കുടുംബശ്രീയില്‍ നിന്ന് വായ്പയെടുത്ത് ഫാം തുടങ്ങിയ അയ്യംപറമ്പ് മണ്ടുംപാല്‍ നിഷയും ഭര്‍ത്താവ് അജിത്തും ഒരിക്കല്‍ പരാജയപ്പെട്ടതാണ്. തോല്‍വിയില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് കേരള ചിക്കന്‍ എന്ന പദ്ധതിയില്‍ പുതിയ സംരംഭവുമായി ജീവിതം കരുപ്പിടിപ്പിക്കുന്നത്. ആറുമാസം പിന്നിടുമ്പോള്‍ വിജയച്ചിരിയുമായാണ് ഇവരുടെ മുന്നോട്ടുള്ള യാത്ര.
'പക്ഷിപ്പനിയില്‍ വിപണി കുറച്ച് മോശമായി. എന്നാലും വില കുറയ്ക്കാന്‍ തയ്യാറായിട്ടില്ല. കുടുംബശ്രീയുടെ ആനായ്ക്കലിലെ ചിക്കന്‍ സ്റ്റാളിലൂടെയാണ് വില്‍പ്പന. ആഴ്ചയില്‍ ശരാശരി 750 കിലോഗ്രാം വരെ കച്ചവടമുണ്ട്. ഗുണമേന്മ നിലനിര്‍ത്തുന്നതാണ് നേട്ടം.' - നിഷ അജിത്ത് പറഞ്ഞു. കെപ്കോ വഴിയാണ് കോഴിക്കുഞ്ഞുങ്ങളെ ലഭിക്കേണ്ടത്. കുന്നംകുളം മേഖലയില്‍ മറ്റ് യൂണിറ്റുകളില്ലാത്തതിനാല്‍ പാലക്കാട്ട് നിന്നാണ് ഇവര്‍ കുഞ്ഞുങ്ങളെ ഇറക്കുന്നത്.
35-50 രൂപ വരെ കുഞ്ഞിന് വിലയുണ്ട്. ഏഴാം ദിവസം പ്രതിരോധമരുന്ന് നല്‍കും. പിന്നീട് കുത്തിവെപ്പുകളോ ആന്റിബയോട്ടിക്കുകളോ നല്‍കാറില്ല. പത്ത് ദിവസം വരെ ബ്രൂഡിങ് (ചൂട് നിലനിര്‍ത്തുന്ന സംവിധാനം) കൃത്യമായിരിക്കണം. തീറ്റയും പരിപാലനവും തെറ്റാതിരുന്നാല്‍ 35 ദിവസം കഴിയുമ്പോഴേക്കും രണ്ടര കിലോഗ്രാമിന് മുകളില്‍ തൂക്കമുണ്ടാകും. ആന്റിബയോട്ടിക്കുകള്‍ നല്‍കാത്തതിനാല്‍ കോഴികളിലെ മരണനിരക്ക് കൂടുതലാണ്. വിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് പിടിച്ചുനില്‍ക്കേണ്ടിവരുന്നത് വെല്ലുവിളിയാണെന്നും ഇവര്‍ പറഞ്ഞു.
കുടുംബശ്രീയുടെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പില്‍ (ജെ.എല്‍.ജി) നിന്ന് വായ്പയെടുത്ത് 2018-ലാണ് നിഷയും ഭര്‍ത്താവ് അജിത്തും ഫാം എന്ന ആശയത്തോടെ സംരംഭം തുടങ്ങിയത്. കോഴി, കാട, താറാവ്, പോത്ത്, ആട് എന്നിവയുണ്ടായിരുന്നു. പ്രളയത്തെത്തുടര്‍ന്ന് തീറ്റ എത്തിക്കാന്‍ കഴിയാതെവന്നതോടെ രണ്ടായിരത്തിലേറെ കോഴികള്‍ ചത്തൊടുങ്ങി. വലിയൊരു നഷ്ടമാണ് അന്നുണ്ടായത്. മറ്റുള്ളവയേയും വിറ്റൊഴിവാക്കി.
2020-ല്‍ വീണ്ടും തുടങ്ങിയപ്പോള്‍ 400-500 കോഴിക്കുഞ്ഞുങ്ങളെയാണ് കൊണ്ടുവന്നത്. പത്ത് ദിവസം കൂടുമ്പോള്‍ പുതിയ കുഞ്ഞുങ്ങളെ എത്തിക്കും. ശരാശരി ആയിരം കോഴികളെന്ന രീതിയില്‍ നിലനിര്‍ത്തും. മൂന്ന് തട്ടുകളിലായാണ് പരിപാലനം. ഈര്‍പ്പവും ദുര്‍ഗന്ധവും ഇല്ലാതിരിക്കാന്‍ ചകിരിച്ചോറും ഫാമിനുള്ളില്‍ വിരിച്ചിട്ടുണ്ട്.
എയ്യാലിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണ് നിഷ. കെട്ടിടങ്ങളുടെ പ്ലാന്‍ തയ്യാറാക്കലും സൂപ്പര്‍വിഷനുമായാണ് അജിത്ത് വരുമാനം കണ്ടെത്തിയിരുന്നത്. കുടുംബശ്രീയിലൂടെ അഞ്ച് ലക്ഷം രൂപ വായ്പയെടുത്താണ് പുതിയ സംരംഭം തുടങ്ങിയിട്ടുള്ളത്. സുഭിക്ഷ കേരളം പദ്ധതിയില്‍ പടുതാകുളം നിര്‍മിക്കുന്നതിനും ഇവര്‍ക്ക് അനുമതിയായിട്ടുണ്ട്. മക്കളായ നീലിമയും ഹേമന്തും പഠനം കഴിഞ്ഞുള്ള സമയങ്ങളില്‍ ഫാമിലുണ്ടാകും.
ചാലക്കുടി, ഇരിങ്ങാലക്കുട മേഖലകള്‍ കേന്ദ്രീകരിച്ചാണ് കെപ്കോ കുഞ്ഞുങ്ങളെ എത്തിച്ചുകൊടുക്കുന്നത്. 30 യൂണിറ്റുകള്‍ ഈ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുത്തകകളെ നിയന്ത്രിക്കുകയാണ് ലക്ഷ്യമെന്ന് കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ജ്യോതിഷ്‌കുമാര്‍ പറഞ്ഞു.
Content Highlights: Animal Husbandry, Poultry Farming