിവളരും. ഒരേക്കറില്‍ പത്തു ടണ്‍ ഉത്പാദിപ്പിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. നന്നായി കിളച്ചൊരുക്കി അടിവളമായി ചാണകവളവും ശീമക്കൊന്നയും ചേര്‍ത്ത് നിലമൊരുക്കാം.

ഒന്നരയടി അകലത്തില്‍ ചെറുകുഴികളെടുത്ത് രോഗമുക്തമായ കൂവക്കിഴങ്ങ് മുകുളം മുകളിലാക്കിവേണം നടാന്‍. നടുന്നതിനുമുമ്പ് സൂക്ഷ്മാണുവളമായ 'വാമി'ല്‍ മുക്കുന്നത് കിഴങ്ങിന്റെ വളര്‍ച്ചകൂട്ടും. ഒന്നരമാസം കൂടുമ്പോള്‍ അല്പം ചാണകവളം ചേര്‍ത്ത് മണ്ണുകൂട്ടണം. പ്രത്യേക കീടരോഗബാധ ഒന്നുംതന്നെ കൂവയ്ക്കില്ല.

എട്ടുമാസത്തിനകം വിളവെടുക്കണം. മഴക്കാലമാണ് നടാന്‍ ഏറ്റവും അനുയോജ്യം. പത്തുകിലോ കൂവയ്ക്ക് ഒരുകിലോ പൊടികിട്ടും. കൂവപ്പൊടിക്ക് വിപണിയില്‍ കിലോയ്ക്ക് 500 രൂപയില്‍ കൂടുതലാണ് വില. കൂവ നട്ട തോട്ടങ്ങളില്‍ പ്രധാന വിളയ്ക്ക് കീടബാധ കാണുന്നില്ലെന്നതും എടുത്തുപറയേണ്ട കാര്യമാണ്.

ബിസ്‌കറ്റ്, പാസ്ത, ബ്രഡ്, കേക്ക്, പുഡ്ഡിങ്, ജെല്ലി തുടങ്ങിയവയുടെ ഗുണംകൂട്ടാന്‍ കൂവപ്പൊടി ഉപയോഗിക്കാം. ഐസ്‌ക്രീമിലെ ക്രിസ്റ്റല്‍ രൂപവത്കരണം ഒഴിവാക്കാന്‍ കൂവപ്പൊടി കലക്കിച്ചേര്‍ക്കാം. മധുരപലഹാരങ്ങളില്‍ മൈദയ്ക്ക് പകരക്കാരനാകാനും കൂവപ്പൊടി നന്ന്. വിറ്റാമിന്‍ 'ബി' യും ധാരാളം മൂലകങ്ങളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ രക്തയോട്ടം കൂട്ടാനും രക്തസമ്മര്‍ദം ക്രമീകരിക്കാനും സഹായിക്കും.

ദഹനപ്രശ്‌നങ്ങള്‍ക്കും പനിയുള്ളപ്പോള്‍ ആരോഗ്യവും ഉന്മേഷവും നല്‍കാനും നിര്‍ജലീകരണം തടയാനും കൂവ കുറുക്കിയതുതന്നെ ഉത്തമം.

Content Highlights: Arrow Root (Koova) Farming and Processing