അവകാശവാദങ്ങളില്ല അറുപത്തിനാലുകാരനായ അയ്യമലയില്‍ ആന്റണിക്ക്. ''ഒരു പരീക്ഷണം മാത്രം. വിജയിച്ചാല്‍ വ്യാപിപ്പിക്കാം. ഇല്ലെങ്കില്‍ നമ്മള്‍ കുറച്ച് നഷ്ടം സഹിച്ചാല്‍ മതിയല്ലോ'' -അദ്ദേഹം പറയും. വീട്ടുമുറ്റത്ത് കുരുമുളക് കൃഷിയിലാണ് ആന്റണിയുടെ പരീക്ഷണം. വള്ളി കയറ്റിവിടാനുള്ള മരത്തിനുപകരം ഉരുക്കുവലയില്‍ തീര്‍ത്ത സ്തൂപാകൃതി ഉണ്ടാക്കുന്നു അദ്ദേഹം. ഉള്ളില്‍ ചകിരിച്ചോറും അടയ്ക്കാത്തൊണ്ടും ചാണകവും അല്‍പം മണ്ണും പച്ചിലവളവും നിറയ്ക്കുന്നു.
''വേരുള്ള കുരുമുളകുവള്ളി മുറിച്ചെടുത്ത് വേരിന്റെ ഭാഗം ഇതിന്റെ ചുവട്ടില്‍ പിടിപ്പിക്കുന്നു. അതിനുവേണ്ടി കമ്പിവലയുടെ ഒന്നുരണ്ടു അഴികള്‍ മുറിച്ചുകളയും. എന്നിട്ട് ഈര്‍ക്കില്‍കൊണ്ട് മടക്കുണ്ടാക്കി വള്ളിയുടെ മേല്‍ഭാഗങ്ങള്‍ കമ്പിവലയോടുചേര്‍ത്ത് പിടിപ്പിക്കുന്നു. സാധാരണ മണ്ണില്‍ കുഴിച്ചിടുന്നതിനുപകരം കമ്പിച്ചുരുളിനകത്തെ മിശ്രിതത്തിലേക്ക് വേര് ആഴ്ത്തിനടുകയാണ് ചെയ്യുന്നത്.
മണ്ണില്‍ നേരിട്ട് നടുമ്പോഴാണ് വള്ളികള്‍ക്ക് പെട്ടെന്ന് കേടുപിടിക്കുന്നതെന്ന് ഞാന്‍ കരുതുന്നു. ഇത് മണ്ണില്‍ നില്‍ക്കുന്നില്ല. അതുകൊണ്ട് കേടിന് സാധ്യത കുറയുമെന്നാണ് പ്രതീക്ഷ.'' അദ്ദേഹം വിശദീകരിക്കുന്നു.
ബദിയഡുക്ക-ഉക്കിനടുക്ക റൂട്ടിലെ കരിമ്പിലയിലയില്‍ പാതയോരത്താണ് ആന്റണിയുടെ വീട്. സ്തൂപങ്ങള്‍ കണ്ട് പലരും രഹസ്യം തിരക്കിവരുന്നു. ചിലര്‍ ഈ കൃഷിരീതിയില്‍ താത്പര്യം പ്രകടിപ്പിക്കുന്നു. അഞ്ച്, 10, 15 അടി ഉയരത്തിലാണ് സ്തൂപങ്ങള്‍. പത്തടിയാണെങ്കില്‍ രണ്ടടിയോളം ഉയരത്തില്‍ ചകിരി അടുക്കി അതിനുമുകളിലാണ് ചകിരിച്ചോറും ബാക്കിയുള്ളവയും നിറയ്ക്കുന്നത്. ചകിരി ജലാംശം നിലനിര്‍ത്തും. അഞ്ചടിയുടെ സ്തൂപം ഉണ്ടാക്കാന്‍ 2000 രൂപയോളം ചെലവുവരുന്നുണ്ട്.
അഞ്ചുകിലോഗ്രാം ചാണകപ്പൊടി, ഒരു ക്വിന്റലോളം ചകരിച്ചോറ്് തുടങ്ങിയവയാണ് വേണ്ടിവരുന്നത്. അഞ്ചുസെന്റില്‍ 25 തൂണുകളെങ്കിലും സ്ഥാപിക്കാം. ഒന്നില്‍നിന്ന് ഒരുകിലോഗ്രാം ഉണക്ക കുരുമുളക് കിട്ടുമെന്നാണ് കണക്കാക്കുന്നത്. ഭാര്യ അമ്മിണിയും കൃഷിയില്‍ സഹായിക്കുന്നു.
Content Highlights: An experiment of new method in pepper cultivation