അപൂര്‍വയിനം പശുക്കളാല്‍ സമ്പന്നമായ എം.കുഞ്ഞികൃഷ്ണന്റെ ഗോശാലയായിരുന്ന മാതൃഭൂമി പയ്യന്നൂരില്‍ സംഘടിപ്പിച്ച കാര്‍ഷികമേളയിലെ പ്രധാന ആകര്‍ഷണമായി മാറിയത്. വലിപ്പത്തില്‍ കുറിയവരായ വെച്ചൂര്‍, കാസര്‍കോട് കുള്ളന്‍, മലനാട് ഗിഡ, ഹൈറേഞ്ച്, ചെറുവള്ളി പശു, കപില, വലിപ്പത്തില്‍ പ്രൗഢിയുള്ള ഗിര്‍, സിന്ധി തുടങ്ങി അപൂര്‍വ ഇനം പശുക്കളുടെ പ്രദര്‍ശനം  പയ്യന്നൂര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ഒരുക്കിയിരുന്നു.

പശുക്കളിലെ ഐശ്വര്യ റാണിയായ കപില പശുവാണ് മേളയിലെ താരം. പശുക്കളില്‍ ഏറ്റവും ശ്രേഷ്ഠമായ ഈ വിഭാഗം സൂര്യന്റെ സപ്തവര്‍ണങ്ങളെ ആഗിരണം ചെയ്ത് ശരീരത്തില്‍ ആല്‍ക്കലി ഉത്പാദിപ്പിക്കുന്നു. പാലും പാലുത്പന്നങ്ങളും സ്വര്‍ണവര്‍ണമാണെന്നതാണ് ഇതിന്റെ പ്രത്യേകത.

പ്രദര്‍ശനത്തില്‍ വടക്കെ മലബാറിന്റെ പ്രത്യേക ജനുസ്സായ 80 സെന്റീമീറ്റര്‍ മാത്രം ഉയരമുള്ള കാസര്‍കോട് കുള്ളന്‍, വെച്ചൂര്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ടായിരുന്നു. പാലുത്പാദനം കൂടുതലുള്ള റെഡ് സിന്ധി 15 മുതല്‍ 18 ലിറ്റര്‍ വരെ പാല്‍ തരും. എട്ടു മുതല്‍ 30 ലിറ്റര്‍ വരെ പാല്  തരുന്ന ഗിര്‍പശുക്കളും മേളയിലുണ്ട്‌. കപില കാസര്‍കോട് കുള്ളന്‍, വെച്ചൂര്‍, സിന്ധി, ഗിര്‍ എന്നിവയുടെ കാളകളും പ്രദര്‍ശനത്തിന് മാറ്റ് കൂട്ടി.

പയ്യന്നൂര്‍ സൗത്ത് എല്‍.പി.സ്‌കൂളില്‍നിന്ന് ഈ വര്‍ഷം വിരമിച്ച  വെള്ളൂര്‍ പാലത്തരയിലെ എം.കുഞ്ഞികൃഷ്ണനും പള്ളിക്കര ഗവ.ഹൈസ്‌കൂളിലെ അധ്യാപികയായ ഭാര്യ റീനകുമാരിയുമാണ് 'കൃഷ്ണ ഗോശാല' പരിപാലിക്കുന്നത്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദ വിദ്യാര്‍ഥിയും യുവ ക്ഷീരകര്‍ഷകനുമായ മകന്‍ വൈശാഖ് കൃഷ്ണനാണ് മേളയില്‍ കാഴ്ചക്കാര്‍ക്ക് പശുക്കളെ പരിചയപ്പെടുത്തുന്നത്. വെറ്ററിനറി സയന്‍സ് വിദ്യാര്‍ഥിയായ മകന്‍ നീരജ് കൃഷ്ണന്‍ സഹായത്തിനുണ്ട്. 'ആരോഗ്യമുള്ള തലമുറയെ വളര്‍ത്തിയെടുക്കാന്‍ ഒരു വീട്ടില്‍ ഒരു പശു' എന്നതാണ് കുഞ്ഞികൃഷ്ണനും കുടുംബവും നല്‍കുന്ന സന്ദേശം.