പരിമിതികള്‍ക്കിടയിലും മട്ടുപ്പാവില്‍ പച്ചക്കറികൃഷി ചെയ്ത് വിജയം കൊയ്തിരിക്കുകയാണ് മലപ്പുറം ആലത്തുര്‍പ്പടി പള്ളിയാലി പീടിയേക്കല്‍ മെഹബൂബ്. ഉരുളക്കിഴങ്ങും സവാളയുമൊഴികെ വീട്ടിലേക്കാവശ്യമായ ഒരിനം പച്ചക്കറിയും വാങ്ങാറില്ല.

പാവല്‍, വെണ്ട, തക്കാളി, പച്ചമുളക്, പയര്‍, കൊത്തമര, പടവലം, കോളിഫ്ളവര്‍, കാപ്സിക്കം, കാരറ്റ്, വഴുതിന, മത്തന്‍, കുമ്പളം, കോവല്‍ എന്നിങ്ങനെ ഒട്ടുമിക്ക പച്ചക്കറിയിനങ്ങളും മെഹ്ബൂബിന്റെ മട്ടുപ്പാവില്‍ കൃഷി ചെയ്യുന്നുണ്ട്. വലിയ മരങ്ങള്‍ പറമ്പുമുഴവന്‍ നിറഞ്ഞപ്പോഴാണ് കരാറുകാരനായ മെഹബൂബിന് മട്ടുപ്പാവില്‍ പച്ചക്കറി കൃഷി ആരംഭിച്ചാലോ എന്ന ആശയമുദിക്കുന്നത്.

Agri
Image Credit: Shahul Hameed

മലപ്പുറം കൃഷി ഭവനില്‍ നിന്ന് പോളി ഹൗസിനെ കുറിച്ചും കോഴിക്കോട് സി. ഡബ്ല്യൂ. ആര്‍. ഡി. യില്‍ നിന്ന് തിരിനനയിലും പരിശീലനം നേടി. 25 ഗ്രോബാഗില്‍ കൃഷി ആരംഭിച്ച് ഇന്ന് 140 ല്‍ പരം ഗ്രോ ബാഗുകളിലായി വിവിധയിനം പച്ചക്കറികള്‍ കൃഷി ചെയ്യുന്നു. നാല് സെന്റില്‍ പോളിഹൗസ് ഉണ്ടാക്കിയാണ് തന്റെ കൃഷി വ്യാപിപ്പിച്ചത്.

ആദ്യം അര മീറ്റര്‍ വീതിയില്‍ ടെറസിനു മുകളില്‍ ബീം നിര്‍മ്മിച്ചു. അതിനു മുകളില്‍ രണ്ട് വരിയായി ഇഷ്ടിക പതിപ്പിച്ച് നടുവിലായി നാലിഞ്ച് പൈപ്പ് ഘടിപ്പിച്ചു. മുകളിലായി തിരിനനയുടെ തിരിവെച്ച ഗ്രോബാഗുകള്‍ നിരത്തി.

പാരപ്പറ്റിനു അരികിലായി അമര, പാവല്‍, പയര്‍, പടവലം, മത്തന്‍ തുടങ്ങി പടരുന്ന ചെടികള്‍ വച്ചു. തക്കാളി, പച്ചമുളക്, കാപ്സിക്കം, വെണ്ട, വഴുതന, കാബേജ്, കാരറ്റ് എന്നിവ നടുവിലായി വച്ചു.

വാട്ടര്‍ ടാങ്കില്‍ നിന്ന് നിറഞൊഴുകുന്ന വെള്ളമാണ് തിരിനനയുടെ പൈപ്പിലേക്ക് ഘടിപ്പിച്ചിരിക്കുന്നത്. കൃഷിക്ക് പ്രധാനമായും ബംഗളൂരുവില്‍ നിന്ന് കൊണ്ടുവന്ന ഹൈബ്രിഡ് വിത്തുകളാണ് ഉപയോഗിക്കുന്നത്. നിത്യേന രാവിലെയും വൈകിട്ടും അര മണിക്കൂര്‍ സമയം കണ്ടെത്തുകയാണെങ്കില്‍ ആര്‍ക്കും ഇതു പോലെ കൃഷി ചെയ്യാന്‍ കഴിയുമെന്ന് മെഹ്ബൂബ് പറയുന്നു.

സാധാരണ രീതിയിലുള്ള ജൈവ വളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. കീടനാശിനിയായി പുകയില കഷായവുമുപയോഗിക്കുന്നു. ഇപ്രകാരം വീട്ടിലേക്കാവശ്യമായ വിഷരഹിത പച്ചക്കറി മെഹ്ബൂബിന് വേണ്ടത്ര ലഭിക്കുന്നു. ഭാര്യ സറഫുന്നീസയും മക്കളായ ഇബ്രാഹീം, മഹ്ഷുദ ബാനു, മുഹമ്മദ് സലീഫ് എന്നിവരും സഹായികളായി സദാസമയവും മെഹബൂബിനൊപ്പമുണ്ട്.

കൃഷിയോടുള്ള താല്‍പര്യവും അതിനുള്ള മനസ്സുമുണ്ടെങ്കില്‍ നമുക്കാവശ്യമുള്ള പച്ചക്കറികള്‍ സ്ഥല പരിമിതി കണക്കാക്കാതെ വീടിന്റെ ടെറസില്‍ സമൃദ്ധിയായി വളര്‍ത്തി വിജയം കൈപ്പിടിയിലൊതുക്കാമെന്ന് മെഹബൂബ് തെളിയിക്കുന്നു.