പൂഴിമണലില്‍ ജീരകശാല നെല്ല്‌ കൃഷി ചെയ്ത് നൂറുമേനി വിളവെടുത്തിരിക്കുകയാണ് തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ വെമ്പല്ലൂരിലെ കൊട്ടേക്കാട് ചന്ദ്രന്‍. തീര്‍ത്തും ജൈവരീതിയില്‍ തന്റേതായ പരീക്ഷണങ്ങള്‍ നടത്തി കൃഷിയിലൂടെ പുതിയപാഠങ്ങള്‍ പകര്‍ന്നു നല്‍കുകയാണ് ഇദ്ദേഹം.

ഒരു ഏക്കര്‍ സ്ഥലത്താണ് കരനെല്‍ക്കൃഷി. 50 സെന്റില്‍ ജീരകശാലയും 50 സെന്റില്‍ അന്നപൂര്‍ണയും കൃഷിചെയ്യുന്നു. വെര്‍മി കംപോസ്റ്റും ചാണകവുമാണ് പ്രധാനമായും ഉപയോഗിക്കുന്ന വളങ്ങള്‍. വീട്ടിനോട് ചേര്‍ന്നുള്ള ഒന്നര ഹെക്ടര്‍ സ്ഥലത്ത് പച്ചക്കറികളും കൃഷിചെയ്യുന്നുണ്ട്. വഴുതന, വെണ്ട, പയര്‍, തക്കാളി തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.

വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ സ്വന്തമായി ഉത്പാദിപ്പിച്ചാണ് കാര്‍ഷികമേഖലയിലേക്ക് ചുവടുവെച്ചത്. തുടര്‍ച്ചയായി നാലുവര്‍ഷമായി കാബേജും കോളിഫ്‌ളവറും കൃഷിചെയ്യുന്നുണ്ട്. മികച്ച വിളവുതന്നെയാണ് ഇതില്‍ നിന്ന് ലഭിക്കുന്നത്. മത്സ്യകൃഷിക്കുപുറമേ ആട്, കോഴി, പശു തുടങ്ങിയവയെയും ചന്ദ്രന്‍ വളര്‍ത്തുന്നുണ്ട്.

ഇവയ്ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ എല്ലാം പച്ചക്കറിക്ക് വളമായാണ് ഉപയോഗിക്കുന്നത്. മഴമറകള്‍ തീര്‍ത്താണ് പച്ചക്കറി മുളപ്പിക്കുന്നത്. ഇത്തരത്തില്‍ മുളപ്പിക്കുന്ന പച്ചക്കറിത്തൈകള്‍ക്ക് മികച്ച പ്രതിരോധശേഷി നല്‍കാന്‍ കഴിയുമെന്നാണ് ചന്ദ്രന്‍ പറയുന്നത്. കരനെല്‍ക്കൃഷി ചെയ്യാന്‍ ആഗ്രഹി ക്കുന്നവര്‍ക്ക് അനുകരിക്കാന്‍ പറ്റുന്നതാണ് ചന്ദ്രന്റെ കൃഷിയിറക്കല്‍ മാതൃക.

നെല്‍ക്കൃഷിയിറക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം കിളച്ചുമറിക്കലാണ് ആദ്യപടി. പിന്നെ അരികുകള്‍ ഇടും. ഉഴുത് മറിച്ച നിലത്ത് ചാണകപ്പൊടി വിതറുന്നതാണ് അടുത്ത ജോലി. നന്നായി നനച്ചതിന് ശേഷം വിത്തിടും. വിത്തിട്ട സ്ഥലം മുഴുവന്‍ ഇളക്കിയിടും. കൃഷിയിടത്തില്‍ പിന്നെ വളപ്രയോഗങ്ങള്‍ ഒന്നുമില്ല. സ്പിംഗ്‌ളര്‍ ഉപയോഗിച്ച് ദിവസവും നനയ്ക്കും.

Content Highlights: Agriculture, Jeerakasala, Paddy, Organic Farming