നെല്‍വയലുകളുടെ സമൃദ്ധി മാഞ്ഞു പോകുന്ന ഈ കാലത്ത് പാടത്ത് മാത്രമല്ല, മട്ടുപ്പാവിലും നൂറുമേനി വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി ആര്‍. രവീന്ദ്രന്‍. മട്ടുപ്പാവില്‍ കൃഷി ചെയ്ത് തനിക്കും കുടുംബത്തിനുമുള്ള ആഹാര സാധനങ്ങള്‍ ഉണ്ടാക്കുകയാണ് ഈ അറുപതുകാരന്‍. 

അദ്ദേഹത്തിന്റെ മട്ടുപ്പാവിലെ നെല്‍കൃഷി കണ്ടാല്‍ ഒരു പാടത്ത് നില്‍ക്കുന്ന അനുഭവമാണ് നമുക്ക് ലഭിക്കുക. മട്ടുപ്പാവില്‍ നൂറോളം ചെടിച്ചട്ടികളിലായാണ് രവീന്ദ്രന്‍ നെല്‍കൃഷി ചെയ്യുന്നത്. 

പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തിയതു മുതല്‍ കൃഷിയുമായി ഇദ്ദേഹം അഭേദ്യമായ ബന്ധമുണ്ടാക്കി. 2006 മുതല്‍ ഓണമുണ്ണാനുള്ള നെല്ല് ഇവിടെ നിന്നു തന്നെ ഉണ്ടാക്കുന്നു. 

raveendran
മട്ടുപ്പാവിലെ തന്റെ കൃഷിയിടത്തില്‍ രവീന്ദ്രന്‍

പച്ചക്കറികള്‍ കൃഷി ചെയ്തുണ്ടാക്കിയാലും സാധാരണയായി അരി പുറത്തു നിന്നു വാങ്ങുകയാണ് പതിവ്. ഇതിന് മാറ്റം വരുത്തണമെന്നു ചിന്തിച്ചാണ് രവീന്ദ്രന്‍ മട്ടുപ്പാവില്‍ നെല്‍കൃഷി ആരംഭിക്കുന്നത്. മാവേലി വരുമ്പോള്‍ നൂറു ശതമാനം വിഷരഹിത ഭക്ഷണം ഒരുക്കണമെന്ന മോഹമാണ് ലക്ഷ്യത്തിലെത്തിച്ചേരാന്‍ രവീന്ദ്രനെ സഹായിച്ചത്. പിന്നെ താമസിച്ചില്ല ചെടിച്ചട്ടികളില്‍ വിത്തിട്ടു. നെല്ലിനങ്ങള്‍ തളിരിട്ടു. കതിരേകി. 

ഉമ, പ്രത്യാശ എന്നീ നെല്ലിനങ്ങളാണ് അദ്ദേഹം കൃഷിചെയ്യുന്നത്. കരനെല്ലിനങ്ങളായ ഇവയ്ക്ക് ചെറിയ നനവു മാത്രം കിട്ടിയാല്‍ മതിയാകും. ഇവയ്ക്ക് വെള്ളം കെട്ടി നില്‍ക്കേണ്ടതില്ലെങ്കിലും അല്‍പം വെള്ളം കെട്ടി നിന്നാലും കുഴപ്പമില്ല എന്ന് രവീന്ദ്രന്‍ സാക്ഷ്യപ്പെടുത്തുന്നു. ചതുപ്പില്‍ വളരുന്ന പൊക്കാളി എന്നയിനം നെല്ലും അദ്ദേഹം പരീക്ഷണാടിസ്ഥാനത്തില്‍ ഇവിടെ നടുന്നുണ്ട്. അതിന് എപ്പോഴും വെള്ളം കെട്ടി നില്‍ക്കേണ്ടതുണ്ട്. 

nelluഉമയും പ്രത്യാശയും കതിരിടാന്‍ നാലുമാസം മാത്രമെടുക്കുമ്പോള്‍ പൊക്കാളി കതിരിടാന്‍ എട്ടുമാസം എടുക്കുന്നു. ഒരുതവണ വിളവെടുത്തുകഴിഞ്ഞാല്‍ ഉടന്‍ തന്നെ അടുത്ത വിത്തിറക്കുകയാണ് പതിവ്. ഒരു വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം കൃഷി ചെയ്യുമ്പോള്‍ രണ്ട് പ്രാവശ്യത്തെ നെല്ല് സൂക്ഷിച്ചു വച്ചാല്‍ തന്നെ പത്താം ഓണം വരെ ഉണ്ണാനുള്ള നെല്ല് ലഭിക്കുമെന്ന് രവീന്ദ്രന്റെ അനുഭവ സാക്ഷ്യം. ഓണനാളുകളിലെ പലഹാരത്തിനും ഊണിനുമെല്ലാം സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുന്ന അരിയാണ് ഉപയോഗിക്കുന്നത്. 

നെല്ലു മാത്രമല്ല രവീന്ദ്രന്റെ കൃഷിയിടത്തിലുള്ളത്. രവീന്ദ്രന്റെ വീട്ടിലേക്കു കയറുമ്പോള്‍ നമ്മളെ സ്വീകരിക്കുന്നത് പടര്‍ന്നു നില്‍ക്കുന്ന പാഷന്‍ഫ്രൂട്ടിന്റെ പന്തലാണ്. വീടിനു മുന്നിലും മട്ടുപ്പാവിലും ഈ പന്തല്‍ കാണാം. തണലും ഫലവുമേകുന്ന പ്രകൃതിയുടെ കുട. പഴുത്ത് പാകമാകുമ്പോള്‍ വയലറ്റ് നിറത്തിലെത്തുന്ന ബ്രസീലിയന്‍ പാഷന്‍ ഫ്രൂട്ടാണ് പന്തലിനെ അലങ്കരിക്കുന്നത്.passion fruit

കാച്ചിലും മരച്ചീനിയുമൊക്കെ പറമ്പിലാണ് കൃഷി ചെയ്യുന്നത്. എല്ലാ വര്‍ഷവും 200 കിലോയിലേറെ കാച്ചില്‍ തന്റെ പറമ്പില്‍ നിന്ന് കൃഷി ചെയ്ത് എടുക്കുന്നുണ്ട് ഇദ്ദേഹം. തന്റെ പറമ്പില്‍ നിന്നു ലഭിച്ച 270 കിലോ വരുന്ന കാച്ചില്‍ അദ്ദേഹത്തിന് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും സ്ഥാനം നല്‍കി. മുളക്, കറിവേപ്പില, വിവിധയിനം വെണ്ടകള്‍, കടുക്, തക്കാളി, കത്തിരി, നാരകം, അമേരിക്കന്‍ ചീര, നെയ്ക്കുമ്പളം തുടങ്ങിയവയൊക്കെ മട്ടുപ്പാവിലുണ്ട്. 

താന്‍ നട്ടു വളര്‍ത്തുന്ന ചെടികള്‍ക്ക് വളവും രവീന്ദ്രന്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. ഹൃദയാമൃതം എന്നാണ് വളത്തിന് രവീന്ദ്രന്‍ നല്‍കിയ പേര്. നൂറിലധികം പച്ചിലകള്‍ ശേഖരിച്ച് വെട്ടി നുറുക്കിയിടും. അതിലേക്ക് കഞ്ഞിവെള്ളവും കാടിവെള്ളവും ശര്‍ക്കര ലായനിയും ഒഴിച്ച് ഒരു ബാരലില്‍ വയ്ക്കും. പച്ചിലകള്‍ ഒരു മാസമാകുമ്പോള്‍ valamഊറിയിട്ടുണ്ടാകും. അത് മൂന്ന് മാസം വരെ വച്ചിരുന്നാല്‍ ചാണകം പോലെ ആയിക്കിട്ടും. പിന്നെ മറ്റൊരു ബാരലില്‍ വീട്ടില്‍ അന്നന്ന് ഉണ്ടാകുന്ന ആഹാര അവശിഷ്ടങ്ങള്‍ ശേഖരിക്കും. അതില്‍ ഓരോ പിടി കുമ്മായവും ചേര്‍ക്കും. കുമ്മായം ചേര്‍ക്കുന്നത് ആഹാരത്തിലെ അമ്ലത്വത്തെ കളയാനാണ്. ഇങ്ങനെ ഒരു മാസമാകുമ്പോള്‍ ഇവ രണ്ടും കൂടി വലിയൊരു ബാരലിലേക്ക് മാറ്റും. അതിലേക്ക് പശുവിന്‍ ചാണകം ഗോമൂത്രത്തില്‍ കലക്കി ഒഴിക്കും. രണ്ടു ദിവസം ഇളക്കി വയ്ക്കും. അതിലേക്ക് അഞ്ചു കിലോ ധാന്യപ്പൊടി ചേര്‍ക്കും. പയര്‍ പൊടി ചേര്‍ക്കുന്നതാണ് നല്ലതെന്ന് മറ്റൊരു സാക്ഷ്യം. വെര്‍മി വാഷും ശര്‍ക്കരയും ഫിഷ് അമിനോ ആസിഡും മുട്ട മിശ്രിതവും ചേര്‍ക്കും. ഇവയെല്ലാം ചേര്‍ത്ത് ഇളക്കി അഞ്ച് ദിവസം വച്ചിരിക്കും. അഞ്ച് ദിവസം കഴിയുമ്പോള്‍ ഹൃദയാമൃതം റെഡി. 

മട്ടുപ്പാവില്‍ കൃഷിയുടെ നിത്യവസന്തമൊരുക്കാന്‍ ഭാര്യയും രണ്ട് പെണ്‍മക്കളും അദ്ദേഹത്തിനൊപ്പമുണ്ട്. ഇപ്പോള്‍ കൊച്ചു മക്കളും ഒപ്പം കൂടി കൃഷിയുടെ ബാലപാഠങ്ങള്‍ ഹൃദിസ്ഥമാക്കുന്നു. 

പരിമിതമായ സ്ഥലത്ത് ആവശ്യമായ എല്ലാ ഉത്പന്നങ്ങളും കൃഷി ചെയ്‌തെടുക്കണമെന്ന ലക്ഷ്യത്തിലെത്താന്‍ പ്രയത്‌നിക്കുകയാണ് രവീന്ദ്രന്‍.