ഒപ്പം കൂട്ടാം അരുമയായ ഒരു നായയെ; അറിയണം ഇക്കാര്യങ്ങൾ | Dog Breed Selection


By ഡോ. സാബിന്‍ ജോര്‍ജ്ജ്

5 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | ഫോട്ടോ : മനോജ് പി.

ഏറ്റവും ആദ്യം മനുഷ്യന്‍ മെരുക്കിവളര്‍ത്തിയ മൃഗമാണ് നായ. കറ പുരളാത്ത യജമാനസ്നേഹത്തിന്റേയും അചഞ്ചലമായ വിശ്വസ്തതയുടേയും കാലാതിവര്‍ത്തിയായ പ്രതീകങ്ങളാണവ. കുറുക്കനും കുറുനരിയും ചെന്നായയും ഉള്‍പ്പെടുന്ന കുടുംബത്തിലാണ് നായയുടെ സ്ഥാനം. ചെന്നായ്ക്കളാണ് ഇവരുടെ പൂര്‍വ്വികരെന്നാണ് പ്രബലമായ വാദം. കാട്ടില്‍നിന്ന് നാട്ടിലേക്കും പിന്നീട് നഗരത്തിലേക്കും മനുഷ്യന്‍ വളര്‍ന്നപ്പോള്‍ ചിരകാലബന്ധത്തിന്റെ കാണാച്ചരടാല്‍ ബന്ധിക്കപ്പെട്ട് നായ്ക്കളും സഹയാത്രികരായുണ്ടായിരുന്നു.

പുതിയ ഭൂപ്രകൃതികളിലേക്കും ജീവിതസാഹചര്യങ്ങളിലേക്കും ചേക്കേറി മനുഷ്യവംശം വളര്‍ന്നതിനൊപ്പം നായ്ക്കള്‍ക്കും രൂപഭാവങ്ങളിലും സ്വഭാവവിശേഷങ്ങളിലും ജനിതകഘടനയിലും പരിണാമമുണ്ടായി. ഓരോ ദേശത്തിന്റേയും കാലാവസ്ഥയും ഭൂമിശാസ്ത്രവുമനുസരിച്ച് പ്രകൃതി വരുത്തിയ മാറ്റങ്ങളും പ്രത്യേക ആവശ്യങ്ങള്‍ക്കായി തിരഞ്ഞെടുത്ത് മനുഷ്യന്‍ നടത്തിയ പ്രജനനവും സമാനസ്വഭാവങ്ങളുള്ള ജനുസുകള്‍ (Breeds) ഉരുത്തിരിയാന്‍ കാരണമായി. ആവശ്യം സൃഷ്ടിയുടെ മാതാവായപ്പോള്‍ ചിലയിനങ്ങള്‍ കന്നുകാലികളുടെ സംരക്ഷകരായി. മറ്റു ചിലര്‍ വേട്ടക്കാരായി. ഒടുവില്‍ അരുമകളും വിനോദോപാധിയും പ്രദര്‍ശന വസ്തുക്കളുമായി കേവലം ഒരു കിലോ ഗ്രാം ശരീരഭാരവും പതിനഞ്ചു സെന്റി മീറ്റര്‍ ഉയരവുമുള്ള ഷിവാവ മുതല്‍ നൂറു കിലോ ഗ്രാമിനടുത്ത് ശരീരഭാരം വരുന്ന സെയ്ന്റ് ബര്‍ണാഡും ഒരു മീറ്ററോളം ഉയരത്തിലെത്തുന്ന ഐറിഷ് റൂള്‍ഫ് ഹൗണ്ട് വരെയുള്ള ജനുസ്സുകളും പിറവികൊണ്ടു.

പൂര്‍ണ്ണമായ ഒരു വളര്‍ത്തുമൃഗമായി പരിണമിച്ച് മനുഷ്യവാസത്തിന്റെ അന്തഃപുരങ്ങളില്‍ വാഴുമ്പോഴും പഴയ വനസ്ഥലിയുടെ ആവാസചിഹ്നങ്ങള്‍ ദൂര്‍ബലമായെങ്കിലും അവയുടെ ജനിതകരേഖയില്‍ അവശേഷിക്കുന്നുണ്ട്. പ്രത്യേക സ്ഥലങ്ങളില്‍ മൂത്രമൊഴിച്ച് അതിര്‍ത്തിരേഖകള്‍ തീര്‍ക്കുമ്പോഴും ഓരിയിട്ട് ആശയസംവാദം നടത്തുമ്പോഴും എല്ലും ഭക്ഷണവും കുഴിച്ചിടുമ്പോഴും കിടക്കുന്നതിനുമുമ്പ് ഇലകള്‍കൊണ്ട് കിടക്കയുണ്ടാക്കുന്ന വിധം വട്ടം കറങ്ങുമ്പോഴുമൊക്കെ നമുക്ക് ദര്‍ശിക്കാവുന്നത് തനതുസ്വഭാവത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ തന്നെയാണ്.

മനുഷ്യന്റെ ശ്രദ്ധാപൂര്‍വ്വമായ തെരഞ്ഞെടുപ്പും പ്രജനനവും കൊണ്ട് സമാനരൂപഭാവങ്ങള്‍ പ്രാപിച്ച, അത് തലമുറകളിലേക്ക് ശുദ്ധരൂപത്തില്‍ കൈമാറുന്നവയാണ് ഇത്തരം ജനുസ്സുകള്‍. പൊതുസ്വഭാവങ്ങളുടെയും ശാരീരികപ്രത്യേകതകളുടെയും അടിസ്ഥാനത്തില്‍ ഇവയെ വിവിധ വിഭാഗങ്ങളായും തിരിക്കാം. ശ്വാനപ്രദര്‍ശനങ്ങള്‍ക്കും മറ്റും ഇത്തരത്തിലുള്ള വര്‍ഗീകരണം സഹായിക്കുന്നു. ലോകത്താകമാനം രണ്ടായിരത്തിലധികം ജനുസ്സുകള്‍ ഉണ്ടായിരുന്നു. ഇന്നത് നാനൂറിനടുത്ത് വരും. ഇവയില്‍ നൂറോളം ജനുസ്സുകള്‍ ഇന്ത്യയില്‍ ലഭ്യമാണ്. നായ ജനുസ്സുകളെയും അവയുടെ ഗ്രൂപ്പുകളെയും കുറിച്ചുള്ള അറിവ് നമുക്കിണങ്ങിയ ബ്രീഡിനെ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നു. ഇതിനായി നായ ജനുസ്സുകളിലെ പ്രധാന ഗ്രൂപ്പുകളെ പരിചയപ്പെടാം.

ഓമനനായ്ക്കള്‍ (Toy Breeds)

പഗ് | ഫോട്ടോ : ജി.ശിവപ്രസാദ്, മാതൃഭൂമി

ഓമനത്തം നിറയുന്ന കുഞ്ഞന്‍ നായകളാണ് ഈ ജനുസ്സുകളില്‍പ്പെടുന്നവ. യജമാനന്റെ മടിയിലും ഹൃദയത്തിലും സ്ഥാനം പിടിക്കാന്‍ കഴിവുള്ളവര്‍. ഉറ്റ ചങ്ങാതിമാരാകാനും കുട്ടികള്‍ക്ക് പ്രിയപ്പെട്ട കളിക്കൂട്ടുകാരാകാനും ഇവര്‍ക്ക് കഴിയും. കൂടുതല്‍ സമയവും വീട്ടിനുള്ളില്‍ വസിക്കാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നു. പല ലോകപ്രശസാതവ്യക്തികളുടെയും, റാണിമാരുടെയും ഇഷ്ടതോഴരായി ചരിത്രത്തില്‍ ഇടംപിടിച്ചവരാണ് ഇവരില്‍ പലരും. ഉടമയുമായി സ്ഥാപിച്ചെടുക്കുന്ന അതിവൈകാരികമായ ഹൃദയബന്ധമാണ് ഇവരെ വാത്സല്യത്തിന്റെ കൈക്കുമ്പിളിലിരുത്തുന്നത്. ചുവാവ, പഗ്ഗ്, പൊമറേനിയന്‍, പെക്കിന്‍ഗീസ്, മാള്‍ട്ടീസ്, മിനിയേച്ചര്‍, പിന്‍ഷര്‍ കിങ്ങ്, ചാള്‍സ് സ്പാനിയേല്‍ തുടങ്ങിയവയാണ് ഈ വിഭാഗത്തിലെ പ്രധാന ഇനങ്ങള്‍.

ടെറിയറുകള്‍ (Terrier Group)

യോക്‌ഷൈര്‍ ടെറിയര്‍ | ഫോട്ടോ : മാതൃഭൂമി ദിനപ്പത്രം

ടെറിയര്‍ വിഭാഗത്തിലെ ബ്രീഡുകള്‍ ധീരതയുടെ പര്യായങ്ങളാണ്. വേട്ടയ്ക്കൊരുങ്ങുമ്പോള്‍ മാളത്തില്‍ ഒളിച്ചിരിക്കുന്ന ചെറുജീവികളെ പിടിക്കാന്‍ ഇവരെ ഉപയോഗിച്ചിരുന്നു. ശരീരവലിപ്പത്തേക്കാള്‍ ബലവും നിര്‍ഭയത്വവുമാണ് ഇവരുടെ ആയുധം. ചെറിയ ശരീരം, പരന്ന തല, നീളമുള്ള മൂക്ക്, ഉയര്‍ന്ന വാല്, ഘ്രാണശക്തി എന്നിവ പൊതുവായ പ്രത്യേകതകളാണ്. അചഞ്ചലമായ കൂറും ജാഗരൂകതയും ഇവരുടെ പ്രത്യേകതയാണ്. യോര്‍ക്ക്‌ഷെയര്‍ ടെറിയര്‍, ബുള്‍ ടെറിയര്‍, ഫോക്സ്, ടെറിയര്‍, ജാക്ക്‌റസല്‍ ടെറിയര്‍ എന്നിവരാണ് ടെറിയര്‍ വിഭാഗത്തിലെ പ്രധാനികള്‍.

വേട്ടനായ്ക്കള്‍ (Gun Dogs)

ലാബ്രഡോര്‍ റിട്രീവര്‍ (ബ്ലാക്ക്) | ഫോട്ടോ : AP

വെടിയേറ്റു വീഴുന്ന ഇരയെ വേട്ടക്കാരന്റെ അടുത്തെത്തിക്കുവാനും ഇരകളെ ഒളിച്ചിരിക്കുന്ന സ്ഥലങ്ങളില്‍നിന്ന് പുറത്തുചാടിക്കാനും ഉപയോഗിച്ചിരുന്ന നായ്ക്കളാണ് ഈ വിഭാഗത്തിലുള്ളത്. സ്നേഹവും ബുദ്ധിശക്തിയും ശാന്തശീലവുമുള്ള മികച്ച കാവല്‍ നായ്ക്കളാണ് ഇവ. നല്ല ഭക്ഷണവും വ്യായാമവും ഇവര്‍ക്കാവശ്യമാണ്. ലാബ്രഡോര്‍ റിട്രീവര്‍, ഗോള്‍ഡന്‍ റിട്രീവര്‍, ഐറിഷ് സെറ്റര്‍, കോക്കര്‍ സ്പാനിയല്‍, പോയിന്റര്‍, വീമാരനര്‍ എന്നീ ജനുസ്സുകളാണ് ഈ ഗ്രൂപ്പിലെ പ്രമുഖര്‍.

ജോലിനായ്ക്കള്‍ (Working Dogs)

ജര്‍മന്‍ ഷെപ്പേര്‍ഡ് | ഫോട്ടോ : AFP

വളര്‍ത്തുമൃഗങ്ങളുടെ, പ്രത്യേകിച്ച് ചെമ്മരിയാട്ടിന്‍ പറ്റങ്ങളുടെ, സംരക്ഷകരാണിവര്‍. സംരക്ഷണമാണ് ഇവരുടെ ജന്മസ്വഭാവം. ഉയര്‍ന്ന ശരീരഭാരം, ഉത്സാഹം, ചുറുചുറുക്ക്, സൗന്ദര്യം തുടങ്ങിയ സദ്ഗുണസമ്പന്നര്‍. കാവലിനും കായികാഭ്യാസങ്ങള്‍ക്കും യോജിച്ചവ. ജര്‍മ്മന്‍ ഷെപ്പേര്‍ഡ് (അല്‍സേഷ്യന്‍), ഡോബര്‍മാന്‍, ബോക്സര്‍, കോളി, ഗ്രൈറ്റ് ഡെയ്ന്‍, ബുള്‍ മാസ്റ്റിഫ്, റോട്ട്‌വീലര്‍, നിയോപൊളിറ്റന്‍ മാസ്റ്റിഫ്, സെയ്ന്റ് ബെര്‍ണാഡ്, സൈബീരിയന്‍ ഹസ്‌ക്കി തുടങ്ങി ജനപ്രിയ ഇനങ്ങള്‍ ഈ വിഭാഗത്തിലാണ്.

പ്രത്യേക ജോലിക്കാര്‍ (utility Breeds)

ബുള്‍ഡോഗ് ഇനത്തിലെ നായയെ ഓമനിക്കുന്ന നടി കിംബെര്‍ളി ജെ. ബ്രൗണ്‍ | ഫോട്ടോ :
AP

ഏതെങ്കിലും ഒരു പ്രത്യേക ആവശ്യത്തിനായി ഉരുത്തിരിച്ചെടുത്തവയാണ് ഇവര്‍. സ്നേഹവും ആത്മാര്‍ത്ഥതയുമുള്ള ഇവര്‍ വീടിനുള്ളില്‍ കഴിയാനും സുഹൃദ്ബന്ധം സ്ഥാപിക്കാനും ഇഷ്ടപ്പെടുന്നു. ബുള്‍ഡോഗ്, ഡാല്‍മേഷന്‍ സ്പിറ്റ്സ്, പുഡില്‍, ലാസാപ്സോ തുടങ്ങിയ ജനുസ്സുകള്‍ ഈ വിഭാഗത്തിലാണ്.

നാടന്‍ നായ്കളുടെ ഗരിമ

ഇന്ത്യന്‍ നായ്ക്കള്‍ | ഫോട്ടോ : മാതൃഭൂമി

നാടന്‍ നായ്ക്കള്‍ വെള്ളിവെളിച്ചത്തിലേക്ക് തിരികെയെത്തുകയാണ്. ഓരോ ദേശത്തും അവരുടെ സ്വന്തം നായ താരമാകുന്ന കാഴ്ചയാണ് പുതിയ ട്രെന്‍ഡ്. ഇന്ത്യന്‍ ജനുസ്സുകളെ ഹൗണ്ട്സ് വിഭാഗത്തില്‍ ഉള്‍പ്പെടുത്താം. ഓരോ നാടിന്റെയും കാലാവസ്ഥ, ഭൂപ്രകൃതി, ജീവിതരീതി, ജനങ്ങളുടെ അഭിരുചി എന്നിവയനുസരിച്ച് ഉരുത്തിരിഞ്ഞു വന്നവയാണ് ഇവ. വിദേശികള്‍ക്ക് വേണ്ട ഫൈവ്സ്റ്റാര്‍ സൗകര്യങ്ങള്‍ ഇവര്‍ ആശ്യപ്പെടുന്നില്ല. എന്നിരുന്നാലും കരുത്തിലും വേഗത്തിലും ബുദ്ധിയിലും ഇവര്‍ മുമ്പിലാണ്. നാടും വീടും രാപ്പകല്‍ കാക്കുന്ന ഇവയുടെ സംരക്ഷണം നാടിനാവശ്യമാണ്. രാജപാളയം, ചിപ്പിപ്പാറ, കന്നി, മലയ്പട്ടി, മുദോള്‍ ഹൗണ്ട്, രാംപൂര്‍ ഹൗണ്ട്, കോമ്പായ് തുടങ്ങിയവ ഇന്ത്യയുടെ വിവിധ ദേശങ്ങളിലെ പെരുമ പേറുന്നവരാണ്.

നിങ്ങള്‍ക്കിണങ്ങിയ നായയേത്?

വേട്ടനായ്ക്കള്‍ (Hound), നായാട്ടു നായ്ക്കള്‍ (Gundogs), ടെറിയറുകള്‍ (Terriers), കാവല്‍ നായ്ക്കള്‍ (Working dogs), ആവശ്യത്തിനുള്ളവര്‍ (Utility group), കളിക്കൂട്ടുകാര്‍ (Toy dogs) തുടങ്ങി വിവിധ വിഭാഗങ്ങളിലായി നാനൂറോളം നായ ജനുസ്സുകള്‍ ലോകത്തിലുണ്ട്. ഇവയില്‍ നൂറിലധികം ഇനങ്ങള്‍ ഇന്ത്യയിലുമുണ്ട്. ഓരോന്നിനും പ്രത്യേകം സ്വഭാവ സവിശേഷതകളും തനതായ ആവശ്യങ്ങളുമുണ്ട്. നമ്മുടെ ആവശ്യത്തിന് അനുയോജ്യമായ ഇനത്തെ തിരഞ്ഞെടുക്കാന്‍ ഇവയെ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി ശേഖരിക്കണം. ചിത്രങ്ങള്‍, വീഡിയോകള്‍, ശ്വാനപ്രദര്‍ശനങ്ങള്‍, കെന്നലുകള്‍ ഇവയിലൂടെ കൂടുതല്‍ അറിവുകള്‍ നേടാം. തിരഞ്ഞെടുക്കപ്പെടുന്ന ഇനത്തിനനുസരിച്ചുള്ള സൗകര്യങ്ങള്‍ നല്‍കാനുള്ള നമ്മുടെ കഴിവും പരിശോധിക്കണം. സാമ്പത്തികഭദ്രത പ്രധാന കാര്യം തന്നെയാണ്.

ഇത്രയും ജനുസ്സുകളില്‍നിന്ന് ഒരെണ്ണത്തിനെ സ്വന്തമാക്കാന്‍ പരിഗണിക്കേണ്ട നിരവധി ഘടകങ്ങളുണ്ട്. ശുദ്ധജനുസ്സാണോ സങ്കരയിനമാണോ എന്ന് തീരുമാനിക്കണം. നായയെ വളര്‍ത്തുന്നതിന്റെ കൃത്യമായ ഉദ്ദേശം കണക്കാക്കണം. ഒരു കാവല്‍നായ അഥവാ സംരക്ഷകന്‍ എന്ന നിലയിലാണോ അതോ ഓമനിക്കാനാണോ ലക്ഷ്യമെന്ന് തീരുമാനിക്കണം. പ്രജനനമോ ശ്വാനപ്രദര്‍ശനമോ ലക്ഷ്യമാണോയെന്നതും പ്രധാനമാണ്. വീട്ടിലെ മറ്റ് അംഗങ്ങളുടെ താല്‍പര്യം പരിഗണിക്കണം. നായ ജനുസ്സുകളെ തിരഞ്ഞെടുക്കാനായി പരിഗണിക്കേണ്ട ഘടകങ്ങള്‍ ഒട്ടേറെയാണ്. നായയുടെ വലിപ്പം, രോമത്തിന്റെ സ്വഭാവം, ഉടമയുമായുള്ള ബന്ധത്തിലെ ഊഷ്മളത, താമസസ്ഥലത്തിന്റെ സ്വഭാവം (വീട്, ഫ്ളാറ്റ്), നഗരത്തിലാണോ ഗ്രാമത്തിലാണോ താമസം, പരിശീലന സൗകര്യം, നായ വളര്‍ത്തലിലെ മുന്‍പരിചയം, അലര്‍ജി, മറ്റു മൃഗങ്ങളുടെ സാന്നിധ്യം, ജനപ്രിയത, ലഭ്യത തുടങ്ങിയവയാണവ.

പല ജനുസ്സുകള്‍ക്കും കൃത്യമായ വ്യായാമം ആവശ്യമാണ്. ഇതിനായി സമയം ചെലവഴിക്കാന്‍ കഴിയുമോയെന്ന് ചിന്തിക്കണം. ശ്രദ്ധിക്കാനാളില്ലാതെ ഒരു സ്ഥലത്ത് മുഴുവന്‍ സമയവും കെട്ടിയിടപ്പെടാന്‍ നായയെ വിധിക്കരുത്. ഉടമയുടെ ജീവിതശൈലിക്ക് ഇണങ്ങിയവിധം ഊര്‍ജ്ജസ്വലതയുള്ള നായകളാണ് അനുയോജ്യം. ആണ്‍നായയോ പെണ്ണോ എന്നുള്ളതും നായ്ക്കുട്ടിയോ വലിപ്പമുള്ളതോ എന്നതും സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനിക്കണം. വീട്ടിലെ കുട്ടികളുടെ പ്രായവും മനോഭാവവും പരിഗണിക്കണം.

ഇഷ്ടപ്പെട്ട നായ ഇനത്തെ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന നിരവധി ചോദ്യാവലികള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. Dog breed selector എന്ന് തിരഞ്ഞാല്‍ ചോദ്യാവലികള്‍ ലഭിക്കും. ഇവ ഒരു വഴികാട്ടിയായി ഉപയോഗിക്കാമെങ്കിലും അവസാന വാക്കല്ലെന്നതും ഓര്‍ക്കണം. കൃത്യമായ പഠനങ്ങളും നിരീക്ഷണങ്ങളും വഴി മാത്രമേ നല്ലൊരു ചങ്ങാതി വീട്ടിലെത്തുകയുള്ളൂ എന്നത് മറക്കരുത്.

Content Highlights: all you need to know about dogs while selecting the perfect breed for you

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented