ശിവരാജൻ ടെറസിൽ വളർത്തിയ മാവുകൾക്കൊപ്പം
അന്യംനിന്നുപോവുന്ന കൊതിയൂറും നാടന്മാവിനങ്ങളുടെ സംരക്ഷണമാണ് ഓട്ടോറിക്ഷാ ഡ്രൈവറായ കോഴിക്കോട് മൂഴിക്കല്‍ ചെറുവറ്റയിലെ ശിവരാജന്റെ ജീവിതദൗത്യം. എവിടെ യാത്രപോവുമ്പോഴും വഴിയോരങ്ങളിലും പറമ്പുകളിലും പടര്‍ന്നുപന്തലിച്ച് വളരുന്ന മാവുകളിലായിരിക്കും ശിവരാജന്റെ നോട്ടം. നാട്ടുമാവുകളുടെ കമ്പുകള്‍ ശേഖരിച്ച് ബഡ്ചെയത് തൈകളൊരുക്കി അവയുടെ അതിജീവനം ഉറപ്പുവരുത്തുകയാണ് ഈ കര്ഷകന്.
ചെറുവറ്റ താഴെമണ്ണാറക്കലെ ശിവരാജന്റെ വീടുനിറയെ മാവുകളാണ്. പത്തുസെന്റ് സ്ഥലമാണ് ശിവനുള്ളത്. അതില്‍ രണ്ട് വീടുകളുണ്ട്. ഒന്ന് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. കൃഷിചെയ്യാന്‍ നിലം നന്നേ കുറവ്. അതുകൊണ്ട് വിടീന്റെ ടെറസാണ് മാവുവളര്ത്തലിന് കൂടുതലായി ഉപയോഗപ്പെടുത്തുന്നത്.
നാല്‍പ്പതിലേറെ നാടന്മാവിനങ്ങളാണ് ശിവന്റെ ശേഖരത്തിലുള്ളത്. പലതിന്റെയും ഊരുംപേരുമൊന്നും അറിയില്ല. കിളിച്ചുണ്ടന്‍, കോഴിക്കോടന്‍ ഒളോര്‍, കൊളമ്പ് മാവ്, കോമാങ്ങ (കപ്പായ്), ചക്കരക്കുട്ടി, തത്തച്ചുണ്ടന്‍, കര്‍പ്പൂരമാങ്ങ, കോശ്ശേരി, ,മലയന്‍. കസ്തൂരി, വാഴപ്പൂവന് തുടങ്ങിയ ഇനങ്ങള്‍ ശിവന്റെ ടെറസില്‍ പുതുജന്മംതേടുകയാണ്.
കര്‍പ്പൂരത്തിന്റെ രുചിയുള്ള അപൂര്‍വമായ കര്‍പ്പൂരമാങ്ങ പറമ്പില്ബസാറില്നിന്നാണ് ശിവന് കണ്ടെത്തിയത്. കസ്തൂരിമാങ്ങ ലഭിച്ചത് വെസ്റ്റ്ഹില്ലില്‍നിന്ന്. പോലൂരില്‍നിന്ന് വലിയ ഇനം മലയന്‍ മാങ്ങ ലഭിച്ചു. കോഴിക്കോട് ബീച്ചിലെ ഫയര്സ്റ്റേഷന് വളപ്പിലെ മാവ്, രാജേന്ദ്ര നഴ്സിങ് ഹോമിന് സമീപമുള്ള ചുവന്നമാങ്ങയുണ്ടാവുന്ന മാവ്, കോറണേഷന്‍ തിയേറ്ററിന് സമീപത്തുനിന്ന് ലഭിച്ച വാഴപ്പൂവന് തുടങ്ങിവയുടെയെല്ലാം തൈകള്‍ ശിവന് വളര്‍ത്തിയെടുത്തിട്ടുണ്ട്.
നാലാംഗെയ്റ്റിന് സമീപമുള്ള വീട്ടിലുണ്ടായിരുന്ന അതിരുചികരമായ ഇനം മാവിനം സംരക്ഷിക്കാനും കഴിഞ്ഞു. മാവ് മുറിക്കേണ്ടിവന്നപ്പോള്‍ വീട്ടുകാര്‍ ശിവനെ വിവരം അറിയിച്ചു. മാവിന്റെ കമ്പുകളില്‍നിന്ന് ശിവന് ബഡ്ചെയ്ത് തൈകളുണ്ടാക്കി.
വംശനാശഭീഷണിയിലുള്ള കോഴിക്കോടന്‍ ഒളോര്‍ സംരക്ഷിച്ചെടുക്കുന്നതില് ശിവന് വലിയപങ്കുവഹിക്കുന്നു. വടകര അരൂര്‍ ഒളോറില്നിന്ന് വ്യത്യസ്തമാണ് കോഴിക്കോടന്‍ ഒളോര്‍. അറുനൂറിലെറെ ഒളോര്തൈകള് ശിവന് ഇത്തവണ തയ്യാറാക്കിയിരുന്നു. കുരുവട്ടൂര്‍ കൃഷിഭവനുമാത്രം നൂറ്റമ്പത് തൈകള്‍ നല്കി. രുചിയിലെ അപൂര്‍വതയായ ഒളോര്‍ ഭാവിതലമുറയ്ക്കായി തീര്‍ച്ചയായും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ശിവന് വ്യക്തമാക്കുന്നു.
ബന്നറ്റ് അല്‍ഫോണ്‍സ, നാസിക് പസന്ത്, കാലപ്പാടി, റുമാനി, സോത്താപ്പുരി, ചന്ദ്രക്കാരന്‍, ബ്ലാക്ക് ആന്‍ഡ് റോസ്, മല്‍ഗോവ, ബെനീഷ്യന്, കാദിരി, നടശ്ശാല, മല്ലിക തുടങ്ങിയ മറുനാടന്‍ മാവുകളുടെ ഒട്ടേറെ ഇനങ്ങളും ശിവന്റെ ശേഖരത്തിലുണ്ട്. മാവുകൂടാതെ കുറ്റിക്കുരുമുളക് ബെഡ്ചെയ്യുന്നതിലും ശിവന് വിജയം കണ്ടിട്ടുണ്ട്. കരിമുണ്ട, പന്നിയൂര്‍, കല്ലുവള്ളി, തെക്കന്‍ തുടങ്ങിയ ഇനങ്ങള്‍ കുറ്റിമുളകാക്കിയിട്ടുണ്ട്.
തൈവില്പ്പനയിലൂടെ മോശമല്ലാത്ത വരുമാനം കണ്ടെത്താനും കഴിയുന്നുണ്ട്. ഒട്ടേറെ കര്ഷകപുരസ്കാരങ്ങളും ശിവനെത്തേടി എത്തി. കഴിഞ്ഞവര്‍ഷം കുരുവട്ടൂര്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ടു. ഭാര്യ നിഷയാണ് കൃഷിയില്‍ ശിവന്റെ സഹായി. ഫോണ്‍: 8848332386.
Content Highlights: An auto driver from Kozhikode reviving rare mango varieties
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..