കേശസംരക്ഷണ തൈലങ്ങളിലും സൗന്ദര്യ വര്‍ദ്ധക ലേപനങ്ങളിലും പ്രചാരത്തിലുളള കറ്റാര്‍വാഴ ഭക്ഷ്യയോഗ്യവുമാണ്. ധാരാളം ജീവകങ്ങളും ധാതുക്കളും അടങ്ങിയ ഇവയുടെ ഇലകള്‍ മറുനാട്ടിലെ നാട്ടുചന്തകളില്‍ സുലഭമായിക്കഴിഞ്ഞു. പൂന്തോട്ടങ്ങളിലെ അലങ്കാരപ്പാറകള്‍ക്കിടയില്‍ അഴകേകാനും അനുയോജ്യമാണിവ. ദഹന സംബന്ധമായ രോഗങ്ങള്‍, ഗര്‍ഭാശയ രോഗങ്ങള്‍, വാതം, കഫം, ചര്‍മ്മരോഗങ്ങള്‍, തീപൊളളിയ വ്രണങ്ങള്‍ എന്നിവയ്‌ക്കെല്ലാം തന്നെ കറ്റാര്‍വാഴ ഔഷധമാണ്. 

കറ്റാര്‍വാഴ ഇലകളുടെ തൊലി നീക്കി ഉളളിലുളള നേര്‍ത്ത മാംസളമായ ഭാഗമാണ് ഉപയോഗയോഗ്യമായത്‌. ഇത് ജ്യൂസിനും അച്ചാറിനും ചമ്മന്തിയ്ക്കും വരെ ഉപയോഗിക്കാം. കറ്റാര്‍വാഴയുടെ ഇലപ്പോളകള്‍ പുറന്തൊലി നീക്കി എടുക്കുന്ന മാംസളമായ ഐസ് കട്ടകളോട് സമാനമായ ഭാഗമാണ് ജ്യൂസ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. കറ്റാര്‍വാഴ നീരും നാരങ്ങയും ഇഞ്ചിയും ചേര്‍ത്ത ജ്യൂസും സ്‌ക്വാഷും കുളിര്‍മയേകുന്ന ആരോഗ്യ പാനീയങ്ങള്‍ തന്നെയാണ്. 
എന്നാല്‍ കറ്റാര്‍വാഴയുടെ കയ്പുരസം അഥവാ കനപ്പ് പലപ്പോഴുംഇതിനെ ഭക്ഷ്യയോഗ്യമല്ലാതാക്കുന്നു. കറ്റാര്‍വാഴയുടെ ഇലച്ചാറ് ഉണക്കിപൊടിച്ചെടുക്കുന്നതാണ് കയ്പിന്റെ പ്രതീകമായി പറയുന്ന 'ചെന്നിനായകം'.

നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനിറ്റിക്‌സ് ആന്റ ്‌റിസ്സോഴ്‌സ് അഥവാ എന്‍.ബി.പി.ജി.ആര്‍ എന്ന കേന്ദ്ര സ്ഥാപനം മദ്ധ്യപ്രദേശിലെ നര്‍മ്മദാ നദീതീരത്തു നിന്നും കയ്പ്പുരസം കുറഞ്ഞ ഒരു കറ്റാര്‍വാഴ ഇനം കണ്ടെത്തുകയും'കുമാരിപത്രം' എന്ന പേരില്‍ ഇവിടെ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. സാധാരണ കറ്റാര്‍വാഴയേക്കാള്‍ കയ്പ്പുരസം കുറവായതിനാല്‍ രുചിയിലും മെച്ചപ്പെട്ടതാണ്. അതുകൊണ്ട് തന്നെ വീട്ടുപയോഗത്തിന് അനുയോജ്യമായ ഒരിനവുമാണ്. 

aloe

ഏതുതരം മണ്ണിലും വളരെ പരിമിതമായ പരിചരണത്തില്‍ കറ്റാര്‍വാഴ വളര്‍ത്തിയെടുക്കാം. വേരുപടലം ഉപരിതലത്തിലായതിനാല്‍ നീര്‍വാര്‍ച്ച ഉറപ്പാക്കേണ്ടതാണ്. തണലില്‍ വളരുന്നവയാണെങ്കില്‍ പോലും നല്ല സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ ഇടങ്ങളില്‍ ആണ് മെച്ചപ്പെട്ട വളര്‍ച്ച കാണാറുളളത്. കറ്റാര്‍വാഴയുടെ ചിനപ്പുകള്‍ അഥവാ ഇളപ്പുകള്‍ ആണ് നടാന്‍ ഉപയോഗിക്കുന്നത്. 

ഒരു ചെടിയില്‍ നിന്നും വളരെ കുറച്ച് ചിനപ്പുകള്‍ മാത്രമേ ലഭിക്കുകയുളളൂവെന്നതിനാല്‍ ടിഷ്യുകള്‍ച്ചര്‍ സാങ്കേതികവിദ്യയിലൂടെ ദ്രുത പ്രവര്‍ദ്ധന മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് തൈകള്‍  ഉണ്ടാക്കുന്നതിനുള്ള രീതി കാര്‍ഷികസര്‍വ്വകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ ഉത്പ്പാദിപ്പിച്ച മൂന്നുമാസം പ്രായമായ കൂടതൈകള്‍ കൃഷിയിടത്തില്‍ നടാവുന്നതാണ്. 

agri

ഉയര്‍ന്ന തടത്തിലോ വാരത്തിലോ ഒന്നരയടി അകലത്തില്‍ തൈകള്‍ നടാം. വീട്ടാവശ്യത്തിനാണെങ്കില്‍ ഇടത്തരം ചട്ടികളിലോ പോളിത്തീന്‍ കവറുകളിലോ പോലും ഇവ നടാവുന്നതാണ്. തൈ നട്ട് ആറുമാസം പ്രായമാകുന്നതോടു കൂടി ഇലപ്പോളകള്‍ മുറിച്ചെടുക്കാം. ഏതാണ്ട് മൂന്നുവര്‍ഷക്കാലം ഈ രീതിയില്‍ ചെടികളില്‍ നിന്നും ഇല ശേഖരിക്കാവുന്നതാണ്.

മൂന്നുമാസം പ്രായമായടിഷ്യുകള്‍ച്ചര്‍ കറ്റാര്‍വാഴതൈകള്‍ തൃശ്ശൂര്‍ കാര്‍ഷിക സര്‍വ്വകലാശാല ആസ്ഥാനത്തുളള തോട്ട സുഗന്ധവിള നഴ്‌സറിയില്‍ 15 രൂപ നിരക്കില്‍ ലഭ്യമാണ്. 

Content highlights: Aloe vera cultivation, Agriculture, Organic farming