കോട്ടയം: വന്നല്ലൂര്‍ക്കര കൊച്ചുപറമ്പില്‍ ദേവസ്യയ്ക്ക് വരുമാനത്തിനൊപ്പം ആനന്ദവും നല്‍കുന്ന പ്രവൃത്തിയാണ് കൃഷി. കൃഷിക്ക് വിരമിക്കല്‍കാലമില്ലെന്ന് തെളിയിക്കുകയാണീ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍.Devasya

സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച ശേഷമാണ് കാര്‍ഷിക മേഖലയിലേക്ക് തിരിഞ്ഞത്. കൃഷിയിടത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തി വിരമിക്കല്‍ കാലം ആസ്വദിക്കുകയാണിദ്ദേഹം. നാലു സെന്റിലാണ് താമസം. സ്ഥലമില്ലായ്മയെ പഴിച്ച് വെറുതയിരിക്കാനായിരുന്നില്ല ദേവസ്യയുടെ തീരുമാനം. പതിനേഴു വര്‍ഷമായി തുടരുന്ന കാര്‍ഷികവൃത്തിക്ക് നെല്‍കൃഷി ചെയ്തായിരുന്നു തുടക്കം.

സമീപവാസിയായ റിട്ട. അധ്യാപകന്‍ പേഴുങ്കാട്ടില്‍ കെ.കെ. വാസുവിന്റെ സ്ഥലത്താണ് ഇപ്പോള്‍ കൃഷിയിറക്കുന്നത്. വാഴ, കപ്പ, ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങിയവയാണ് പ്രധാന കൃഷി. മഞ്ഞള്‍, കാന്താരി, പച്ചമുളക്, തുവര തുടങ്ങിയവയും ചെറിയ തോതില്‍ കൃഷി ചെയ്യുന്നു. രാസവളവും കീടനാശിനിയും പരമാവധി ഒഴിവാക്കി ജൈവരീതിയിലാണ് കൃഷി. കപ്പയ്ക്ക് എലിശല്യം രൂക്ഷമാണെന്നതാണ് പ്രധാന വെല്ലുവിളി.

'മാതൃഭൂമി ചാനലിലെ 'കൃഷിഭൂമി'യില്‍നിന്നാണ് ഒരു കുഴിയില്‍ മൂന്ന് വാഴ എന്ന ആശയം ലഭിച്ചത്'-ദേവസ്യ പറഞ്ഞു. 

കൃഷിച്ചെലവ് കുറയ്ക്കാം. ഒരു കുഴിയില്‍ ഒന്നിലധികം വാഴക്കന്നുകള്‍ വയ്ക്കുന്നത് കൃഷിച്ചെലവ് കുറയ്ക്കാന്‍ ഉപകരിക്കും. വാഴകള്‍ പരസ്പരം ചേര്‍ത്തുകെട്ടുന്നതിലൂടെ കാറ്റിനെ പ്രതിരോധിക്കാം. ഒരേ പ്രായത്തിലുള്ള വാഴക്കന്നുകള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം-അനീന സൂസന്‍ സഖറിയ, കൃഷി ഓഫീസര്‍, അയര്‍ക്കുന്നം. 

Content highlights : Agriculture, Organic farming,Plantain