കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ മാവ് കൃഷിചെയ്യുന്നവര്‍ക്കു പ്രതീക്ഷയാവുകയാണ് സങ്കരമാവിനമായ 'അര്‍ക്ക സുപ്രഭാത്' ബെംഗളൂരുവിലെ ഇന്ത്യന്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ഈ ഇനത്തിന്റെ ഗ്രാഫ്റ്റ് തൈകള്‍ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. അര്‍ക്ക അമ്രപാലി, അര്‍ക്ക അന്‍മോള്‍ എന്നീ ഇനങ്ങളുടെ സങ്കരണത്തിലൂടെയാണ് ഇതുവികസിപ്പിച്ചത്. അധികം ഉയരംവെക്കാത്ത അര്‍ക്ക സുപ്രഭാത് എല്ലാസീസണിലും മുടങ്ങാതെ കായ്ക്കുന്ന സ്വഭാവമുള്ളതാണ്.

ഗ്രാഫ്റ്റ് നട്ട് നാലാംവര്‍ഷം മുതല്‍ ഒരുമാവില്‍നിന്ന് 40 കിലോയോളം മാങ്ങ വിളവെടുക്കാം. ഒരു മാങ്ങയ്ക്കു 250 ഗ്രാമോളം ഭാരം വരും. ചില മാവിനങ്ങളില്‍ കാണുമ്പോലെ സ്‌പോഞ്ചുപോലെയാകാത്ത ഉള്‍ക്കാമ്പിനു ഓറഞ്ചുനിറമാണ്. 10 ദിവസംവരെ സാധാരണ താപനിലയില്‍ സൂക്ഷിക്കാം. പഴമായും സംസ്‌കരണത്തിനും അനുയോജ്യമാണ്. മാങ്ങയില്‍ 70 ശതമാനംവരെ പള്‍പ്പുണ്ടാവും. 100 ഗ്രാം പള്‍പ്പില്‍ 8.35 മില്ലിഗ്രാം കരോട്ടിനോയിഡുകളും 9.91 മില്ലിഗ്രാം ഫ്‌ളേവനോയിഡുകളും അടങ്ങിയിട്ടുണ്ട്.

മറ്റിനങ്ങളെ അപേക്ഷിച്ച് നടീല്‍കാലം കുറച്ചുമതിയാവും. 5x5 മീറ്റര്‍ അകലത്തില്‍ ഒരേക്കറില്‍ 160 ഗ്രാഫ്റ്റുകള്‍ നടാം. അര്‍ക്ക സുപ്രഭാതിന്റെ ഗ്രാഫ്റ്റുകള്‍ക്ക് 08023086100 ( Ext. 295 ) എന്ന ഫോണ്‍നമ്പറില്‍ തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ ഒമ്പതിനും വൈകീട്ട് നാലിനുമിടയ്ക്ക് ബന്ധപ്പെടാം. മെയില്‍: nursery.iihr@icar.gov.in. ഇന്‍സ്റ്റിറ്റ്യൂട്ട് നേരിട്ടുമാത്രമേ ഇതിന്റെ തൈകള്‍ ഇപ്പോള്‍ ലഭ്യമാക്കുന്നുള്ളൂ.

Content Highlights: Arka Suprabhath, ICAR-IIHR developed new mango hybrid